Image

കാടു കവര്‍ന്നവര്‍ കാടിന്റെ മകനെ കള്ളനാക്കി (മോന്‍സി കൊടുമണ്‍)

Published on 25 February, 2018
കാടു കവര്‍ന്നവര്‍ കാടിന്റെ മകനെ കള്ളനാക്കി (മോന്‍സി കൊടുമണ്‍)
കാടിന്റെ സമ്പത്ത് കവര്‍ന്നെടുത്തിട്ട് കാടിന്റെ മകനെ കള്ളനെന്നു മുദ്രകുത്തി തല്ലിക്കൊല്ലുന്ന കാടത്തം നിറഞ്ഞ കേരളത്തിന്റെ മക്കളോട്....

ഉത്തരേന്ത്യന്ന അപരിഷ്കൃത സംസ്ഥാനത്തോട് കിടപിടിക്കാന്‍ നിങ്ങള്‍ തുനിയരുത്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നു പറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്രയും ക്രൂരവും പൈശാചികവുമായ ഒരു സംഭവം നടന്നതില്‍ അതിയായ വേദന തോന്നുന്നു. മായമില്ലാത്ത മധുരമുള്ള തേനും, വിഷമില്ലാത്ത പച്ചക്കറികളും, നല്ല കാട്ടുപഴങ്ങളും, വനസമ്പത്തും, ആയുര്‍വേദ മരുന്നുകളും നമുക്ക് നല്‍കി നമ്മെ പരിപോഷിക്കുന്ന കാടിന്റെ മക്കളോട് കാട്ടിയ കൊടിയ ക്രൂരത ഒരിക്കലും സഹിക്കാവുന്നതല്ല. 22 കോടിയോളം രൂപ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുടക്കിയിട്ടും അട്ടപ്പാടി എന്ന ഗ്രാമത്തില്‍ 700 മനോരോഗികള്‍ ചികിത്സ ലഭിക്കാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്. അതുപോലെ ചോരക്കുഞ്ഞുങ്ങളുടെ നിരന്തരമായ മരണം നമ്മെ വേദനിപ്പിക്കുന്നുണ്ട്.

ടണ്‍ കണക്കിന് അരിച്ചാക്കുകള്‍ കെട്ടിക്കടന്ന് അഴുകിയ ഒരു സംസ്ഥാനത്ത് ഒരുപിടി അന്നം വിശപ്പടക്കാന്‍ മോഷ്ടിച്ചവന് വെള്ളംപോലും നല്‍കാതെ തല്ലിക്കൊന്നതിന്റെ വീഡിയോ എടുത്ത് വൈറലാക്കുന്ന കാപാലികര്‍ കേരളത്തിന് ആപത്തായി മാറുന്നു.

ഇവിടെ ഒരു ആദിവാസി കൊല്ലപ്പെട്ടതിനേക്കാള്‍ നമുക്ക് ഭയക്കേണ്ടത് ചൂരലുമായി തെരുവില്‍ സദാചാര പോലീസ് ചമഞ്ഞു നടക്കുന്ന കപട സദാചാരന്മാരായ ഒരുപറ്റം എമ്പോക്കികളെയാണ്. കേരളത്തില്‍ പണ്ട് നക്‌സലൈറ്റുകള്‍ പരസ്യമായി വിചാരണ ചെയ്ത് കുറ്റവാളികളെ ശിക്ഷിക്കുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനാണ് ഈ കാടത്തം നിര്‍ത്തലാക്കി നാടിനെ രക്ഷിച്ചത്. ഇപ്പോള്‍ സദാചാര പോലീസ് ചമഞ്ഞ് കേരളത്തിലുടനീളം ശിക്ഷ നല്കുന്ന കപടന്മാര്‍ കേരളത്തിലുടനീളം താണ്ഡവമാടുന്നുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്ന കമിതാക്കളെ കല്ലെറിയാനും ചൂരല്‍ പ്രയോഗം നടത്താനും ഇത്തരം തന്തയില്ലാത്തവര്‍ കേരളത്തിലും വേരുറപ്പിച്ചുകഴിഞ്ഞു.

ഭിക്ഷാടന മാഫിയ കേരളത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. പക്ഷെ അവരെ പോലീസില്‍ ഏല്‍പിക്കുന്നതിനു പകരം പരസ്യമായി ശിക്ഷിക്കുവാന്‍ നമുക്ക് അധികാരമില്ല. പോലീല്‍ ഏല്‍പിച്ചാല്‍ ഒരു വാതിലില്‍ക്കൂടി കയറി മറുവാതിലില്‍ക്കൂടി അവര്‍ തിരിച്ചുവന്ന് പഴയ പണിതന്നെ ചെയ്യുന്നുണ്ട്. അത് മറ്റൊരു വസ്തുത. ഇല നക്കി നായയുടെ ചിറി നക്കിയായി പോലീസ് മാറുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഇന്ന് പോലീസിനേക്കാള്‍ അധികാരം ഇത്തരം കപട സദാചാര പോലീസ് ചമയുന്നവര്‍ക്കാണ്. ഇതാണ് നാം നിര്‍ത്തലാക്കേണ്ടത്.

ശ്രീ മധു എന്ന ആദിവാസി വിശപ്പിനുവേണ്ടി അല്പം അരിയും മുളകും മോഷ്ടിച്ചുവെങ്കില്‍ അവനെ പോലീസില്‍ ഏല്‍പ്പിക്കുന്നതില്‍ കവിഞ്ഞ് നാട്ടുകാര്‍ക്ക് പരസ്യ ശിക്ഷ കൊടുക്കുവാനും അത് വീഡിയോയില്‍ പകര്‍ത്തുവാനും എന്തധികാരം. ഒരുപക്ഷെ നമുക്ക് കുറ്റവാളികളെ വീഡിയോയില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞത് നല്ല കാര്യം. മധു എന്ന പാവത്തിന്റെ തലയില്‍ ഏറ്റ മാരകമായ മുറിവാണ് മരണത്തിന് ഇടയാക്കിയത്. ആ മനുഷ്യനെ കള്ളനെന്നു മുദ്ര കുത്തുവാന്‍ സാധിക്കില്ല. കാരണം. എട്ടുവര്‍ഷമായി വീട് വിട്ട് ഗുഹയില്‍ താമസിക്കുന്ന ഒരു മനോരോഗിയായിരുന്നു മധു എന്ന ആദിവാസി. വനത്തിലല്ല, ക്രൂര മൃഗങ്ങള്‍ നാട്ടിലാണെന്നറിയാന്‍ മധുവിന് സാധിക്കാതെ പോയി.

എട്ടുവര്‍ഷമായി മധു എവിടെ എന്നു മാതാപിതാക്കള്‍ക്കുപോലും അറിവില്ലായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഈ മനുഷ്യന്റെ തിരോധാനം മാതാപിതാക്കള്‍ പോലീസില്‍ അറിയിച്ചില്ല. ആരാണ് ഈ മനുഷ്യന്റെ തലയില്‍ മാരകമായ മുറിവേല്‍പിച്ചത്. മൊബൈലില്‍ ഇദ്ദേഹത്തെ നാട്ടുകാര്‍ ക്രൂരമായി തല്ലുന്നത് കാണാന്‍ സാധിക്കുന്നില്ല. പോലീസ് വന്ന് ഇദ്ദേഹത്തെ കൊണ്ടുപോകുമ്പോള്‍ ഈ മനുഷ്യന് ബോധമുണ്ടായിരുന്നു. പോലീസ് ജീപ്പില്‍ വച്ച് മധു എല്ലാ പ്രതികളുടേയും പേര് വ്യക്തമായി പറഞ്ഞിരുന്നു. പിന്നെ എങ്ങനെ മധു പെട്ടെന്ന് മരണപ്പെട്ടു? പോലീസിന് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ?. ഫോറസ്റ്റുകാര്‍ എന്തിന് മധുവിനെ കാട്ടിക്കൊടുത്തു? മുക്കാലിയില്‍ നിന്നും വനത്തിനുള്ളില്‍ മധുവിന്റെ ഗുഹിയിലേക്ക് പോയവര്‍ ID ഇല്ലാതെ എങ്ങനെ വനത്തില്‍ എത്തപ്പെട്ടു? എന്തുകൊണ്ട് വനപാലകര്‍ ID ഇല്ലാതെ ഇവരെ വനത്തിനുള്ളില്‍ പ്രവേശിപ്പിച്ചു? ഇത്തരം ദുരൂഹതകള്‍ അവശേഷിക്കുമ്പോള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചത് പോലീസാണോ, വനപാലകരാണോ, നാട്ടുകാരാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തലയിലെ മാരകമായ മുറിവ് എങ്ങനെയുണ്ടായി? സംശയത്തിന്റെ നൂലാമാലകള്‍ ബാക്കിയാക്കിക്കൊണ്ട് ഞങ്ങളുടെ മധു എന്ന സഹോദരന്‍ ഈ ലോകത്തോട് വിടപറയപ്പെട്ടു. വിഷമില്ലാത്ത മധുവും കാട്ടുപഴവര്‍ഗ്ഗങ്ങളും പച്ചമരുന്നുകളും വനസമ്പത്തും ജീവന്‍പോലും പണയപ്പെടുത്തി നമുക്ക് നല്‍കുന്ന കാടിന്റെ മക്കളെ നാം ഒരിക്കലും വിസ്മരിക്കരുത്. അവര്‍ നിഷ്കളങ്കരാണ്. ദൈവത്തിന്റെ മക്കളാണ്. പ്രിയപ്പെട്ട മധുവിന് അന്ത്യപ്രണാമം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക