Image

ജര്‍മനിയില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രം വിവാദത്തില്‍

Published on 23 February, 2018
ജര്‍മനിയില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രം വിവാദത്തില്‍

ബര്‍ലിന്‍: റഷ്യന്‍ ഇമെയില്‍ വാര്‍ത്ത വ്യാജമാണെന്നറിയാതെ പ്രസിദ്ധീകരിച്ച ജര്‍മനിയിലെ ഏറ്റവും വലിയ ദിനപത്രം ബില്‍ഡ് വിവാദത്തില്‍. സറ്റയര്‍ മാഗസിനില്‍ വന്ന വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കാതെ, വാര്‍ത്ത സത്യമാണെന്ന് വിശ്വസിച്ചാണ് ബൈല്‍ഡ് പ്രസിദ്ധീകരിച്ചത്.

ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവ് കെവിന്‍ കുനേര്‍ട്ടും റഷ്യയില്‍നിന്നുള്ള നിഗൂഢ വ്യക്തിയുമായുള്ള ഇമെയില്‍ ആശയവിനിമയങ്ങള്‍ സംബന്ധിച്ചായിരുന്നു വ്യാജ വാര്‍ത്ത. എസ്പിഡി ജര്‍മനിയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കെടുക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് കുനേര്‍ട്ട്. ഈ പശ്ചാത്തലത്തില്‍, എസ്പി ഡിയില്‍ പുതിയ ധ്രുവീകരണം എന്ന മട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം പത്തു ലക്ഷം കോപ്പികളാണ് വിതരണം ചെയ്തത്.

സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് എസ്പിഡി നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സിനെതിരേ പ്രചാരണം നടത്താനും സര്‍ക്കാര്‍ രൂപീകരണത്തിനെതിരായ കുനേര്‍ട്ടിന്റെ നിലപാടിന് പൊതുജന പിന്തുണ ആര്‍ജിക്കാനുമുള്ള ചര്‍ച്ചകളാണ് റഷ്യന്‍ ഏജന്റുമായി നടന്നതെന്നായിരുന്നു വാര്‍ത്ത. 4000  5000 യൂറോ ഇതിനായി സംഭാവന ചെയ്യാമെന്ന റഷ്യക്കാരന്റെ വാഗ്ദാനം കൂടിയായതോടെ വാര്‍ത്ത കൊഴുത്തു.

യുഎസിലെയും ഫ്രാന്‍സിലെയും റഷ്യന്‍ ഇടപെടല്‍ കത്തി നില്‍ക്കുന്ന സമയത്ത് സംഭവം ജര്‍മനിയിലെ റഷ്യന്‍ ഇടപെടല്‍ വരെയായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് വാര്‍ത്ത ആക്ഷേപഹാസ്യം മാത്രമായിരുന്നുവെന്നും അതു കോപ്പിയടിച്ച ബില്‍ഡിന് അമളി പറ്റിയതായിരുന്നുവെന്നും വ്യക്തമായത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക