Image

അര്‍ത്തുങ്കല്‍ പള്ളി പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Published on 22 February, 2018
അര്‍ത്തുങ്കല്‍ പള്ളി പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന ടി.ജി മോഹന്‍ ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളി. കേസില്‍ ശരിയായി അന്വേഷണം നടക്കണമെന്നും ഇല്ലെങ്കില്‍ അത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്നും ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം തുടരാമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേമയം, മോഹന്‍ ദാസിന്റെമൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. അര്‍ത്തുങ്കല്‍ പള്ളി നിന്ന സ്ഥലം ശിവക്ഷേത്രമാണെന്ന മോഹന്‍ ദാസിന്റെ ട്വീറ്റ് ആണ് വിവാദം ആയത്. ഇതിനെതിരെ എ.ഐ.വൈ.എഫ് നേതാവ് ജിസ്മോന്റെ പരാതിയില്‍ അര്‍ത്തുങ്കല്‍ പൊലീസ് കേസ് എടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ദാസാണ് ഹൈകോടതിയെ സമീപിച്ചത്.

അര്‍ത്തുങ്കല്‍ പള്ളി മുമ്പ് ശിവക്ഷേത്രമായിരുന്നു. ഇവിടെ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിക്കും. ഇത് വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കള്‍ ചെയ്യേണ്ടത്. അള്‍ത്താരയുടെ നിര്‍മാണത്തിനിടെ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ട് പരിഭ്രമിച്ച പാതിരിമാര്‍ ജ്യോത്സനെ കണ്ട് ഉപദേശം തേടിയിരുന്നു. അങ്ങനെ അള്‍ത്താര മാറ്റി സ്ഥാപിച്ചുവെന്നുമാണ് മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.

17ാം നൂറ്റാണ്ടില്‍ പോര്‍ചുഗീസുകാര്‍ പണിത വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ഈ ദേവാലയം പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെ ബസിലിക്കയുമാണ് അര്‍ത്തുങ്കല്‍. ജനുവരി 20ന് നടക്കുന്ന തിരുനാളില്‍ ജാതിമത ഭേദമന്യേ പതിനായിരങ്ങളാണ് എത്താറുള്ളത്.

ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ എത്തി പ്രാര്‍ഥിച്ച് നേര്‍ച്ച സമര്‍പ്പിച്ച് മാലയൂരുന്ന പതിവ് കാലങ്ങളായുള്ള ആചാരമാണ്. ക്രൈസ്തവരും മറ്റ് വിഭാഗങ്ങളും ഒരുപോലെ പവിത്രമായി കരുതുന്ന അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ സംഘ്പരിവാര്‍ നീക്കം കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമമാണെന്നാണ് ആക്ഷേപം. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക