Image

കത്തോലിക്കാ സഭാ നവീകരണം: അഞ്ചാം ടെലികോൺഫറൻസ് റിപ്പോര്‍ട്ട്

ചാക്കോ കളരിക്കല്‍ Published on 22 February, 2018
കത്തോലിക്കാ സഭാ നവീകരണം: അഞ്ചാം ടെലികോൺഫറൻസ് റിപ്പോര്‍ട്ട്
KCRM - North America -യുടെ അഞ്ചാമത്തെ ടെലികോണ്‍ഫെറന്‍സ് ഫെബ്രുവരി 14, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടുമണിക്കൂര്‍ നീണ്ടുനിന്നതും ശ്രീ എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോണ്‍ഫെറന്‍സില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നുമായി അനേകര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഇപ്രാവശ്യത്തെ ചര്‍ച്ച ' ഫ്രാന്‍സിസ് പാപ്പയും സഭാനവീകരണ യത്നങ്ങളും'' എന്ന വിഷയമായിരുന്നു. 

മൗന ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍, എഴുത്തുകാരനും മത/സാമൂഹ്യ/രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യവുമുള്ള ശ്രീ ജോസ് കല്ലിടുക്കില്‍ (ഷിക്കാഗോ) ചര്‍ച്ചാവിഷയം പണ്ഡിതോചിതമായി അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അവതരണത്തിലെ പ്രധാന ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: ഒരു ബില്ല്യനിലധികം വരുന്ന കത്തോലിക്കാ സഭാ വിശ്വാസികളുടെ വലിയ ഇടയനായി 115 കര്‍ദിനാളന്മാര്‍ ചേര്‍ന്ന് 2013 മാര്‍ച്ച് 13 -ന് അര്‍ജെന്റ്റിനാക്കാരനായ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തെരെഞ്ഞെടുത്തു. 

ചുരുങ്ങിയ കാലയളവിനുള്ളില്‍ ലോകം മുഴുവന്റെയും ആരാധാനാ പുരുഷനായി അദ്ദേഹം മാറി. സ്‌നേഹം, കരുണ, സമാധാനം, എളിമ, ലാളിത്വം തുടങ്ങിയ സദ്ഗുണങ്ങളുടെ നിറപറയും പ്രതീകവും ദൂതനുമായാണ് ലോകജനത അദ്ദേഹത്തെ വീക്ഷിക്കുന്നത്. ഈശോസഭയില്‍നിന്നും മാര്‍പാപ്പയായി ഉയര്‍ത്തപ്പെടുന്ന പ്രഥമ വൈദികനായ അദ്ദേഹം അസീസ്സിയിലെ ഫ്രാന്‍സിസ് എന്ന പുണ്യാത്മാവിന്റെ കാലടികളെ പിന്തുടരാനുള്ള ദൃഢനിശ്ചയത്തിലാണ്. ആടുകളുടെ മണമുള്ള ഇടയാനായിട്ടാണ് ലോകം അദ്ദേഹത്തെ വിലയിരുത്തുന്നത്.

കത്തോലിക്കാ സഭയ്ക്കൊപ്പം ലോകജനതയും അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളിലെല്ലാം ശക്തവും വ്യക്തവുമായ അഭിപ്രായ പ്രകടനം നടത്തുന്ന പോപ്പ് ഫ്രാന്‍സിസിന്റെ സമീപനം പലപ്പോഴും തന്റെ മുന്‍ഗാമികളില്‍നിന്നും വിഭിന്നമാണ്. പണമെന്നത് ദൈവരാജ്യത്തെ നശിപ്പിക്കുന്ന വിത്താണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സ്ഥാനമേറ്റ ശേഷം ദാരിദ്ര്യത്തിന്റെ പാത സ്വീകരിച്ചു. പേപ്പല്‍ കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് വെറും 50 ചതുരശ്ര മീറ്റര്‍മാത്രം വിസ്തൃതിയുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ അദ്ദേഹം താമസമാക്കി. പോപ്പ് ഫ്രാന്‍സിസ് സ്വീകരിച്ച ലളിത ജീവിതരീതി സഭയിലെ പട്ടക്കാര്‍ക്കും മേല്പട്ടക്കാര്‍ക്കും അനുകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് തികച്ചും നിര്‍ഭാഗ്യകരമാണ്.
കത്തോലിക്കാ സഭയുടെ മൂലധനം കോടിക്കണക്കിനുള്ള വിശ്വാസികളാണെന്ന ഉറച്ച വിശ്വാസമാണ് പോപ്പ് ഫ്രാന്‍സിസിനുള്ളത്.

 ലോകത്തിലെ ഒന്‍പതില്‍ ഒരാള്‍ പട്ടിണി അനുഭവിക്കുന്ന ഈ ലോകത്ത് 'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണ ഉള്ളവരായിരിക്കുവിന്‍' എന്നാണ് ഫ്രാന്‍സിസ് പാപ്പ അജപാലന രീതിയില്‍ പറയുന്നത്.
തികഞ്ഞ യാഥാസ്ഥിതിക മനോഭാവമുള്ളതും ഏത് പുരോഗമന ആശയത്തെയും കണ്ണുമടച്ച് എതിര്‍ക്കുകയും ചെയ്യുന്ന വിവിധ റോമന്‍ കൂരിയാകളാണ് കത്തോലിക്കാസഭയുടെ നവീകരണത്തിനും പുരോഗമനത്തിനും വിഘാതം നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞ മാര്‍പാപ്പ 2013 ഏപ്രില്‍ 13 -ന് റോമന്‍ കൂരിയായെ നവീകരിക്കാന്‍ കര്‍ദിനാളന്മാരുടെ ഒന്‍പതംഗ കമ്മീഷനെ നിയമിച്ചു. 

മതപരമായ കാര്യങ്ങള്‍ സുഗമമാക്കാന്‍ 2013 ജൂണ്‍ 24 -ന് 'ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ വര്‍ക്‌സ് ഓഫ് റിലിജിയന്‍' (Institute for works of Religion) എന്ന പേരില്‍ മറ്റൊരു കമ്മീഷനെയും നിയമിച്ചു. വത്തിക്കാന്‍ ബാങ്കിലെ സാമ്പത്തിക അഴിമതികളെ മനസ്സിലാക്കിയ പാപ്പ അതിലെ അധികാരഘടനയെ തകിടംമറിച്ച് ഒരു അഴിച്ചുപണി നടത്തി. അഴിമതി രഹിത വത്തിക്കാനാണ് അദ്ദേഹത്തിന്റെ സ്വപ്നം. ഈ സഹസ്രാബ്ദത്തില്‍ നാം കണ്ട ഏറ്റവും കര്‍മ്മനിരതനായ സഭാ പരിഷ്‌കര്‍ത്താവാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സമീപകാല മാര്‍പാപ്പമാരില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ ചൈതന്യവും സ്‌നേഹവും ഉള്‍കൊള്ളുന്ന പ്രതിപുരുഷനായി ഫ്രാന്‍സിസ് പാപ്പയെ ലോകജനത ഉറ്റുനോക്കുന്നതു കൊണ്ടാണ് അഞ്ചുവര്‍ഷം തുടര്‍ച്ചയായി ടൈം മാഗസിനിന്‍ ലോകത്തിലെ ഏറ്റവും അധികം സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടത്.

സ്ത്രീകളുടെയും ഇതര മതസ്ഥരുടെയും കാലുകള്‍ കഴുകിക്കൊണ്ട് പെസഹാ തിരുനാളിന് പുതിയയൊരു അര്‍ത്ഥവും വിശുദ്ധിയും പോപ്പ് നല്‍കി. ലോകം മുഴുവന്‍ പ്രശംസിച്ച സഹോദര്യത്തിന്റെ പ്രകടനം നല്‍കിയ ആ സന്ദേശത്തെ ഉള്‍കൊള്ളുവാനോ അനുകരിക്കാനോ സീറോ മലബാര്‍ സഭ തയ്യാറായില്ലെന്നുള്ളത് തികച്ചും ഖേദകരമാണ്. 

സര്‍വ്വമേഖലകളിലും സ്ത്രീകള്‍ ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. സഭയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെ മാര്‍പാപ്പ പ്രോത്സാഹിപ്പിക്കുന്നു. ദൈവം തന്റെ ഛായയില്‍ മനുഷ്യരെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. എന്നാല്‍ സമൂഹങ്ങളും മതങ്ങളും ദേശങ്ങളും സ്ത്രീകള്‍ക്ക് എല്ലാ രംഗങ്ങളിലും തുല്യ പരിഗണന നല്‍കുന്നില്ല. ആ സ്ഥിതിയ്ക്ക് കത്തോലിക്കാ സഭയില്‍ മാറ്റം വരണം എന്ന സൂചന പോപ്പ് ഫ്രാന്‍സിസിന്റെ നടപടികളില്‍ കാണുന്നു. പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ റെക്ടറായി ഒരു സ്ത്രീയെ മാര്‍പാപ്പ നിയമിച്ചു. വത്തിക്കാന്‍ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ത്രീപുരുഷ സമത്വ ദര്‍ശനം ആദരണീയവും അനുകരണീയവും പ്രശംസനീയവുമാണ്.

മെത്രാന്മാരുടെയും വൈദികരുടെയും പ്രഥമ ദൗത്യം പ്രാര്‍ത്ഥനയാണ്. സുവിശേഷം അവരെ സംരക്ഷിക്കുന്നു. അധികാര മനോഭാവം മെത്രാന്മാര്‍ക്കും പട്ടക്കാര്‍ക്കും പാടില്ല. എളിമയായിരിക്കണം അവരുടെ മുഖമുദ്ര. 

അരമനവാസത്തില്‍ നിന്ന് മെത്രാന്മാര്‍ പുറത്തിറങ്ങി അല്മായരുമായി ഇടപഴകണം. ഫ്രാന്‍സിസ് പാപ്പയുടെ പ്രസംഗങ്ങളിലെല്ലാം ഊന്നല്‍ നല്‍കുന്നത് പുരോഹിത ശുശ്രൂഷയ്ക്കാണ്. 'ചെമ്മരിയാടിന്റെ ഗന്ധം ധരിച്ചിരിക്കുന്ന വൈദികനെയാണ് നമുക്കുവേണ്ടത്.' എന്ന് മാര്‍പാപ്പ പറയുന്നു. വൈദികന്‍ ഒരു ഉദ്യോഗസ്ഥ മേധാവിയോ ഒരു സ്ഥാപനത്തിന്റെ വക്താവോ അല്ല. വൈദികര്‍ ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി നിയോഗിക്കപ്പെട്ടവരാണ്. സമ്പാദ്യവും പദവിയും ബഹുമതിയും അച്ചന്മാര്‍ക്ക് വേണ്ടതല്ല എന്ന സന്ദേശമാണ് മാര്‍പാപ്പ നല്‍കുന്നത്.

പ്രായപൂര്‍ത്തി ആകാത്തവരെ, പുരോഹിത ലൈംഗിക അതിക്രമത്തില്‍ നിന്നുള്ള സംരക്ഷണത്തിനു വേണ്ടി പൊന്തിഫിക്കല്‍ കമ്മീഷന്‍ സ്ഥാപിച്ചു. വേദനാജനകമായ നിരവധി ലൈംഗിക പ്രവര്‍ത്തികള്‍ വൈദികര്‍ കാണിച്ചുകൂട്ടി. മേലധികാരികള്‍ ഈ വിഷയത്തില്‍ നിരുത്തരവാദത്തോടെ പെരുമാറി. തന്മൂലം പാശ്ചാത്യ രാജ്യങ്ങളിലെ പല രൂപതകളും നഷ്ടപരിഹാരം കൊടുത്ത് സാമ്പത്തികമായി തകര്‍ന്നു. വിവാഹിത പൗരോഹിത്യത്തെപ്പറ്റി സഭാ മേലധികാരികള്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മതത്തിന്റെ പേരില്‍ കൊടും ക്രൂരതകള്‍ അരങ്ങേറാന്‍ പാടില്ലെന്ന പക്ഷത്താണ് മാര്‍പാപ്പ. മതാന്തര സംവാദത്തിന്റെയും മത സൗഹാര്‍ദ്ദത്തിന്റെയും ആവശ്യകത അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. മത നവീകരണത്തിന്റെ ഭാഗമായിരിക്കണം മതസൗഹാര്‍ദ്ദമെന്നും. ദാരിദ്ര്യത്തോടുള്ള പോരാട്ടങ്ങളും പരിസ്ഥിതി സംരക്ഷണവും മതസൗഹാര്‍ദ്ദം വഴി നേടിയെടുക്കണമെന്നും അദ്ദേഹം നമ്മെ ഉപദേശിക്കുന്നു. കേരളത്തിലെ കേഴ്വികേട്ട മതമൈത്രി അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മതസഹിഷ്ണതയും മതമൈത്രിയും ലക്ഷ്യമിട്ട് ഫ്രാന്‍സിസ് പാപ്പ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടാത്ത ആചാരങ്ങള്‍, അവ എത്ര പ്രാചീനമാണെങ്കില്‍കൂടി, പറ്റില്ലെന്ന വ്യക്തമായ കാഴ്ചപ്പാടാണ് ഫ്രാന്‍സിസ് പാപ്പയ്ക്കുള്ളത്. സമൂഹത്തില്‍ കഷ്ടതകളും പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും അനുഭവിക്കുന്ന ജനതയ്ക്കൊപ്പമാണ് താനെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ള പാപ്പ, വിവിധ ദേശങ്ങളിലുള്ള ഭരണാധികാരികളോടും സമ്പന്ന വര്‍ഗത്തോടും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

വിഷയാവതരണത്തിനുശേഷം നടന്ന ചര്‍ച്ചയില്‍ സഭയിലെ വിശ്വാസികള്‍ നിര്‍ഭയരായി, സഭയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായി മാര്‍പാപ്പയോടൊത്ത് പോരാടണമെന്ന് അഭിപ്രായപ്പെട്ടു. 'നിങ്ങള്‍ ഭയപ്പെടേണ്ട. ധൈര്യമായി പ്രതികരിക്കുക. സഭ നശിക്കുകയില്ല; നന്നാവുകയേയുള്ളൂ. സഭയെ സ്‌നേഹിക്കുന്നുയെങ്കില്‍ സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടികാണിക്കണം. അപ്പോള്‍ മാത്രമാണ് ഒരു വിശ്വാസി അവന്റെ കടമ നിര്‍വഹിക്കുന്നത്.' മാര്‍പാപ്പയുടെ ഈ വാക്കുകള്‍ ടെലി കോണ്‍ഫെറന്‍സില്‍ പങ്കെടുത്തവര്‍ ഏറ്റു പറയുന്നതുപോലെ തോന്നി. 

സഭാനവീകരണകാര്‍ക്കുള്ള സ്വര്‍ണ്ണഖനിയാണ് മാര്‍പാപ്പയുടെ ഈ വാക്കുകള്‍. കാരണം യേശുവിന് ജറുസലേം ദേവാലയത്തില്‍ അനുഭവപ്പെട്ടതു തന്നെയാണ് ഫ്രാന്‍സിസ് പാപ്പയ്ക്ക് വത്തിക്കാനിലും അനുഭവപ്പെടുന്നത്. മൂന്നാം ലിംഗക്കാരെ ദൈവത്തിന്റെ മക്കള്‍ എന്നു വിളിക്കുകയും നിരീശ്വര വാദികള്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് പരസ്യമായി പറയുകയും പത്തു വര്‍ഷത്തോളം ഒരുമിച്ചു ജീവിച്ചവരെ പറക്കുന്ന വിമാനത്തില്‍ വെച്ച് ക്രിസ്തീയ വിവാഹം നടത്തി കൊടുക്കുകയും സഭാദ്രോഹി എന്നറിപ്പെട്ടിരുന്ന മാര്‍ട്ടിന്‍ ലൂഥറെ സഭാ സ്‌നേഹിയായി കാണുകയും സ്വവര്‍ഗ്ഗ രതിക്കാരെ വിധിക്കാതിരിക്കുകയും സഭാപരമായ വിവാഹമോചന നടപടി ക്രമത്തെ ലഘൂകരിക്കുകയുമെല്ലാം ചെയ്ത ഫ്രാന്‍സിസ് പാപ്പയെ എല്ലാവരും മുക്തകണ്ഠം പ്രശംസിക്കുകയാണ് ചെയ്തത്.

കത്തോലിക്കാ സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കും അരാജകത്വത്തിനും മൂല്യച്ചുതിക്കും മുഖ്യകാരണം മേലധ്യക്ഷന്മാരിലും വൈദികരിലും പ്രകടമായിട്ടുള്ള വിശ്വാസ ശോഷണം, ലൗകിക തൃഷ്ണ, അഴിമതി, ആഡംബര ജീവിതം, അധികാരത്തോടും സ്വത്തിനോടുമുള്ള ആര്‍ത്തി എന്നിവയാണ്. ശക്തമായ നടപടികളില്‍കൂടി മാത്രമേ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുവാന്‍ കഴിയൂ. 'വെള്ളയടിച്ച കുഴിമാടങ്ങളെ' എന്ന് വെറിപൂണ്ട് യേശു ആക്രോശിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ദൗത്യത്തിലും ആ സമീപനം സ്വീകരിച്ചേ മതിയാവൂ. 

കത്തോലിക്കാ സഭയിലും സമൂഹത്തിലും മാറ്റങ്ങള്‍ അനിവാര്യമാണ്. വിശ്വാസികളുടെ അവകാശങ്ങളെ അംഗീകരിച്ച് അവരുടെ സ്വാതന്ത്യത്തെ മാനിച്ച് മുന്‍പോട്ടുകുതിക്കുന്ന ഒരു സഭയെ മാര്‍പാപ്പ വിഭാവനം ചെയ്യുന്നു. നിരര്‍ത്ഥകങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ട് കുത്തിനിറച്ചിരിക്കുന്ന നിലവിലുള്ള സഭയുടെ നല്ലഭാവിയെ അദ്ദേഹം സ്വപ്നം കാണുന്നു. സഭയെ രക്ഷിക്കാന്‍ വേണ്ടിയാണ് വിശ്വാസികള്‍ നിര്‍ഭയം പ്രതികരിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നത്. അതുകൊണ്ട് സഭാനവീകരണം എന്ന മഹത്തായ ലക്ഷ്യത്തിലേയ്ക്ക് മാര്‍പ്പാപ്പയോടൊത്ത് അചഞ്ചലമായ ആത്മധൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി നമുക്ക് മുന്നേറാം.

ഈ വരുന്ന മാര്‍ച്ചുമാസം പതിമ്മൂന്നാം തീയതി ഫ്രാന്‍സിസ് പാപ്പ കത്തോലിക്കാ സഭയുടെ പ്രധാനാചാര്യനായിട്ട് അഞ്ചുവര്‍ഷം തികയുകയാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ നവീകരണ യജ്ഞങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്യൂന്നു.

KCRM - North America- യുടെ ആറാമത് ടെലികോണ്‍ഫെറന്‍സ് മാര്‍ച്ച് 14, 2018 ബുധനാഴ്ച വൈകീട്ട് ഒന്‍പതുമണിയ്ക്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: ' പൗരോഹിത്യവും അവിവാഹിതാവസ്ഥയും'. ടെലികോണ്‍ഫെറന്‍സിലേയ്ക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.
സ്‌നേഹാദരവുകളോടെ,
ചാക്കോ കളരിക്കല്‍
(ജനറല്‍ കോര്‍ഡിനേറ്റര്‍)
ഫെബ്രുവരി 22, 2018


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക