Image

വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുപോകുന്നതിന് എയര്‍ലൈനുകളില്‍ നിയന്ത്രണം

ഏബ്രഹാം തോമസ് Published on 24 February, 2018
വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുപോകുന്നതിന് എയര്‍ലൈനുകളില്‍ നിയന്ത്രണം
വളര്‍ത്തു മൃഗങ്ങളുമായി യാത്രക്കാര്‍ വിമാനയാത്രയ്‌ക്കെത്തുന്നതില്‍ ഇനി മുതല്‍ നിയന്ത്രണം വരുന്നു. തങ്ങള്‍ക്കൊപ്പം ഉള്ളത് ഒരു ഇമോഷനല്‍ സപ്പോര്‍ട്ട് ആനിമല്‍ ആണെന്നാണ് വളര്‍ത്തു മൃഗങ്ങളെ ഒപ്പം കൊണ്ടു പോകുന്നതിനു യാത്രക്കാര്‍ പറയുന്ന ന്യായം. മുന്‍പൊക്കെ കാഴ്ചയ്ക്ക് പരിമിതികള്‍ ഉള്ളവരെ സഹായിക്കുന്ന നായ്ക്കള്‍ സാധാരണ കാഴ്ച ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നായ്കുട്ടി, മയില്‍, മുയല്‍ എന്നിവയെല്ലാം യാത്രക്കാര്‍ക്കൊപ്പം പറക്കാന്‍ എത്തുന്നു. ഇവയെ വിലക്കുന്ന വാര്‍ത്തകള്‍ ദിവസേന പുറത്തു വരുന്നു.

സമീപ കാലത്ത് ഒരു ചെറിയ മുയലുമായി എത്തിയ യുവതിക്ക് അതിനെ വിമാനത്തിലെ ടോയ്‌ലറ്റില്‍ ഫ്‌ലഷ്, ചെയ്യേണ്ടിവന്നതും അതിനെതിരെ യാത്രക്കാരി സ്പിരിറ്റ് എയര്‍ലൈനെയും ജീവനക്കാരെയും പ്രതികളാക്കി കേസ് ഫയല്‍ ചെയ്തതും വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പുറപ്പെടുവിച്ചിരിക്കുന്ന വാര്‍ത്താകുറിപ്പില്‍ ഇമോഷനല്‍ സപ്പോര്‍ട്ട് ആനിമല്‍സിനെ യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കുന്ന നയം പുനഃപരിശോധിക്കുകയാണെന്ന് പറയുന്നു. ഇതിന് എയര്‍ലൈനിനെ പ്രേരിപ്പിച്ച സംഭവം ഇതാണ്. ഫീനിക്‌സില്‍ നിന്ന് ഓറഗോണിലെ പോര്‍ട്ട് ലാന്‍ഡിലേയ്ക്കുള്ള ഫ്‌ലൈറ്റ് 1904 ല്‍ യാത്ര ചെയ്യുവാനെത്തിയ ഒരു ആറു വയസുകാരിയെ മറ്റൊരു യാത്രക്കാരനൊപ്പം ഉണ്ടായിരുന്ന സപ്പോര്‍ട്ട് ഡോഗ് ആക്രമിച്ചു. കുട്ടിക്കു പരുക്കേറ്റു. എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ പരിചരണം ഉറപ്പാക്കിയ എയര്‍ലൈന്‍ നായയെയും ഉടമസ്ഥനെയും കയറ്റാതെ ഫ്‌ലൈറ്റ് പോകാന്‍ അനുവദിച്ചു.

ഈ സംഭവത്തിനു ശേഷമാണു യാത്രക്കാര്‍ക്കൊപ്പം കൊണ്ടുവരുന്ന വളര്‍ത്തു മൃഗങ്ങളോടുള്ള പുനഃപരിശോധന നടത്തുന്നത്.

കഴിഞ്ഞ മാസം ഡെല്‍റ്റ എയര്‍ലൈന്‍സ് തങ്ങളുടെ നയം പുതുക്കി. കാരണം സര്‍വീസ് അല്ലെങ്കില്‍ സപ്പോര്‍ട്ട് മൃഗങ്ങളുമായി ബന്ധപ്പെട്ട് 84 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു. പുതിയ നയം അനുസരിച്ച് തങ്ങളുടെ സപ്പോര്‍ട്ട് വളര്‍ത്തു മൃഗങ്ങളെക്കുറിച്ച് ആവശ്യമായ രേഖകള്‍ യാത്രയ്ക്ക് 28 മണിക്കൂറിന് മുന്‍ എയര്‍ലൈനില്‍ ഹാജരാക്കിയിരിക്കണം. 2016 ല്‍ ഡെല്‍റ്റയില്‍ പറന്ന സപ്പോര്‍ട്ട് ആനിമല്‍സ് 43,000 ആയിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 76,000 ആയി ഉയര്‍ന്നു.

തങ്ങളുടെ യാത്രക്കാര്‍ക്കൊപ്പം എത്തുന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം 15% വര്‍ധിച്ചതിനാല്‍ അമേരിക്കന്‍ എയര്‍ലൈന്‍സും നയം പുനഃപരിശോധിക്കുക യാണ്. സൗത്ത് വെസ്റ്റ് തങ്ങളുടെ ഫ്‌ലൈറ്റുകളില്‍ സഞ്ചരിച്ച സപ്പോര്‍ട്ട് ആനിമല്‍സിന്റെ എണ്ണം പുറത്തുവിട്ടിട്ടില്ല. എങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ക്രമാതീതം ഉയര്‍ന്നതായി പറഞ്ഞു. എന്തെല്ലാം രേഖകളാണ് തങ്ങള്‍ക്കൊപ്പം ഉള്ള വളര്‍ത്ത് മൃഗത്തെക്കുറിച്ചു ഹാജരാക്കേണ്ടത് എന്നു പറയുന്നില്ലെങ്കിലും ബോര്‍ഡിങ്ങിനെത്തുമ്പോള്‍ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി പ്രതീക്ഷിക്കുന്നു എന്നു പറയുന്നു.

മോശം പെരുമാറ്റം ദൃശ്യമായ വളര്‍ത്തുമൃഗങ്ങളെയും അസാധാരണവും വിചിത്രവുമായ മൃഗങ്ങളെയും പറക്കുവാന്‍ അനുവദിക്കുകയില്ല. അണ്ണാന്‍, തുരപ്പന്‍കീരി, എട്ടുകാലി, ഇഴജന്തു, മുയല്‍ എന്നിവയെ വൈകാരിക ആശ്വാസ വളര്‍ത്തു മൃഗമായി ഒപ്പം കൊണ്ടു പോകാന്‍ യാത്രക്കാരെ അനുവദിക്കില്ലെന്ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക