Image

എന്റെ കല്ല്യാണി (കഥ: വിനോദ് കൃഷ്ണ)

Published on 26 February, 2018
എന്റെ കല്ല്യാണി (കഥ: വിനോദ് കൃഷ്ണ)
ഞാനിന്നും ഓര്‍ക്കുന്നു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അച്ഛന്‍ പതിവിലും നേരത്തേ ഓഫീസില്‍ നിന്നും വന്നു. ഞങ്ങളോടെല്ലാം പുറപ്പെടാന്‍ ആവശ്യപ്പെട്ടു. സഖാവ് അയ്യപ്പേട്ടന്റെ വീട്ടിലേക്ക് പോണം. എന്തോ അത്യാവശ്യ കാര്യം അവര്‍ക്ക് ചര്‍ച്ച ചെയ്യാനുണ്ടത്രേ.

ഞങ്ങളെല്ലാവരും പുറപ്പെട്ടിറങ്ങി. മുള്ളമ്പാറയില്‍ നിന്നും ഒരു പാടം കടന്ന് വേണം അയ്യപ്പേട്ടറെ വീട്ടിലെത്താന്‍. പാടത്തിന്റെ കരയിലാണ് അയ്യപ്പേട്ടനും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുബം കഴിയുന്നത്.

പാടവരമ്പിലൂടെ നടക്കുമ്പോള്‍ പതിവിന് വിപരീതമായി അമ്മയുടെ കൈ പിടിക്കാതെയാണ് എന്റെ നടത്തം. എല്‍.പി. സ്‌കൂളുകാരനെന്ന ദുഷ്‌പേര് മാറി യു.പി സ്‌കൂളുകാരനായതിന്റെ ചെറിയൊരു ഗൗരവം എന്റെ ഉള്ളിലുണ്ട്.

അങ്ങിനെ അയ്യപ്പേട്ടന്റെ വീട്ടില്‍ ഞങ്ങളെത്തി. ആചാര മര്യാദകളൊന്നും പാലിക്കാതെ അച്ഛന്‍ നേരെ അയ്യപ്പേട്ടന്റെ മുറിയില്‍ കയറി ചര്‍ച്ച തുടങ്ങി. ഇനി ഒരു രണ്ട് മണിക്കൂര്‍ കഴിഞ്ഞേ അവര്‍ പുറത്ത് വരൂ. അമ്മയാണെങ്കില്‍ നേരെ അടുക്കളയിലേക്കും കയറി. അയ്യപ്പേട്ടന്റെ ഭാര്യയും എന്റെ അമ്മയും ചേര്‍ന്നാല്‍ പിന്നെ അജണ്ടകളില്ലാത്ത ചര്‍ച്ചകളാണ്.

പിന്നെ ഞങ്ങള്‍ നാലുപേര്‍... ഞാനും ചേച്ചിയും പിന്നെ അയ്യപ്പേട്ടന്റെ രണ്ട് പെണ്‍കുട്ടികളും. അവര്‍ മൂന്നു പേരും കളിയാരംഭിച്ചു. ഞാനാണെങ്കില്‍ നേരത്തെപ്പറഞ്ഞ ഗൗരവം ഉള്ളിലുള്ളതുകൊണ്ട് ഉമ്മറത്ത് ഒരു കസേരയിലിരുന്നു. അന്നത്തെ പത്രവും പിന്നെ കുറേ മാസികകളും ഇരുന്നത് വെറുതേ മറിച്ച് നോക്കി. അവിടെയിരിക്കുമ്പോള്‍ ദൂരെ പാടത്തേക്ക് നല്ല കാഴ്ചയാണ്.

വിളഞ്ഞു നില്‍ക്കുന്ന ആ പാടത്തേക്ക് നോക്കുമ്പോള്‍ കണ്ണെടുക്കാന്‍ തോന്നില്ല. അങ്ങിനെ ആ വിദൂരത്തിലേക്ക് നോക്കിയിരിക്കുമ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത്. പാടവരമ്പിലൂടെ നടന്നു വരുന്നു എന്റെ കഥാനായിക. അതി മനോഹരമായ ആ കാഴ്ച എന്നെ വല്ലാതെ മോഹിപ്പിച്ചു. അവള്‍ പാടവരമ്പില്‍ നിന്നും കയറി ഞാന്‍ ഇരിക്കുന്ന ഭാഗത്തെ ലക്ഷ്യമാക്കി വന്നു. അവളുടെ കണ്ണുകള്‍ കണ്ടാല്‍ അറിയാം, അവളൊരു ചെറിയ ഗൗരവക്കാരിയാണെന്ന്. എനിക്ക് അവളുടെ ദേഹത്തു നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല. അപ്പോഴേക്കും അയ്യപ്പേട്ടന്റെ ഭാര്യ ചായയുമായി വന്നിരുന്നു.

ചായ കുടിക്കുമ്പോഴെല്ലാം എന്റെ കണ്ണുകള്‍ അവളുടെ ദേഹത്തായിരുന്നു. അവളുടെ കുണുങ്ങിയുള്ള നടപ്പും ആ നോട്ടവും... അവള്‍ എന്റെ സ്വന്തമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു.

അങ്ങിനെ മുള്ളമ്പാറയില്‍ പ്രകടനം നടത്താമെന്ന ഉറപ്പോടെ അച്ഛന്റെയും അയ്യപ്പേട്ടന്റെയും ചര്‍ച്ച അവസാനിച്ചു. തീരുമാനം അവര്‍ അമ്മമാരെ അറിയിച്ചു. ഈ കലുഷിതമായ അവസ്ഥയില്‍ മുള്ളമ്പാറയില്‍ ഒരു പ്രകടനമോ? ആവും വിധം അവര്‍ ആ തീരുമാനത്തെ എതിര്‍ത്തു. അവരുടെ എതിര്‍വാക്കുകളെല്ലാം വെറും ജല്‍പ്പനങ്ങള്‍ മാത്രമായി. വീണ്ടുമൊരു കുടുംബ ചര്‍ച്ചക്ക് ഇടം നല്‍കാതെ പോകാമെന്ന് അച്ഛന്റെ നിര്‍ദ്ദേശം. ഞങ്ങള്‍ പോകാനൊരുങ്ങുമ്പോഴും എന്റെ കണ്ണ് അവളില്‍ത്തന്നെയായിരുന്നു.

എന്റെ തിരിഞ്ഞ് കളികണ്ടിട്ടാവണം കുട്ടന് അവളെ വേണോ എന്ന് അയ്യപ്പേട്ടനെറ ഭാര്യ ചോദിച്ചത്. എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍. എന്റെ ദയനീയ ഭാവം കണ്ടിട്ടാവണം അവളെ എന്നോട് കൊണ്ട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞത്. കൂടി നിന്നവരെല്ലാം ചിരിച്ചു.

അതിനിടയില്‍ അച്ഛറെ ഒരു കമന്റും. ആ അവനിപ്പോള്‍ അതിന് പറ്റിയ പ്രായമാണെന്ന്. എല്ലാവരുടെയും കൂട്ടച്ചിരിയില്‍ എന്റെ ഗൗരവമെല്ലാം ചോര്‍ന്നു പോയി. കണ്ണില്‍ നിന്നും കണ്ണുനീര്‍ വരാതിരിക്കാന്‍ ഞാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അങ്ങിനെ കലങ്ങിയ കണ്ണുമായി അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ഒന്നുകൂടെ അവളെ തിരിഞ്ഞ് നോക്കി.

അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. എന്റെ മനസ്സില്‍ അവള്‍ മാത്രം. അവളുടെ ഗൗരവമാര്‍ന്ന ആ നോട്ടമാണ് എന്നെ വല്ലാതെ ആകര്‍ഷിച്ചതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഗൗരവം നിറഞ്ഞ സ്ത്രീനോട്ടം എനിക്കെന്നും ഇഷ്ടമാണ്. അതു കൊണ്ടാണ് ഒരു പരിപൂര്‍ണ്ണ സ്ത്രീ എന്ന എന്റെ മനസ്സിലെ സങ്കല്‍പ്പം എന്റെ സ്‌കൂളിലെ പ്രധാന അദ്ധ്യാപിക കല്ല്യാണിക്കുട്ടി ടീച്ചറില്‍ ഞാന്‍ കണ്ടത്. മറ്റെല്ലാവരും ടീച്ചറെ അതിര് കടന്ന് പേടിക്കുമ്പോഴും എനിക്കെന്തോ ആ ടീച്ചറെ വലിയ ഇഷ്ടമായിരുന്നു. ആ ഒരു കാരണം കൊണ്ട് തന്നെ എന്റെ കഥാനായികക്ക് ഞാന്‍ കല്ല്യാണി എന്ന് പേരിട്ടു. ആരും കേള്‍ക്കാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു... എന്റെ കല്യാണി.

പിന്നെ എപ്പൊഴോ ഞാന്‍ ഉറങ്ങി.. പിറ്റേന്ന് ശനിയാഴ്ച. സ്‌കൂള്‍ ഇല്ല. ഞാന്‍ നേരത്തെ ഉണര്‍ന്നു...

തുടരാം....
അന്ന് ശനിയാഴ്ചയാണ്. കാലത്ത് തന്നെ ഞാന്‍ ഉണര്‍ന്നു. ഏതായാലും സ്‌കൂള്‍ ഇല്ല. രാവിലെത്തന്നെ എന്തോ ഒരു മടി. ഒന്നിനും ഒരു മൂഡില്ല. ഉമ്മറത്തിന് താഴെയായുള്ള തിണ്ടില്‍ ഞാനിരുന്നു. അപ്പോഴാണ് രാമുവേട്ടന്‍ ഗേറ്റ് തുറന്ന് അവിടേക്ക് കയറി വന്നത്.

എന്താ രാമുവേട്ടാ രാവിലെത്തന്നെ?

ആ കുട്ടന് ഒരു സമ്മാനമായി വന്നതാണ്. അയ്യപ്പേട്ടറെ വീട്ടിന്ന് തന്നയച്ചതാ. ഇതാ ഈ പെട്ടിയിലുണ്ട്.

ഒറ്റച്ചാട്ടത്തിന് രാമുവേട്ടറെ കയ്യില്‍ നിന്നും പെട്ടി ഞാന്‍ വേടിച്ചു. ആകാംഷയോടെ പെട്ടി പൊളിച്ച് നോക്കി. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്റെ കല്ല്യാണി. രണ്ട് കാലും കെട്ടിയ നിലയില്‍ പെട്ടിയില്‍ കിടക്കുന്നു. ഉടന്‍ തന്നെ ഞാനവളെ പൊക്കിയെടുത്തു. കാലിലെ കെട്ടഴിക്കാന്‍ തുടങ്ങുമ്പോള്‍ രാമുവേട്ടന്‍ ഇടപെട്ടു.

അരുത്. കെട്ടഴിച്ചാല്‍ അത് ഓടും. പിന്നെ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യ്. ഒരു ചെറിയ കയറെടുത്ത് ഒരു കാല്‍ ഒരു ചെടിലെങ്ങാനും കെട്ടിയിട്. എന്നിട്ട് അതിന് കുറച്ച് തീറ്റ കൊട്. ഒന്നിണങ്ങട്ടെ, ഈ സ്ഥലമായിട്ടൊക്കെ ഒന്ന് പരിചയമാവട്ടെ, എന്നിട്ടഴിച്ച് വിടാം.

എനിക്ക് വല്ല്യ സന്തോഷമായി. രാമുവേട്ടന്‍ കാപ്പി കഴിച്ച് പോവുമ്പഴേക്കും ഞാനവളെ കയ്യിലെടുത്തിരുന്നു. ഇടക്കിടക്ക് അവള്‍ക്ക് അരിയും വറ്റും ഇട്ടു കൊടുക്കുമ്പോള്‍ അപ്പുറത്തെ വീട്ടിലെ സൂറാത്ത എന്റെ സുന്ദരിയെ കാണാന്‍ വന്നിരുന്നു. എന്താകുട്ടാ എവിടുന്നു കിട്ടീ രാവിലെത്തന്നെ ഒരു കോള് . എനിക്ക് സൂറാത്തയോട് സംസാരിച്ചിരിക്കാന്‍ നേരമില്ലായിരുന്നു. ചെറിയ തക്കാളിപ്പെട്ടി കൊണ്ട് അവള്‍ക്കൊരു കൂടുണ്ടാക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാന്‍.

ദിവസങ്ങള്‍ കഴിഞ്ഞു. ഇത്രയും കാലം ഞാനുണ്ടാക്കിയ തക്കാളിപ്പെട്ടിയില്‍ വീടിനുള്ളിലായിരുന്നു കല്ല്യാണിയുടെ പൊറുതി . ഒരു കോഴി എന്ന പരിമിധി ഒരിക്കലും അവള്‍ക്ക് തോനാത്ത വിധം ഞാനവളെ വളര്‍ത്തി. എന്റെ വീട്ടിനുള്ളില്‍ എല്ലാ സ്വാതന്ത്ര്യവും ഞാനവള്‍ക്ക് കൊടുത്തു.

അങ്ങിനെ ഒരു ഞായറാഴ്ച ഞാനെന്റെ കൂട്ടുകാരുമൊത്ത് അടുത്തുള്ള പഞ്ചായത്ത് കുളത്തില്‍ കുളിക്കാന്‍ പോയി. ആര്‍ത്തുല്ലസിച്ച് നീന്തിത്തുടിച്ചുള്ള കുളിയും കഴിഞ്ഞ് തോട്ട് വരമ്പില്‍ നിന്നും തോര്‍ത്തു കൊണ്ട് പരല്‍ മീനിനെയും കോരി പ്പിടിച്ച് അതിനെ ചെറിയ കുപ്പിയിലാക്കി വീട്ടിലേക്ക് വരികയാണ്. വീടിന്റെ ഗേറ്റ് തുറന്നപ്പോള്‍ വീട്ടില്‍ വലിയ ബഹളം നടക്കുന്നത് കേള്‍ക്കാമായിരുന്നു. ചേച്ചിയാണ് ബഹളക്കാരി. അവനെ ഞാനിന്ന് കൊല്ലും എന്നൊക്കെ പറയുന്നുണ്ട്. ഞാന്‍ എന്റെ പരല്‍ മീനിന്റെ കുപ്പി ഒരു ചെടിയുടെ ചുവട്ടില്‍ വെച്ചിട്ട് പമ്മി പമ്മി വീട്ടിലേക്ക് കയറി.

എന്താ അമ്മേ പ്രശ്‌നം? പതിഞ്ഞ സ്വരത്തില്‍ അമ്മയോട് ചോദിച്ചു. ഇത് കേട്ടതും ചേച്ചി അകത്തുനിന്നും എന്റെ നേര്‍ക്കൊരു ചാട്ടം.

നിന്റെ കല്ല്യാണി തൂറി.....

ങ്ങേ... ജീവന്റെ ആവാസ വ്യവസ്ഥയില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ തൂറല്‍. ആട്ടെ എവിടെ?

അവള്‍ അവളുടെ പുസ്തകം വെക്കുന്ന മേശമേലേക്ക് ചൂണ്ടിക്കാണിച്ചു. ഞാന്‍ നോക്കുമ്പോള്‍ ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം ബി പുസ്തകം ഊര്‍മ്മിളയുടെ മേലെയാണ് എന്റെ കല്ല്യാണി ഈ പണി പറ്റിച്ചത്. തൂറലെന്നു പറഞ്ഞാല്‍ സപ്തവര്‍ണ്ണത്തില്‍ കുഴമ്പു പോലെ. അതും ഊര്‍മ്മിളയുടെ മുഖത്ത് തന്നെ. ഊര്‍മ്മിളയുടെ കണ്ണുകള്‍ മാത്രം അവ്യക്തമായി കാണാമായിരുന്നു.

ഈ സമയത്താണ് എന്റെ കല്ല്യാണി ഒന്നും അറിയാത്ത പോലെ നിഷ്‌കളങ്കമുഖവുമായി വീട്ടിനുള്ളിലേക്ക് കടന്ന് വന്നത്.
കല്യാണിയെ കണ്ടതും എന്റെ ചേച്ചിയുടെ കോപം ഇരട്ടിച്ചു. ഒരു ഭദ്രകാളിയെപ്പോലെ അലറിക്കൊണ്ട് അവള്‍ കയ്യില്‍ കിട്ടിയ മഷിക്കുപ്പികൊണ്ട് കല്യാണിയുടെ നേര്‍ക്കൊരേറ്.

കളരിയിലെ 18 അടവും പഠിച്ച ഒരു അഭ്യാസിയെപ്പോലെ എന്റെ കല്യാണി ഒറ്റക്കാലില്‍ നിന്ന് തിരിഞ്ഞു മുകളിലേക്കൊരു ചാട്ടം. മഷിക്കുപ്പി നേരെ ചെന്നുകൊണ്ടത് ചുമരിലായിരുന്നു. കുപ്പി പതിനാറ് കഷ്ണമായി പൊട്ടി. ചുമരില്‍ ശ്രീലങ്കയുടെ ഭൂപടം വരച്ചപോലെ മഷി പരന്നു.

ഇതോടെ 'അമ്മ ഇടപെട്ടു. ഞങ്ങളെ രണ്ടുപേരെയും വീടിനു പുറത്താക്കി. ഒപ്പം കല്യാണിയേയും..

ഈ ബഹളങ്ങളെല്ലാം നടക്കുന്നതിനിടയിലാണ് അച്ഛന്‍ ഓഫീസ് വിട്ട് വരുന്നത്

'അമ്മ നടന്ന കാര്യങ്ങളെല്ലാം വള്ളി, പുള്ളി, കുത്ത്, കോമ വിടാതെ അച്ഛനോട് വിവരിച്ചു.

എല്ലാം കേട്ട് കഴിഞ്ഞ ശേഷം അച്ഛന്‍ നീട്ടി ഒന്ന് മൂളി. ആ മൂളലിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായി. ശക്തമായ ചില തീരുമാനങ്ങളെടുക്കുന്നതിന്റെ ആദ്യ പടിയാണ് ആ മൂളല്‍. അന്ന് ഈ സംഭവങ്ങളെക്കുറിച്ച് അച്ഛന്‍ ഒരക്ഷരം മിണ്ടിയില്ല. എന്റെ ഉള്ളിലാണെങ്കില്‍ അപ്പോഴും കനല്‍ കെട്ടടങ്ങിയിരുന്നില്ല. അത്താഴപ്പട്ടിണിയോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു.

പിറ്റേ ദിവസം രാവിലെ പതിവുപോലെ ഞാന്‍ സ്‌കൂളിലേക്ക് പോയി. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതുവരെ ഞാന്‍ ആരോടും അധികം സംസാരിച്ചില്ല. വീട്ടില്‍ വന്നതും കാലും മുഖവും കഴുകി ഞാന്‍ പഠിക്കാനിരുന്നു, കുറച്ച് കഴിഞ്ഞപ്പോള്‍ ഗേറ്റ് തുറന്ന് ഒരു ഓട്ടോറിക്ഷ വരുന്ന ശബ്ദം ഞാന്‍ കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരു ഗുഡ്‌സ് ഓട്ടോയില്‍ അച്ഛന്‍ മുന്‍ സീറ്റിലിരുന്ന് വരുന്നു. ഓട്ടോയുടെ പിന്‍വശത്ത് ഒരു ചെറിയ കോഴിക്കൂടുമുണ്ട്. അച്ഛനും ഡ്രൈ വറും ചേര്‍ന്ന് ആ കോഴിക്കൂട് താഴെയിറക്കി വെച്ചു. ഓട്ടോ മSങ്ങിപ്പോയി.

ഇനി നിന്റെ കോഴിക്ക് വീട്ടിനകത്തൊരു സ്ഥാനവുമില്ല. മേലില്‍ അതിനെ അകത്തുകണ്ടു പോകരുത്. ഗൗരവമാര്‍ന്ന സ്വരത്തില്‍ അച്ഛന്റെ നിര്‍ദ്ദേശം. അതോടുകൂടി ഇത്രയും കാലം കല്ല്യാണി സുഖിച്ചുറങ്ങിയ തക്കാളിപ്പെട്ടിയുടെ സ്ഥാനം തെങ്ങിന്‍ തടത്തിലായി. ആ ചെറുകൂട്ടിനുള്ളില്‍ കല്ല്യാണിക്കുള്ള എല്ലാ സൗകര്യങ്ങളും ഞാനൊരുക്കിക്കൊടുത്തു. അവള്‍ക്ക് തണുപ്പടിക്കാതിരിക്കാന്‍ കൂടിന്റെ വശങ്ങളിലായി കട്ടിയുള്ള തുണികൊണ്ട് മറച്ചു. അവള്‍ക്കൊരിക്കലും ദാഹമോ വിശപ്പോ അറിയാതിരിക്കാന്‍ എപ്പോഴും ഒരു ചെറിയ പാത്രത്തില്‍ വെള്ളവും അരിയും ഞാന്‍ വെച്ചു കൊടുക്കുമായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു ശനിയാഴ്ച ഉച്ചയൂണും കഴിഞ്ഞ് കല്ല്യാണിയുടെ ക്ഷേമാന്യേഷണത്തിനായി അവളുടെ കൂടിനരികത്തേക്ക് പോയി. അവള്‍ ഉച്ചമയക്കത്തിലായിരുന്നു. ഞാന്‍ മെല്ലെ അവളുടെ അരികെയിരുന്ന് അവളുടെ ദേഹത്തൊന്ന് തലോടി. അവള്‍ ചെറുതായൊന്ന് തലപൊക്കി. അവളുടെ വായില്‍ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നു. ഞാന്‍ അവളെ എന്റെ മടിയിലേക്കെടുത്തു വെച്ചു.

പരിസരബോധം നഷ്ടപ്പെട്ട പോലെ അമ്മയെ വിളിച്ചു. അമ്മയും ചേച്ചിയും സൂറാത്തയും ഓടി വന്നു. ഞാന്‍ അവളുടെ ശരീരത്തെ തടവിക്കൊണ്ടിരുന്നു. സൂറാത്ത ഒരു പാത്രത്തില്‍ കുറച്ച് വെള്ളം കൊണ്ടുവന്നു. രണ്ട് തുള്ളി എന്റെ കല്ല്യാണിയുടെ വായിലേക്ക് ഞാന്‍ ഒഴിച്ച് കൊടുത്തു. അവള്‍ കാലുകള്‍ ബലം പിടിച്ചൊന്ന് മടക്കി. അതിന് ശേഷം മെല്ലെ ആ കാലുകള്‍ നിവരാന്‍ തുടങ്ങി. അവളുടെ കണ്‍പോളകള്‍ മെല്ലെ അടഞ്ഞു.

ഒരു ജീവന്‍ പ്രകൃതിയിലേക്ക് മടങ്ങുമ്പോള്‍ സന്തോഷപൂര്‍വ്വം പ്രകൃതി അതിനെ സ്വീകരിക്കുമോ അതോ ദു:ഖിക്കുമോ എന്നെനിക്കറിയില്ല. പക്ഷേ ഞാന്‍ കണ്ട പ്രകൃതിയുടെ ഭാവം സന്തോഷത്തിന്റേതായിരുന്നു. ഒരു ചെറിയ തണുത്ത കാറ്റെന്നെ തലോടി. സൂറാത്തയുടെ കണ്ണില്‍ നിന്നും വന്ന കണ്ണുനീര്‍ ബോധപൂര്‍വ്വം ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

തെക്കേതിലെ ശ്രീധരേട്ടന്‍ ഒരു കൈക്കോട്ടില്‍ അവളെ കോരിയെടുത്ത് വീട്ടിന്റെ പിന്‍ഭാഗത്ത് കൊണ്ട് പോയപ്പോഴും ഞാനവളുടെ കൂടിനരികെ ഇരിപ്പായിരുന്നു.....

ശുഭം.

എന്റെ കല്ല്യാണി (കഥ: വിനോദ് കൃഷ്ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക