Image

വിചിത്രമായ ചില നിയോഗങ്ങള്‍ (സൗഹ്രുദം: രമേഷ് പിഷാരടി-ധര്‍മ്മജന്‍)

Published on 23 February, 2018
വിചിത്രമായ ചില നിയോഗങ്ങള്‍ (സൗഹ്രുദം: രമേഷ് പിഷാരടി-ധര്‍മ്മജന്‍)
സിനിമാലയിലൂടെയാണ് ഞാനും ധര്‍മ്മജനും കൂട്ടാകുന്നത്. 'കെമിസ്ട്രി ' എന്ന വാക്കിനോട് പഠിക്കുന്ന കാലത്ത് അത്ര മമത ഇല്ലായിരുന്നെങ്കിലും ഞങ്ങള്‍ക്കിടയില്‍ അങ്ങനൊന്നുണ്ടെന്ന് കേട്ടതുമുതല്‍ ഒരിഷ്ടമൊക്കെ തോന്നിത്തുടങ്ങി. സ്വഭാവത്തില്‍ ഒരുതരം സാമ്യവും ഇല്ലെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. എന്റെ അച്ഛനും അമ്മയും സഹോദരിയും കാമുകിയും മുത്തശ്ശനും മുത്തശ്ശിയും ഭാര്യയും തുടങ്ങി വേലക്കാരനായി വരെ അഭിനയിച്ച് ധര്‍മ്മന്‍ പ്രേക്ഷകരുടെ കയ്യടി വാങ്ങിയിട്ടുണ്ട്. ലോകത്ത് മറ്റൊരു കൂട്ടുകാരനും അങ്ങനൊരു ഭാഗ്യം ഉണ്ടാകാന്‍ വഴിയില്ല. ധര്‍മ്മജന്റെ ഈ വര്‍ഷത്തെ പിറന്നാളിന് ഞങ്ങളുടെ പതിനഞ്ച് വര്‍ഷത്തെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഞാന്‍ സമ്മാനിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ് ആയത് ജനങ്ങള്‍ ഞങ്ങളുടെ കൂട്ടുകെട്ടിന് നല്‍കുന്ന അംഗീകാരമാണ്.

സൗഹൃദയാത്രയില്‍ ഒരുപാട് രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും , അധികമാര്‍ക്കും അറിയാത്തൊരു കഥ പറയാം. വിവാഹം പലരീതിയില്‍ നടക്കുമല്ലോ. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചും പ്രേമിച്ചും ഒളിച്ചോടിയുമൊക്കെ. പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹങ്ങളും കുറവല്ല. എന്നാല്‍ ഈ രീതിയിലൊന്നുമായിരുന്നില്ല ധര്‍മ്മന്റെ കല്യാണം. ഇപ്പോള്‍ വിവാഹം വേണ്ടെന്ന് പറഞ്ഞുനിന്ന അവനെ വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് പെണ്ണുകാണാന്‍ കൊണ്ടുപോയത്. പുതിയ ഡ്രസ്സ് വാങ്ങുകയോ അങ്ങനെ പ്രത്യേകം തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അനുജ എന്നൊരു പെണ്ണിനെ കാണാന്‍ പോകുന്നു എന്നുമാത്രം എന്നോട് വിളിച്ചുപറഞ്ഞു. ഏതോ ഒരു വീട്ടില്‍ ചെന്ന് ചായകുടിയും സല്‍ക്കാരവും കഴിഞ്ഞ് തിരികെ പോരാമെന്ന ലാഘവ ബുദ്ധിയോടെയാണവന്‍ ചെന്നത്. പെണ്‍കുട്ടിക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞാല്‍ എത്രയും വേഗം സ്കൂട്ടാക്കാമല്ലോ എന്ന ചിന്തയില്‍ ഇടതുകാലോ വലതുകാലോ എന്നൊന്നും ചിന്തിക്കാതെ ഏതോ ഒരു കാലെടുത്തുവെച്ച് രണ്ടും കല്‍പ്പിച്ച് വീട്ടില്‍ കയറി. പതിവ് രീതിയില്‍ ചടങ്ങുകള്‍ മുറപോലെ നടന്നു. തമ്മില്‍ സംസാരിച്ചിരിക്കെ ചെറുക്കനും പെണ്ണും തമ്മില്‍ കണ്ടു. ആദ്യകാഴ്ചയില്‍ തന്നെ അവര്‍ക്ക് തമ്മില്‍ ഇഷ്ടമായി. പ്രഥമദൃഷ്ട്യാനുരാഗം എന്നുവേണമെങ്കില്‍ വിളിക്കാവുന്ന അവസ്ഥ. രണ്ടുപേര്‍ക്കും ഇഷ്ടമായ സ്ഥിതിക്ക് സ്വാഭാവികമായും ആ കല്യാണം നടക്കും. പക്ഷെ സംഭവിച്ചത് അതല്ല. ഇരുവീട്ടുകാര്‍ക്കും ഇടയില്‍ എന്തോ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് ഈ വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ മുതിര്‍ന്നവര്‍ ഉറച്ചുനിന്നു.

ഒരു ദിവസം രാവിലെ ഉറങ്ങി എണീറ്റപ്പോള്‍ ധര്‍മ്മനൊരു തോന്നല്‍. അനുജയെ വിളിച്ചിറക്കി കൊണ്ടുവന്ന് താലികെട്ടിയാലോ? അവന്റെ സ്വഭാവം അംഗമാണ്. മുന്‍കൂട്ടി ചിന്തിച്ചൊരു കാര്യം ചെയ്യില്ല. ആ നിമിഷം എന്തുതോന്നുന്നോ , അതാണ് തീരുമാനം. തലേന്ന് രാത്രി പ്രോഗ്രാം കഴിഞ്ഞ് പിരിയും വരെ അവളെ മറക്കാന്‍ പറ്റുന്നില്ലെന്നൊക്കെ പറഞ്ഞെങ്കിലും ഇങ്ങനൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ആ തോന്നലിന്റെ ബലത്തില്‍ ഭവിഷ്യത്തുകളെക്കുറിച്ചൊന്നും ചിന്തിക്കാതെ രണ്ടുപേരും ഒളിച്ചോടി. ശക്തമായ എതിര്‍പ്പായിരുന്നു വീട്ടുകാരുടെ ഭാഗത്തുനിന്ന്. ധര്‍മ്മജന് എല്ലാത്തിനും കൂട്ട് ആ പിഷാരടി ആണെന്ന് നാട്ടിലൊരു കുപ്രസിദ്ധി നില സാഹചര്യത്തില്‍, നിരപരാധിയായ ഞാനാണ് ഇതിന്റെ സൂത്രധാരനെന്ന് എല്ലാവരും കരുതി.

മാസങ്ങള്‍ കടന്നുപോയി. ധര്‍മ്മനൊരു കുഞ്ഞുണ്ടായതോടെ പ്രശ്‌നങ്ങളുടെ മഞ്ഞുമല ഒരുവിധം ഉരുകി. അനുജയുടെ വീട്ടില്‍വെച്ച് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങുനടത്താണ് ധാരണയായെന്ന് സന്തോഷത്തോടെ ധര്‍മ്മനെന്നെ വിളിച്ചറിയിച്ചു.
ചടങ്ങിനെത്തണമെന്ന് പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് ഞാന്‍ തീയതി ഓര്‍ത്തുവെച്ച് , അവന്റെ ഭാര്യവീട്ടിലേക്ക് കയറിച്ചെന്നു. ധര്‍മ്മജന്‍ അവിടെയില്ല. എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല. പരിചയമുള്ള ആരുമില്ലാത്ത ആ വീട്ടില്‍ അസ്വസ്ഥനായി ഞാനിരിക്കുന്നതുകണ്ട് ധര്‍മ്മന്റെ അലിയാണെന്നേ നോക്കുന്നുണ്ട്. ആള് പോലീസിലാണ്. എന്റെ പെങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ നീ ആയിരുന്നല്ലേ കൂട്ട് എന്ന് ആ കണ്ണുകള്‍ എന്നോട് ചോദിക്കുംപോലെ തോന്നി. ആരും കാണാതെ അല്പം മാറിനിന്ന് ഞാന്‍ ധര്‍മ്മനെ ഫോണില്‍ വിളിച്ചു. മൂന്ന് നാല് പ്രാവശ്യം െ്രെട ചെയ്തശേഷമാണ് കിട്ടിയത്." നീ ഇതെവിടെയാ? ചടങ്ങിന് ആളുകളൊക്കെ എത്തി. ഞാനിവിടെ നിന്റെ ഭാര്യവീട്ടില്‍ പോസ്റ്റായിരിക്കുവാ. വേഗം വരുന്നുണ്ടോ നീ..." എന്നൊക്കെ ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.

" അതേ ... ഞാനൊരു കൂട്ടുകാരന്റെ സിഡി കടയുടെ ഉദ്ഘാടനം ഏറ്റിരുന്നെടാ. ഞാന്‍ അവിടെ നില്‍ക്കുവാ ... കൊച്ചിന്റെ പേരിടലിന്റെ ദിവസമാന്ന് ഓര്‍ക്കാതെയാ ഡേറ്റ് കൊടുത്തത്."

ആ മറുപടികേട്ടെന്റെ കിളി പോയി. "ഒരു ചെറിയ പ്രശ്‌നമുണ്ട്". ധര്‍മം തുടര്‍ന്നു.

ഇതിലും വലിയ എന്തുപ്രശ്‌നമെന്നു ചോദിക്കും മുന്‍പ് അവന്‍ പറഞ്ഞു:" നീ ഉടനിങ്ങ് വരണം. നമ്മള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്തുകൊടുക്കാമെന്നാ ഞാന്‍ വാക്കുകൊടുത്തത്."

എനിക്കത് കേട്ട് അവനെ തല്ലാനാണോ കൊല്ലാനാണോ ചിരിക്കാനാണോ തോന്നിയതെന്ന് ഓര്‍മ്മയില്ല. ഉടന്‍ തന്നെ വണ്ടിയെടുത്ത് ഞാന്‍ ഉദ്ഘാടന സ്ഥലത്തെത്തി. പേരിടലിന്റെ മുഹൂര്‍ത്തമായപ്പോള്‍, ധര്‍മ്മന്റെ ചേട്ടന്‍ കുഞ്ഞിനെ മടിയിലിരുത്തി ഒരുകയ്യില്‍ വെറ്റില വെച്ച് മറ്റേ കയ്യില്‍ ഫോണ്‍ പിടിച്ച് ധര്‍മ്മനെ വിളിച്ചു. " കൊച്ചിനെന്ത് പേരിടും?" പ്രതീക്ഷിക്കാത്ത എന്തോ ചോദിച്ചതുപോലെ ഞെട്ടലോടെ അവന്‍ ആ ചോദ്യം എന്റെനേര്‍ക്ക് ഒരു ബാണം പോലെ തൊടുത്തുവിട്ടു. " എന്തായാലും വൈകി, കൊച്ചിന് വൈഗ എന്ന് പേരിട്" എന്നു ഞാന്‍ തമാശയ്ക്ക് പറഞ്ഞു. ലോട്ടറി അടിച്ചതുപോലുള്ള സന്തോഷത്തോടെ അവന്‍ ആ പേര് ചേട്ടനോട് പറഞ്ഞു. അങ്ങനെ ധര്‍മ്മന്റെ മൂത്ത മകള്‍ വൈകയായി. ഇളയ മകളുടെ കാര്യം വന്നപ്പോഴും " പറ്റിയ പേരൊന്നും കിട്ടിയില്ല, നീ ഒരു പേര് പറ" എന്നും പറഞ്ഞ് ധര്‍മ്മനെന്നെ ഫോണ്‍ ചെയ്തു. " ഒരാള്‍ക്ക് പേരിട്ടില്ലേ, ഇനി വേണ്ട" എന്ന് ഞാന്‍ പറഞ്ഞു. 'വേണ്ട' എന്നുള്ളത് 'വേദ' എന്നാണ് ധര്‍മ്മനു തിരിഞ്ഞത്. ഇളയ കുട്ടിക്ക് വേദ എന്നു പേരിടുകയും ചെയ്തു . കൂട്ടുകാരന്റെ രണ്ടുമക്കള്‍ക്ക് പേരിടാനുള്ള നിയോഗം അങ്ങനെ യാദൃച്ഛികമായി എനിക്കുണ്ടായി.

(മീട്ടു റഹ്മത്ത് കലാം )
കടപ്പാട്: മംഗളം 
വിചിത്രമായ ചില നിയോഗങ്ങള്‍ (സൗഹ്രുദം: രമേഷ് പിഷാരടി-ധര്‍മ്മജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക