Image

എബ്രഹാം സി. മാത്യൂസിന്റെ (എലിവേറ്റര്‍ കുഞ്ഞുമോന്‍) നിര്യാണത്തില്‍ പരക്കെ ദുഖം

Published on 26 February, 2018
എബ്രഹാം സി. മാത്യൂസിന്റെ (എലിവേറ്റര്‍ കുഞ്ഞുമോന്‍) നിര്യാണത്തില്‍ പരക്കെ ദുഖം
ന്യു യോര്‍ക്ക്: നാട്ടിലും ഇവിടെയും പല സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായമെത്തിക്കുകയും നല്ല കാര്യങ്ങളെ തുണക്കാന്‍ ഒരിക്കലും മടി കാട്ടാതിരിക്കുകയും ചെയ്ത വാഴൂര്‍ ചിറമുഖത്ത് എബ്രഹാം സി. മാത്യൂസിന്റെ (എലിവേറ്റര്‍ കുഞ്ഞുമോന്‍-71) നിര്യാണം അനവധിയായുള്ള സുഹ്രുത്തുക്കളിലും പരിചയക്കാരിലും ദുഖം പടര്‍ത്തി.

'മലയാളികളെയും സംഘടനകളെയും ഇത്രയേറെ സഹായിച്ചിട്ടുള്ള മറ്റൊരു വ്യക്തി ഇല്ല. ഏതൊരു കാര്യത്തിനു സമീപിച്ചാലും ആരെയും വെറും കയ്യൊടെ മടക്കില്ലായിരുന്നു,'  മുന്‍  ടീനെക്ക്  മേയര്‍ ജോണ്‍ ഏബ്രഹാം അനുസമരിക്കുന്നു.

എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനു ചെയ്ത സഹായങ്ങള്‍ വിസ്മരിക്കാനാവില്ല- ഫോമാ നേതാവ് തോമസ് ടി ഉമ്മന്‍.

1972-ല്‍ വന്ന ഏബ്രഹാം സി. മാത്യുസും ആദ്യകാല മലയാളികളിലൊരാളാണ്. ആ കാലം മുതലുള്ള ഊഷ്മള ബന്ധം ഐ.എന്‍.ഒ.സി നേതാവ് ജോര്‍ജ് ഏബ്രഹാം അനുസ്മരിച്ചു.

കുമ്പനാട് ആണു കുഞ്ഞുമോന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. മുംബൈയില്‍ നിന്നു മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദം നേടി.

മലയാളികള്‍ക്കിടയിലെ ആദ്യ വ്യവസായ സരംഭകരിലൊരാളായിരുന്നു. ഇവിടെ എത്തിയപ്പോള്‍ ഉണ്ടായ വിഷമതകളും തുടര്‍ന്ന് വ്യവസായ രംഗത്തേക്ക് ഇറങ്ങിയതും കുഞ്ഞുമോന്‍ വിവരിച്ചിട്ടുണ്ട്.

തകര്‍ന്നു വീണ വേള്‍ഡ് ട്രേഡ് സെന്ററിന്റെ എലിവേറ്ററുകള്‍ക്കും കുഞ്ഞുമോന്റെ കമ്പനി സര്‍വീസിംഗ് നടത്തിയിരുന്നത് അക്കാലത്ത് ഇന്ത്യാ എബ്രോഡ്, മലയാളം പത്രം എന്നിവ അടക്കമുള്ള പത്രങ്ങള്‍ ഫീച്ചര്‍ ചെയ്തിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലിക്കാരായും ബിസിനസുകാരായും പല ഇന്ത്യാക്കാരും ഉണ്ടായിരുന്നെങ്കിലും സാങ്കേതിക രംഗത്ത് മറ്റാരും തന്നെ ഇല്ലായിരുന്നു

ഷ്മിറ്റ് മെഷീന്‍ ഇന്‍കോര്‍പറേറ്റഡ്, നോര്‍ത്ത് അമേരിക്കന്‍ എലിവേറ്റര്‍ പ്രൊഡക്ട്‌സ് എന്നിവയാണു അദ്ധേഹം ന്യു യോര്‍ക്ക് ക്വീന്‍സില്‍ നടത്തിക്കൊണ്ടിരുന്ന സ്ഥാപനങ്ങള്‍. എലിവേറ്റര്‍/എസ്‌കലെറ്റര്‍ മാനുഫാക്ചറിംഗ്, റീഫര്‍ബിഷിംഗ് തുടങ്ങിയവയാണു കമ്പനി ഏറ്റെടുത്തു നടത്തുന്നത്.

1982-ല്‍  ഷ്മിട്റ്റ് മെഷീന്‍ കമ്പനി വാങ്ങി. കമ്പനിക്ക് കസ്റ്റമേഴ്‌സൊ ജോലിക്കാരോ ഇല്ലായിരുന്നു. സ്വയം ജോലിക്കാരനായി മാറിയ കുഞ്ഞുമോന്‍ ഏതാനും വര്‍ഷം കൊണ്ട് കമ്പനി വിജയകരമാക്കി. ജോലിക്കാരെ എടുത്തു. ക്രമേണ എലിവേറ്റര്‍/എസ്‌കലേറ്റര്‍ പാര്‍ട്ട്‌സ് ഉണ്ടാക്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി ഷ്മിട്റ്റ്.

പിന്നീട് നോര്‍ത്ത് അമേരിക്കന്‍ എലിവേറ്റര്‍ പ്രോഡക്ട്‌സ് എന്ന കമ്പനി വാങ്ങി. എലിവേറ്ററിന്റെ എല്ലാ ഭാഗങ്ങളും ഒരിടത്തു നിന്നു തന്നെ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.

ഏതാനും വര്‍ഷത്തിനുള്ളില്‍ ന്യു യോര്‍ക്ക് മേയര്‍ ഡേവിഡ് ഡിങ്കിന്‍സ് നഗരത്തിലെ ഏറ്റവും വിജയം വരിച്ച ഏഷ്യന്‍ ബിസിന
സ് മാന്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി.

എലിവേറ്ററിനു പുറമെ മറ്റു രംഗങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. രണ്ടു ദശാബ്ദം മുന്‍പ് കോട്ടയത്തിനടുത്ത് ഒരു വില്ലാ പ്രോജക്റ്റും നടപ്പിലാക്കുകയുണ്ടായി.

മൂന്നു വര്‍ഷം മുന്‍പ് കുഞ്ഞുമോനും ഭാര്യ മോളമ്മയും ബോസ്റ്റണു താമസം മാറ്റിയെങ്കിലും രണ്ടാമത്തെ പുത്രി ജസ്റ്റീന്റെ നേത്രുത്വത്തില്‍ കമ്പനി ഇപ്പോഴും പഴയ പോലെ പ്രവര്‍ത്തിക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യു യോര്‍ക്ക് റീജിയന്‍ ചെയര്‍മാനായിരുന്നു. കേരള സെന്ററിന്റെ സ്ഥാപകാംഗവും. മാര്‍ത്തോമ്മ അരമനയില്‍ എലിവേറ്റര്‍ സ്ഥപിച്ചത് കുഞ്ഞുമോനാണ്. 

മൂത്ത പുത്രി ജൂലി, മൂന്നാമത്തെ പുത്രി ഡോ. ജാസ്മിന്‍ എന്നിവര്‍ ബോസ്റ്റണിലാണെന്നതാണു അങ്ങോട്ടു താമസം മാറ്റാന്‍ കാരണം . പുത്രിമാരുടെ വീടിനു സമീപത്താണു താമസിച്ചിരുന്നത്.

കുഞ്ഞുമോന്‍ മരിച്ച ഈ വെള്ളിയാഴ്ച തന്നെ ഡോ. ജാസ്മിനു കുഞ്ഞു ജനിച്ചു -പേര് മായ. 

വാഴൂര്‍ വെള്ളക്കോട്ട് കുടുംബാംഗമാണു ഭാര്യ മോളമ്മ.

മൂത്ത മകള്‍ ജൂലിയും ഭര്‍ത്താവ് കാജലും അഭിഭാഷകർ. ദിവ്യ, ആഷ എന്നിവര്‍ മക്കള്‍.
രണ്ടാമത്തെ പുത്രി ജസ്റ്റീന്‍. മൂന്നാമത്തെ പുത്രി ഡോ. ജാസ്മിന്‍. ഭര്‍ത്താവ് അലക്‌സ്  കമ്പനി ഉടമയാണ്. പുത്രി മായ. ഇളയ പുത്രി ജോ ആന്‍, ഭര്‍ത്താവ് രാഹുല്‍ എന്നിവര്‍ ജര്‍മ്മനിയിലാണു. പുത്രന്‍ ആകാഷ്. 


പൊതുദര്‍ശനം: മാര്‍ച്ച് 2, 5 മുതല്‍ 9 വരെ; മാര്‍ച്ച് 3 ശനി രാവിലെ 9 മുതല്‍ 11 30 വരെ: ജോണ്‍ എവററ്റ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോം, 4 പാര്‍ക്ക് സ്റ്റ്രീറ്റ്, നാറ്റിക്ക്, മസച്ചുസെറ്റ്‌സ്, 01760

സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 3, ഉച്ചക്ക് 1:30: കാര്‍മ്മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, 467 റിവര്‍ റോഡ്, ഹഡ്‌സണ്‍, മസച്ച്ചുസെറ്റ്‌സ്-01749

സംസ്‌കാരം: ഹൈലന്‍ഡ് സെമിത്തേരി, 54 സെന്റര്‍ സ്റ്റ്രീറ്റ്, ഡോവ, മസച്ചുസെറ്റ്‌സ്-02030
Join WhatsApp News
Raju Mylapra 2018-02-27 07:01:32
മലയാളികളുടെ എല്ലാവിധ പ്രസ്ഥാങ്ങൾക്കും കുഞ്ഞമോൻ ഒരു മടിയും കൂടാതെ സാമ്പത്തിക സഹായം ചെയിതുട്ടുള്ള കാര്യം സ്നേഹത്തോടെ ഓർക്കുന്നു. ആദ്യ കാല മലയാള പ്രസ്തികരണമായിരുന്ന "അശ്വമേധം" പത്രത്തിന് കുഞ്ഞുമോൻ നൽകിയിട്ടുള്ള പിന്തുണ നന്ദി പൂർവം സ്മരിക്കുന്നു. പ്രിയ സുഹൃത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിനോടുള്ള അനുശോചനം അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക