Image

പി.എന്‍.ബി തട്ടിപ്പ്‌; പ്രതിചേര്‍ക്കപ്പെട്ട മലയാളിയെ സി.ബി.ഐ. ചോദ്യംചെയ്‌തു

Published on 23 February, 2018
പി.എന്‍.ബി തട്ടിപ്പ്‌; പ്രതിചേര്‍ക്കപ്പെട്ട മലയാളിയെ സി.ബി.ഐ. ചോദ്യംചെയ്‌തു

കല്യാണ്‍: പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ തട്ടിപ്പ്‌ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലയാളി ശിവരാമന്‍ നായരെ സി.ബി.ഐ. ചോദ്യംചെയ്‌തു. ശിവരാമന്‍ നായരുടെ കല്യാണ്‍ ഈസ്റ്റിലെ ചിഞ്ച്‌പാഡ റോഡിനടുത്തുള്ള വീട്ടില്‍ ബുധനാഴ്‌ച രാത്രി പരിശോധന നടത്തുകയും അവിടെ വച്ചു തന്നെ ചോദ്യംചെയ്യുകയുമായിരുന്നു.

പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ്‌ വിവരം. നീരവ്‌ മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ രത്‌നവ്യാപാരശാല 'ഗീതാഞ്‌ജലി ജെം'സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്‌ കേസില്‍ പത്താം പ്രതിയായ ശിവരാമന്‍ നായര്‍.

ഗീതാഞ്‌ജലി ജെംസിന്റെ അക്കൗണ്ട്‌സ്‌ വിഭാഗത്തില്‍ സാധാരണ ജീവനക്കാരന്‍ മാത്രമായിരുന്ന ശിവരാമന്‍ നായര്‍ കമ്പനിയുടെ ഡയറക്ടര്‍ പദവിയിലെത്തിയത്‌ എങ്ങിനെ എന്നത്‌ ദുരൂഹമാണ്‌. കമ്പനി ഉടമകള്‍ പറഞ്ഞിടങ്ങളിലെല്ലാം ഒപ്പുവയ്‌ക്കുക മാത്രമാണ്‌ ഡയറക്ടര്‍ എന്നനിലയില്‍ താന്‍ ചെയ്‌തിട്ടുള്ളതെന്ന്‌ ശിവരാമന്‍ നായര്‍ സി.ബി.ഐ.യോട്‌ പറഞ്ഞു.

സ്ഥാനത്തിനനുസരിച്ചുള്ള വേതനമോ ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല എന്നും ശിവരാമന്‍ നായര്‍ സി.ബി.ഐ.യോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. കമ്പനി ഡയറക്ടറുടെ ആഡംബരങ്ങളൊന്നുമില്ലാതെയാണ്‌ ശിവരാമന്‍ നായരും കുടുംബവും കഴിഞ്ഞിരുന്നതെന്ന്‌ സമീപവാസികളും പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക