Image

മരിക്കരുത് മനുഷ്യത്വം....(ലേഖനം: ജോസിലിന്‍ തോമസ്, ഖത്തര്‍)

Published on 26 February, 2018
മരിക്കരുത് മനുഷ്യത്വം....(ലേഖനം: ജോസിലിന്‍ തോമസ്, ഖത്തര്‍)
എന്താണ് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം. പണക്കാരന്റെ എന്ത് തോന്ന്യാസങ്ങള്‍ക്കും കുടപിടിക്കുകയും പാവപ്പെട്ടവന്റെ നേരെ കുതിരകയറുകയും വേണ്ടി വന്നാല്‍ അവനെ കൊല്ലുകയും ചെയ്യുന്നതാണോ ?. അങ്ങനെയാണെങ്കില്‍ അങ്ങനെയുള്ള പരിഷ്കൃത സമൂഹത്തിന്റെ ഭാഗമാകാന്‍ ഇനി മുതല്‍ ഞാന്‍ എന്ന വ്യക്തി ഉണ്ടായിരിക്കുകയില്ല. ആദിവാസി സമൂഹത്തിന്റെ അവകാശങ്ങളുടെ പുറത്ത് ചവിട്ടി നിന്നു കൊണ്ട് സുഖിച്ച് ജീവിക്കുന്ന നമ്മള്‍ക്ക് അവരെ അപരിഷ്കൃതരെന്ന് വിളിക്കാന്‍ എന്ത് യോഗ്യതയാണുള്ളത് ?.

വളരെ നിഷ്ക്കളങ്കരായ ആദിവാസികളുടെ കാടും സമ്പത്തും ആദ്യം നമ്മള്‍ തന്ത്രപൂര്‍വ്വം കൈയ്യേറി. അതും പോരാഞ്ഞിട്ട് ആദിവാസിക്ഷേമത്തിനെന്ന പേരില്‍ ഒഴുക്കിയ കോടികള്‍ അവരിലേക്ക് എത്തിക്കാതെ പലരും ധൂര്‍ത്തടിച്ചു. ഇതിന്റെ എല്ലാം ഫലമായി ഒരിക്കലും മെച്ചപ്പെട്ട ജീവിത നിലവാരത്തിലേയ്ക്ക് എത്തിപ്പെടാന്‍ കഴിയാതെ ആ പാവങ്ങള്‍ ജീവിക്കുന്നു. പേരില്‍ മാത്രം മധു ഉള്ള ജീവിതത്തില്‍ കയ്പ്പ് അനുഭവിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാവം ആദിവാസിയുവാവ് . വയറ് വിശന്നിട്ട് അല്പം അന്നം മോഷ്ടിച്ചപ്പോള്‍ അടിക്കാന്‍ ക്രൂരന്മാരെ നിങ്ങള്‍ക്ക് എങ്ങനെ കൈ പൊങ്ങി ?. മധുവിന്റെ ജീവന്‍ തിരിച്ച് കൊടുക്കാന്‍ നമ്മള്‍ക്ക് ആവില്ല.

പക്ഷേ, മധുവിന്റെ ജീവന്‍ എടുത്ത ദുഷ്ടജന്മങ്ങള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ നമ്മള്‍ക്ക് കഴിയും. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ശിക്ഷ സഹായിക്കും. ഈ അവസരത്തില്‍ നാം ചിന്തിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്. ഓരോ കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തികള്‍ ചേര്‍ന്നാണ് സമൂഹം രൂപപ്പെടുന്നത്. ഓരോ കുടുംബത്തിലും പകര്‍ന്നു കൊടുക്കപ്പെടേണ്ട മാനുഷിക മൂല്യങ്ങളുടെ അഭാവമല്ലേ ഇതുപോലെ നിന്ദ്യമായ പ്രവൃത്തികള്‍ ചെയ്യാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. അതിനാല്‍ നമ്മുടെ കുട്ടികളെ പഠിക്കാന്‍ മാത്രമുള്ള ഉപകരണങ്ങളായി കാണാതെ മറ്റുള്ള മനുഷ്യരുടെ വേദനകളില്‍ പങ്ക് ചേരാനും സഹായിക്കാനും സന്മനസുള്ള ഉത്തമ വ്യക്തികളായി വളര്‍ത്താന്‍ നമുക്ക് ഓരോര്‍ത്തര്‍ക്കും പരിശ്രമിക്കാം....
Join WhatsApp News
വിദ്യാധരൻ 2018-02-27 11:23:04
എണ്ണി ഞാൻ ശ്രീദേവി വാർത്തകൾ അഞ്ചാ-
റെണ്ണമെങ്കിലും ഈ മലയാളിയിൽ
കാണുന്നില്ലെന്നാൽ  മധു വാർത്തകളൊന്നുമേ 
ലോകർ മറന്നു ഹ ! വിസ്‌മൃതനായവൻ
നിങ്ങടെ വാർത്തയ്ക്കൊരടികുറിപ്പെഴുതാൻ
തപ്പി നോക്കി ഞാൻ ഈ മലയാളിയിൽ
എന്നാൽ അതും പോയി എങ്ങോ മറഞ്ഞഹോ
എത്രവേഗം മറക്കുന്നു മർത്യർ തുച്ഛമാം വാർത്തകൾ
എന്തു ചെയ്‌തു പിണറായി വിജയൻ മന്ത്രി മുഖ്യൻ?
കണ്ടില്ല ഞെട്ടലും ഭീതിയും ദുഖവും
എങ്ങുപോയി മർദ്ദിതരുടെ ഉദ്ധാരകരൊക്കയും? 
കേൾക്കുന്നില്ല 'പഷ്ണിക്കാരുണ്ടോ' എന്നുള്ള ചോദ്യവും
കാണുന്നില്ല ക്രിസ്തുവിനനുഗാമികളെ എങ്ങുമേ !
കള്ളം പറയുന്നു മർത്ത്യരത്രേ സൃഷ്ടിയിൽ ശ്രേഷ്ടമെന്നേവരും
പട്ടിയും പൂച്ചയും പശുവും വാഴുന്നു ദൈവമായി
വാങ്ങി കൊടുക്കുന്നു കേമാമാം ഭക്ഷണം
പിന്നെ കേറി കിടക്കുവാൻ കൂരയൊരെണ്ണവും
എന്നാൽ തല്ലി ചതച്ചു കൊല്ലുന്നു മർത്തര്യേ
എന്തോ കുഴപ്പമുണ്ടു നമ്മുടെ തലയ്ക്കുള്ളിൽ തീർച്ച
ചിന്തിച്ചു ചിന്തിച്ചു ഭ്രാന്തനാകുന്നുതു  മിച്ചം
കേൾക്കുന്നു ഞാനൊരു ആരവം ചുറ്റിലും
എന്നെ പിടിക്കുവാൻ ആഞ്ഞടുക്കുന്നവർ
'ആരെടാ നീ പുത്തൻ ജീവിത ശൈലിയെ
ചോദ്യം ചെയ്യുവാൻ എന്നാക്രോശിച്ചവർ.
നീ നിന്റെ കാര്യം നോക്കിയാൽ മതി
അല്ലെങ്കിൽ നിന്നെ മറ്റൊരു മധുവാക്കി മാറ്റിടും"
ഉണ്ടതിൽ മത നേതാക്കൾ രാഷ്ട്രീയക്കാർ
ഉണ്ടതിൽ ദളിതരെ ഉദ്ധരിപ്പോരും ഒട്ടേറെ
കണ്ടുഞാൻ എന്റെ സുഹൃത്തുക്കളെയും
നെഞ്ചു പൊട്ടിപ്പോയി ശബ്‍ദം നിലച്ചു പോയി
നെഞ്ചിലെ ഭാരം കുറയ്ക്കുവാൻ
ചുമ്മാ കേഴുകയാണെഴുത്തിലൂടെ ഞാൻ 
ഹാ വെറുതെ കുത്തിക്കുറിക്കുക കൂട്ടരേ
തൂലിക പടവാളാക്കി പയറ്റുക 
പൊട്ടിക്ക നമ്മളെ ബന്ധിക്കും ചങ്ങല
വിദ്യാധരൻ
 
ഡോ.ശശിധരൻ 2018-02-27 13:15:38

മരണത്തിനു വിലയുണ്ടാകണമെങ്കിൽ ജീവിതത്തിനു വിലയുണ്ടാകണം .വനവാസിയായ ,ദരിദ്രനായ മധുവിന്റെ ജീവിതത്തിനു എന്ത് വില.വേഷത്തിൽ വ്യത്യാസം മുണ്ടെങ്കിലും മധുവിന്റെ സ്വരൂപം തന്നെയാണ് ശ്രീദേവിയുടെയും സ്വരൂപം.ഇതൊക്കെ കൂടിയതാണ് നമ്മുടെ ലോകം !അര്ഥമില്ലാത്തവന്റെ വാക്ക്  ലോകത്തിനു നിരർത്ഥകമാണ്

ഒരു കാര്യം ഉറപ്പു തന്നെ .ദരിദ്രന്റെ ദുഃഖമാണ് യഥാർത്ഥ സാഹിത്യകാരന്റെ ദുഃഖവും .

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക