Image

പ്രബുദ്ധ കേരളം വെറും മിഥ്യയോ? (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 24 February, 2018
പ്രബുദ്ധ കേരളം വെറും മിഥ്യയോ? (ഷോളി കുമ്പിളുവേലി)
'പ്രബുദ്ധ കേരളം,' സാംസ്‌കാരിക കേരളം' എന്നീ പദപ്രയോഗങ്ങള്‍ മലയാളി സ്ഥാനത്തും ആസ്ഥാനത്തും ഉപയോഗിക്കാറുണ്ട്! നമ്മുടെ നൂറുശതമാനം സാക്ഷരതയിലും, ആരോഗ്യ പരിപാലനരംഗത്തെ വളര്‍ച്ചയിലും ഒക്കെ നാം അഹങ്കരിക്കാറുമുണ്ട്. ഉത്തരേന്ത്യയില്‍ നടക്കുന്ന ജാതി-മത-രാഷ്ട്രീയ അനാചാരങ്ങളേയും, പേക്കൂത്തുകളേയും ആവേശത്തോടെ വിമര്‍ശിക്കുകയും ചെയ്യുന്ന മലയാളി ഒരു ആത്മശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു1!

അട്ടപ്പാടി ആദിവാസി കോളനിയിലെ മധുവെന്ന, മാനസിക വൈകല്യമുള്ള യുവാവ് വിശപ്പടക്കാന്‍ ഒരു നേരത്തേക്കുള്ള അരി മോഷ്ടിച്ചതിന്(അങ്ങനെ പറയുന്നതുപോലും ശരിയല്ല) കുറച്ച് ചെറുപ്പക്കാര്‍ സദാചാര പോലീസ് ചമഞ്ഞ്, ആ യുവാവിനെ കെട്ടിയിട്ട്, ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു!! നമ്മുടെ തലമുറക്ക് ഇത്രയും ക്രൂരന്മാരാകാന്‍ കഴിയുമോ?
ഒരു നാടിന്റെ നട്ടെല്ലാണ് ആ നാട്ടിലെ യുവാക്കള്‍! സാമൂഹിക തിന്മകല്‍ക്കെതിരെ പ്രതികരിക്കേണ്ടവര്‍, നാളെ ഈ നാടിനെ നന്മയിലേക്ക് നയിക്കേണ്ട നമ്മുടെ യുവാക്കള്‍, പാവം ഒരു ആദിവാസി യുവാവിനെ കെട്ടിയിട്ടു തല്ലുകയും, മരണവേദനയില്‍ അയാള്‍ കരയുമ്പോള്‍ കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ലജ്ജകൊണ്ട് ഓരോ മലയാളിയും തലകുനിക്കേണ്ടി വരുനനു. അതിലുപരി നമ്മുടെ യുവാക്കളില്‍ വളര്‍ന്നു വരുന്ന ഈ മനോഭാവം കാണുമ്പോള്‍, നമ്മള്‍ കൂടുതല്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിര്‍ധനരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ എത്ര നാടോടികളും, അന്യനാട്ടുകാരും നമ്മുടെ യുവാക്കളുടെ കൈക്കരുത്ത് അറിഞ്ഞു!! ഭൂരിഭാഗവും അക്രമങ്ങളും ഒരു കാര്യവുമില്ലാതെ ഊഹാപോകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. വഴിയെ നടക്കുനന പാവപ്പെട്ട ഭിന്നലിംഗക്കാര്‍ ഒരു കാര്യവുമില്ലാതെ ആക്രമിക്കപ്പെടുന്നു.

എന്നാല്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവനെ തല്ലിക്കൊല്ലുന്ന നമ്മള്‍, കോടികള്‍ തട്ടിയെടുക്കുന്ന പ്രമാണിമാരെ കാണുമ്പോള്‍, ബഹുമാനം കൊണ്ട് ഉടുമുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുകയും, ആദരപൂര്‍വ്വം വണങ്ങുകയും, കൂടെ നിന്ന്  ഫോട്ടോ എടുക്കുകയും, തൊണ്ടകീറി അവര്‍ക്കു വേണ്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍, നമ്മള്‍, മലയാളികളുടെ കാപട്യവും കപട സദാചാരവുമാണ് പുറത്തുവരുന്നത്.

ആദിവാസികളുടെ പുന:രുദ്ധാരണത്തിനായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കോടിക്കണക്കിന് ഫണ്ട് കൊടുക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പത്തിലൊന്നുപോലും ആ മേഖലകളില്‍ ചെലവഴിക്കാറില്ല! പലപ്പോഴും,  മറ്റ് സ്ഥലങ്ങളിലാണ് ഈ ഫണ്ടുകള്‍ വക മാറ്റി ചെലവഴിക്കുന്നത്. ചുരുക്കത്തില്‍, ഈ പാവങ്ങളെ കബളിപ്പിച്ച് നമ്മള്‍ 'മിടുക്കന്മാര്‍' അവരുടെ മുതലും തട്ടിയെടുക്കുന്നു. ആദിവാസി കോളനികളില്‍ പട്ടിണിയും, മരണവും തുടരുകയും ചെയ്യുന്നു! മധുവിന്റെ രക്തസാക്ഷിത്വം അധികാരികളുടെ മാത്രമല്ല, മുഴുവന്‍ മലയാളികളുടെയും കണ്ണ് തുറപ്പിക്കട്ടെ!

പ്രബുദ്ധ കേരളം വെറും മിഥ്യയോ? (ഷോളി കുമ്പിളുവേലി)
Join WhatsApp News
അനിൽ 2018-02-24 10:29:27
ലജ്ജാവതിയുടെ കള്ളകടക്കണ്ണിൽ, കണ്ണിറുക്കലിൽ, കട്ടോണ്ടുപോയ ജിമുക്കി കമ്മലിൽ 
അഭിരമിക്കുന്നവർ 

വിശന്നപ്പോൾ അരി മോഷ്ടിച്ച മധുമക്കളെ ഇഞ്ചിഞ്ചായി ചതച്ചു 
പരലോകത്തേക്കയച്ചവർ

സ്വന്തം പാർട്ടിയുടെ മുദ്രാവാക്യം വിളിച്ചു എന്ന കുറ്റത്തിന് ഷുഹൈബുമാർക്ക് 
ക്യാപിറ്റൽ പണിഷ്മെൻറ് വിധിച്ചവർ 

പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വരുന്നവനു കയറിൽ തൂങ്ങുന്ന 
വരവേൽപ്പ് നൽകുന്നവർ 

കേരളം എന്തുകൊണ്ട് നന്നാവുന്നില്ല....? എന്ന ചോദ്യത്തിന് പ്രസക്തിയില്ല.
കാരണം വർഷങ്ങളായി ഇതേ ചോദ്യം വീണ്ടും വീണ്ടും മുഴങ്ങുന്നു.

ഇനിയും ആവർത്തിച്ചുകൊണ്ടേയിരിക്കും.

എത്രയും പെട്ടന്ന് കേരളത്തിൽ നിന്ന് രക്ഷപ്പെട്ടാൽ, അത്രയും നല്ലത്.
sunu 2018-02-24 19:40:06
കാരൂർ നീലകണ്ഠപിള്ള എന്ന് എഴുതുക. കാരണം വലിയവന്റെ പേരെടുത്തു സാഹിത്യ മോഷണം നടുത്തുന്ന കുറെ എഴുത്തുകാർ ഇപ്പോഴുണ്ട്. കാരൂരും കാക്കനാടനും ഒന്നും ഇക്കാലത്തു ശരിയല്ല.
വായനകാരി 2018-02-24 19:49:49
നല്ല  വീഷണം  ശശി മാഷ് .
കട്ട് തിന്നുന്നവര്‍  അനേകം . you quoted Soman in irony or accidentally ?
whatever, you said it great.

ഡോ.ശശിധരൻ 2018-02-24 19:15:13

കാരൂരിന്റെ പൊതിച്ചോറ് എന്ന അതിസുന്ദരമായ കഥയിൽ   അദ്ധ്യാപകൻ താൻ പഠിപ്പിക്കുന്ന കുട്ടിയുടെ പൊതിചോറ് കട്ടുതിന്നതിന്റെ  അങ്ങേയറ്റത്തെ ഹീനമായ കൂറ്റം യഥാർത്ഥത്തിൽ  അദ്ധ്യാപകന്റെ കുറ്റംകൊണ്ടല്ല  മറിച്ചു സ്കൂളിലെ അദ്ധ്യാപകരുടെ ശമ്പളം കട്ട് തിന്നുന്ന സ്കൂൾ മാനേജരുടെ  കുറ്റം കൊണ്ടാണ് .അതുപോലെയാണ് വനവാസിയായ മധു എന്ന ചെറുപ്പക്കാരൻ അരി കട്ടതിന്റെ കുറ്റം  അവന്റെ കുറ്റം കൊണ്ടല്ല  അവന്റെ അരി വാങ്ങാനുള്ള പണം വകുപ്പ് മന്ത്രി കട്ടതു്കൊണ്ടാണ് .അഞ്ഞുറു കോടി രൂപയാണ് ആദ്യവാസികളുടെ ക്ഷേമത്തിനായി ചിലവഴിച്ചിട്ടുള്ളത് .വനവാസിയായ ആദിവാസി നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്നും ,ആര്ഷസംകാരത്തിന്റെ ആദ്യതുടക്കം അവരിൽ നിന്നാണെന്നു അംഗീകരിക്കാനും കഴിയാതെ ആദിവാസി ഒന്നുകിൽ ഒരു അപരിഷ്‌കൃതൻ ,അല്ലെങ്കിൽ അധഃകൃതൻ അല്ലെങ്കിൽ ഒരു സഹതാപത്തിന്റെ  കാഴ്ച്ച്ചവസ്തു എന്ന യാഥാർഥ്യത്തിനപ്പുറത്തു അവനുള്ള സാധാരണ അംഗീകാരം ഇന്നും  നമുക്ക് നൽകാൻ കഴിയുന്നില്ല .നിയമ സഭയിലെ ചോദ്യോത്തര വേളയിൽ എത്ര ഹീനമായ രീതിയിലാണ്  സാംസ്‌കാരിക വകുപ്പ് മന്ത്രി ആദ്യവാസികളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടുള്ളത് .അഴിമതിയാണ് കേരളത്തിന്റെ  ഇപ്പോഴത്തെ ഏറ്റുവം വലിയ പ്രശ്‍നം.ആദിവാസികൾക്ക് ലഭിച്ചിട്ടുള്ള കേന്ദ്ര കേരള ബഡ്ജറ്റുകളിൽ  ക്ഷേമ  വികസന പ്രവർത്തനങ്ങളുടെ ആവിശ്യത്തിനായി നീക്കിവെച്ചിട്ടുള്ള പണം എന്ത് ചെയ്യുന്നു ?എല്ലാ മനുഷ്യ വികാസപരിപാടികളുടെയും അത്താണിയെന്നത് അവയുടെ സമയബന്ധിതമായ ,അടിയന്തരപ്രാധാന്യമായ  കാര്യനിർവ്വഹണമാണ്‌.ഇതിൽ  ആദ്യവാസികളുടെ ക്ഷേമം കൈകാര്യം ചെയ്യുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി ബാലൻ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു .ഇത്രയേറെ അഴിമതി നിറഞ്ഞ മറ്റൊരു വകുപ്പ് കേരളത്തിലില്ല .

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക