Image

രണ്ടുനിലവറ കൂടി തുറന്നു; കിരീടങ്ങള്‍ ഉള്‍പ്പെടെ 350 കോടിയുടെ ആസ്തികൂടി

Published on 29 June, 2011
രണ്ടുനിലവറ കൂടി തുറന്നു; കിരീടങ്ങള്‍ ഉള്‍പ്പെടെ 350 കോടിയുടെ ആസ്തികൂടി

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടുനിലവറകള്‍ കൂടി പരിശോധിച്ചപ്പോള്‍ വജ്രങ്ങള്‍ പതിച്ച കിരീടങ്ങളും മരതകം പതിച്ച 400 സ്വര്‍ണമാലകളും ഉള്‍പ്പെടെ 350 കോടിയുടെ സ്വര്‍ണവും വെള്ളിയും കണ്ടെത്തി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം നിയോഗിച്ച ഏഴംഗ കമ്മീഷന്‍ നടത്തിയ കണക്കെടുപ്പിലാണ് കോടികളുടെ ആസ്തി തിട്ടപ്പെടുത്തിയത്. ശരപ്പൊളി മാലകളില്‍ മരതകങ്ങള്‍ പതിച്ചിട്ടുണ്ടായിരുന്നു. വജ്രങ്ങള്‍ പതിച്ച ഏഴ് ബ്രേസ്‌ലെറ്റുകള്‍, നരസിംഹമൂര്‍ത്തിക്കും പ്രധാനദേവനും ചാര്‍ത്തുന്ന കിരീടങ്ങള്‍, രണ്ട് തിരുവാഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ക്ഷേത്രത്തിലെ ആറ് അറകളില്‍ വ്യാസര്‍കോണ്‍ കല്ലറ തിങ്കളാഴ്ച തുറന്നിരുന്നു. ഇവിടെ 450 കോടിയുടെ സ്വര്‍ണവും വെള്ളിയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച മൂന്ന് അറകള്‍ പരിശോധിക്കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരുന്നതെങ്കിലും സമയക്കുറവ് കാരണം രണ്ടറകള്‍ മാത്രമേ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞുള്ളൂ. ഡി, എഫ് എന്നീ അറകളാണ് ചൊവ്വാഴ്ച തുറന്നത്. വിലപിടിച്ച രത്‌നങ്ങള്‍ പതിച്ച സ്വര്‍ണക്കിരീടം, സ്വര്‍ണവും വെള്ളിയും പതിച്ച ചതുര്‍ ബാഹു അങ്കി, സ്വര്‍ണത്തില്‍ തീര്‍ത്ത ഏഴ് പനിനീര്‍ക്കുപ്പി, ചന്ദനത്തിരി കത്തിച്ചുവെയ്ക്കുന്നതിനുള്ള സ്വര്‍ണ സ്റ്റാന്‍ഡ്, മൂന്ന് നാഗപത്തി, ഒരു സ്വര്‍ണത്തട്ടം, മഹാവിഷ്ണു അങ്കി, സ്വര്‍ണമണികള്‍, സ്വര്‍ണത്തില്‍ പൊതിഞ്ഞ ശംഖുകള്‍, സ്വര്‍ണവില്ല് തുടങ്ങിയവയാണ് ഈ അറകളില്‍ ഉണ്ടായിരുന്നത്.

ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കും വിശേഷദിവസങ്ങള്‍ക്കും ഉപയോഗിക്കുന്ന സ്വര്‍ണത്തിലെയും വെള്ളിയിലെയും പൂജാസാമഗ്രികളാണിവ. തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന എഫ് നിലവറയുടെ താക്കോല്‍ തെക്കേടത്ത് നമ്പിയുടെ പക്കലായിരുന്നു. ഇദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തിലാണ് ഈ അറ തുറന്നത്. ദേവന് ചാര്‍ത്തുന്ന തിരുവാഭരണങ്ങളായതിനാല്‍ ക്ഷേത്രാചാരപ്രകാരം മറ്റുള്ളവര്‍ തൊട്ട്അശുദ്ധിയാക്കാന്‍ പാടില്ല. അതിനാല്‍ ഇതിന്റെ എണ്ണവും തൂക്കവും കമ്മീഷന്റെ സാന്നിധ്യത്തില്‍ നമ്പിതന്നെ തിട്ടപ്പെടുത്തി.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഡി നിലവറ വര്‍ഷത്തില്‍ അഞ്ച് തവണ തുറക്കാറുണ്ട്. പൈങ്കുനി, അല്‍പ്പശി ഉത്സവങ്ങള്‍ക്കും വിശേഷാല്‍ പൂജകളായ രണ്ട് കളഭത്തിനും കലശാഭിഷേകത്തിനുമാണ് തുറക്കാറുള്ളത്.

ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ കമ്മീഷന്‍ അംഗങ്ങളായ മുന്‍ ഹൈക്കോടതി ജഡ്ജിമാരായ എം.എന്‍. കൃഷ്ണന്‍, സി.എസ്. രാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. റജികുമാര്‍, തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധി എം. രവിവര്‍മ, കേസിലെ വാദിയായ ടി.പി. സുന്ദര്‍രാജന്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തൂക്കവും മാറ്റും പരിശോധിക്കാന്‍ ബാങ്കുകളില്‍ നിന്നുള്ള മൂന്ന് അപ്രൈസര്‍മാരും ഉണ്ടായിരുന്നു. ഇവര്‍ തൂക്കി തിട്ടപ്പെടുത്തുന്ന സാധനങ്ങള്‍ കമ്മീഷന്‍ അംഗങ്ങളെ ബോധ്യപ്പെടുത്തിയശേഷം ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി. പരിശോധനയ്ക്കുശേഷം ജഡ്ജിമാര്‍ ഈ രജിസ്റ്ററുകള്‍ ഒപ്പം കൊണ്ടുപോയി. മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയായശേഷം ഇവ കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിക്കും.

നിത്യപൂജകള്‍ക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന 'ഇ' നിലവറ ബുധനാഴ്ച പരിശോധിക്കാനാണ് തീരുമാനം. ഇതിന്റെ താക്കോല്‍ ക്ഷേത്രത്തിലെ പെരിയ നമ്പിയുടെ പക്കലാണ്.

നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതപ്പെടുന്ന എയും ബിയും വെള്ളിയാഴ്ച തുറക്കാനായിരുന്നു മുന്‍ തീരുമാനം.  എട്ടടി വ്യാസമുള്ള ഈ നിലവറകളുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. ഈ അറകളില്‍ വായുസഞ്ചാരം കുറവാണെന്നും പഴമക്കാര്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക