Image

ഹര്‍ത്താലുകളുടെ സ്വന്തം നാട് (എഴുതാപ്പുറങ്ങള്‍ 16: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 24 February, 2018
ഹര്‍ത്താലുകളുടെ സ്വന്തം നാട് (എഴുതാപ്പുറങ്ങള്‍ 16: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനത്തോടെ കേട്ടിരുന്ന മലയാളികള്‍ ഹാര്‍ത്തലുകളുടെ സ്വന്തം നാട് എന്ന് അപമാനത്തോടെ കേള്‍ക്കേണ്ട സ്ഥിതിവിശേഷമാണിന്നു കേരളത്തിന്റേത്.

ഒരാഴ്ച അവധിയ്ക്കായി നാട്ടില്‍ വരുന്നവര്‍, ഒരാഴ്ചയ്ക്കായി തയ്യാറാക്കിയ സമയവിവരപട്ടികയില്‍ ഒരു ദിവസം ഹര്‍ത്താലിനായും മാറ്റിവയ്‌ക്കേണ്ടതുണ്ട് . വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പരസ്പരം മത്സരിയ്‌ക്കേണ്ട രാഷ്ടീയ പ്രവര്‍ത്തകര്‍ ഇവിടെ ഏതെങ്കിലും കാരണവശാല്‍ മരണപ്പെട്ട ഒരാളുടെ മരണത്തെ രാഷ്ട്രീയവത്ക്കരിച്ച് രാഷ്ട്രീയ വിശദാംശങ്ങളുടെ ചിറകുവച്ച് ഹര്‍ത്താലാക്കി പറത്തിവിടുന്നതില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിയ്ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകള്‍ കൊണ്ട് മാത്രം വിജയം കൈവരിച്ച ഒരു സംഭവം വിശദീകരിയ്ക്കാന്‍ കഴിയുമോ?

ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ തുള്ളിച്ചാടുന്ന വിദ്യാര്‍ത്ഥികള്‍, കാലിനിടയില്‍ കൈ തിരുകി പതിവിലും കൂടുതല്‍ ഒരു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിയ്ക്കുന്ന ജോലിക്കാര്‍ ഇവ കേരളത്തിന്റെ മാത്രം മുതല്‍ക്കൂട്ടാണ്. വേറെ ഏതു സംസ്ഥാനത്തിലും ആഹ്വാനം ചെയ്യുന്ന ഹാര്‍ത്തലുകളെ, കേരളം പോലെ ഇത്രയും വിജയിപ്പിയ്ക്കുമോ എന്ന് സംശയമാണ്. ഇവിടെ മുംബൈയില്‍ ഹര്‍ത്താലുകള്‍ എന്നല്ല, കൊളാബയിലും, ഹോട്ടല്‍ താജ്മഹലിലും തീവ്രവാദികള്‍ നിറയൊഴിച്ചുകൊണ്ടിരിയ്ക്കുമ്പോഴും തന്റെ ഭക്ഷണ പൊതിയുമായി ലോക്കല്‍ ട്രെയിനില്‍ യാത്രചെയ്തു അതാത് ജോലിസ്ഥലത്ത് ജനങ്ങള്‍ എത്തിയിരുന്നു എന്നത് ശ്രദ്ധിയ്ക്കപ്പെടേണ്ട ഒന്നാണ്. ഇവിടെ ജനങ്ങള്‍ തന്റെ ജീവിതത്തിനും കച്ചവടത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നു. തന്റെ കച്ചവടം ഒരു സിഗരറ്റു കട തന്നെയാണെങ്കിലും ഏതു സാഹചര്യമാണെങ്കിലും നിശ്ചിത സമയത്ത് അത് തുറന്നു പ്രവര്‍ത്തിയ്ക്കും. ജീവിതം പഠിച്ച തൊഴിലിനെ ബഹുമാനിയ്ക്കുന്ന ജനങ്ങള്‍. മറ്റുള്ളവന്റെ ജീവിതമാര്‍ഗ്ഗം മുട്ടിയ്ക്കാന്‍ തന്റെ തൊഴിലിനേക്കാള്‍ ഉത്കണ്ഠ കാണിയ്ക്കുന്ന കേരളത്തില്‍ ഏത് തൊഴിലിനോടാണ് ബഹുമാനം, ആത്മാര്‍ത്ഥത? അദ്ധ്വാനിച്ച വിയര്‍പ്പില്‍ നിന്നും ഉണ്ടാക്കുന്ന പണത്തേക്കാള്‍ മറ്റുള്ളനെ പറ്റിച്ചും, തട്ടിച്ചും, രാഷ്ട്രീയക്കാരുടെ കാല്‍ കഴുകിതുടച്ചും എളുപ്പത്തില്‍ പോക്കറ്റിലിടാന്‍ കിട്ടുന്ന നക്കാപിച്ചയ്ക്കാണ് കേരളത്തില്‍ കൂടുതല്‍ മൂല്യം.

എന്തിനായിട്ടാണ് ഹര്‍ത്താലുകളും രാഷ്ട്രീയ പ്രകടനങ്ങളും? ജനജീവിതത്തിന് നേരിടേണ്ടി വരുന്ന കഷ്ടപ്പാട് എന്നല്ലാതെ ഇതില്‍ നിന്നും ഒരു നേട്ടവും ഉണ്ടാകുന്നില്ല എന്നത് ജനങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. സോഷ്യല്‍ മീഡിയകളിലൂടെ വാര്‍ത്തകള്‍ കാട്ടുതീപ്പോലെ കത്തിപ്പടരുന്ന ഈ കാലഘട്ടത്തില്‍ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിയ്ക്കുന്നതിനു, സാധാരണ ജനങ്ങളുടെ ജനജീവിതത്തിന് തടസ്സം സൃഷ്ടിയ്ക്കുന്ന ഹര്‍ത്താലുകളുടെയോ, പ്രകടനങ്ങളുടെയോ ആവശ്യമുണ്ടോ? 2017 ഡിസംബറില്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനം സൃഷ്ടിച്ച ഗതാഗതകുരുക്കില്‍പ്പെട്ട് ആശുപത്രിയിലെത്താന്‍ വൈകിപ്പോയ, ഗുളിക തൊണ്ടയില്‍ കുരുങ്ങി മരണപ്പെട്ട കൊച്ചു കുഞ്ഞിന്റെ ജീവന് വിലചോദിച്ചുകൊണ്ടു മാധ്യമങ്ങള്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഈ സംഭവം ഓരോ ഹര്‍ത്താലിലും സംഭവിയ്ക്കുന്ന, മാധ്യമങ്ങളുടെ ശ്രദ്ധയിപ്പെട്ട, നിരവധി സംഭവങ്ങളില്‍ ഒന്നേയൊന്ന് മാത്രം. രോഗബാധിതര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ പ്രായംചെന്നവര്‍ തുടങ്ങിയവര്‍ പലപ്പോഴും ഓരോ ഹര്‍ത്താലിനും ബലിയാടാക്കാറുണ്ട്. ഇതും കൂടാതെ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പണം മുടക്കി നടത്തുന്ന വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങളും പൊതു ഹര്‍ത്താലുകള്‍ അലംകോലപ്പെടുത്തുന്നു.

ഹര്‍ത്താലുകളും, രാഷ്ട്രീയ പ്രകടനങ്ങളും കൂടുതലായി ബാധിയ്ക്കുന്നത് സാധാരണ ജനജീവിതത്തെയാണ്. ദിവസക്കൂലിയ്ക്ക് ജോലിചെയ്യുന്ന സാധാരണക്കാരന് മാസത്തില്‍ ഒന്നോ രണ്ടോ ദിവസം ജോലിയ്ക്കു പോകാന്‍ കഴിയാതെവരുന്ന നഷ്ടം അവന്റെ ജീവിതത്തെ ബാധിയ്ക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെയും പണിമുടക്കുകള്‍ മോശമായി ബാധിയ്ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്ന ദിവസങ്ങളില്‍ തീര്‍ക്കേണ്ടതായ പാഠങ്ങള്‍ പരീക്ഷ അടുക്കുമ്പോള്‍ മതിയാവോളം സമയം എടുക്കാതെ ഓടിച്ചു പഠിപ്പിയ്ക്കുന്നതുകൊണ്ട് കുട്ടികള്‍ക്ക് അതൊരു അമിതഭാരമായി മാറുന്നു. ഇടയ്ക്കിടെ അടച്ചിടുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഒരു ദിവസത്തെ സാമ്പത്തിക നഷ്ടം വ്യക്തികളെ മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക നിലപാടിന് തന്നെ വന്‍നഷ്ടമുണ്ടാക്കുന്നു. അപ്രതീക്ഷിതമായ ഹര്‍ത്താലുകള്‍ ഉത്പാദനമേഖലകളെയും, ഇറക്കുമതി കയറ്റുമതി മേഖലകളെയും സാരമായി തന്നെ ബാധിയ്ക്കുന്നു. ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വിനോദ സഞ്ചാരം. ഇന്ത്യയില്‍ പലയിടങ്ങളില്‍നിന്നും, പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന വിനോദ സഞ്ചാരികളുടെ യാത്ര പട്ടികയില്‍ സംഭവിയ്ക്കുന്ന അപ്രതീക്ഷിതമായ തടസ്സങ്ങള്‍ ഇവര്‍ക്ക് കേരളത്തിലേയ്ക്കു വരാനുള്ള താല്പര്യത്തെ ബാധിയ്ക്കുന്നു. ഇതും കൂടാതെ ഹര്‍ത്താലിലും, രാഷ്ട്രീയപ്രകടനങ്ങളിലും പരസ്പരം തല്ലി മരിയ്ക്കുന്ന, രാഷ്ട്രീയ ഭാഷയില്‍ പറയുകയാണെങ്കില്‍ രക്തസാക്ഷികള്‍, ഇതിനിടയില്‍ പരുക്കേല്‍ക്കപ്പെടുന്ന നിരപരാധികള്‍ ഇവരുടെ ജീവന്, പരുക്കിന് ആര് ഉത്തരവാദികളാകും? ഹര്‍ത്താലിനും, പ്രകടനത്തിനും തുടര്‍ന്ന് ഉണ്ടാകുന്ന മറ്റു പ്രശ്‌നങ്ങള്‍ ഇതും ക്രമാസമാധാനത്തെ ബാധിയ്ക്കുന്നു. ഹര്‍ത്താലുകളും, പ്രകടനങ്ങളും അതിന്റെ വിജയക്കൊടി പറത്തി എന്ന് മാധ്യമങ്ങളിലൂടെ കാണിയ്ക്കാന്‍ കത്തിയ്ക്കപ്പെടുന്ന വാഹനങ്ങള്‍, തല്ലിത്തകര്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ രീതിയിലും ഒരുപാട് സാമ്പത്തിക നഷ്ടങ്ങള്‍ നേരിടേണ്ടി വരുന്നു. ഏതു തരത്തില്‍ വിലയിരുത്തുകയാണെങ്കിലും ഹര്‍ത്താലുകളും, രാഷ്ട്രീയ പ്രകടനങ്ങളും പ്രതിഫലിയ്ക്കുന്നത് നഷ്ടത്തിന്റെ കണക്കുകളിലൂടെ മാത്രമാണ്.

ഇന്ത്യയില്‍ സ്വാതന്ത്ര സമരകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്നും മനുഷ്യാവകാശങ്ങളെ സമാധാനപരമായി പിടിച്ചെടുക്കുന്നതിനു ഗാന്ധിജി, കടകള്‍ അടച്ചിട്ടും വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ പണിമുടക്കിയും പ്രതികരിയ്ക്കുവാന്‍ സമരങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതായിരുന്നു ഇത്തരം പണിമുടക്കുകളുടെ അല്ലെങ്കില്‍ ബന്ദിന്റെ തുടക്കം. ആ കാലഘട്ടത്തില്‍ മിക്കവാറും ഉത്പാദനകേന്ദ്രങ്ങളും, കച്ചവടങ്ങളും, ക്രയവിക്രമങ്ങളും ബ്രിട്ടീഷുകാരുടെ അധീനത്തിലായിരുന്നു. അവര്‍ ഇന്ത്യക്കാരെ അടിമകളാക്കി പണിചെയ്യിച്ച് ലാഭം കൊയ്തിരുന്ന കാലഘട്ടമായിരുന്നു. ആ സാഹചര്യത്തില്‍ ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ പ്രതികരിയ്ക്കാനും, മനുഷ്യാവകാശങ്ങള്‍ പിടിച്ചെടുക്കുവാനും സമരമല്ലാതെ വേറൊരു ഉപാധിയില്ലായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ ഇന്ത്യ സ്വതന്ത്രരാഷ്ട്രമാണ്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ തന്നെയാണ് ജനങ്ങളുടെ ഭരണം നിര്‍വ്വഹിയ്ക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഉത്തരവാദിയും ഇവുടുത്തെ ജനങ്ങള്‍ തന്നെയാണ്. സമരങ്ങളും, ഹര്‍ത്താലുകളും മൂലം സംഭവിയ്ക്കുന്ന സാമ്പത്തിക നഷ്ടങ്ങളുടെ ഉത്തരവാദിത്വവും ജനങ്ങള്‍ക്കുതന്നെയാണ്. ഈ സത്യത്തെ ഉള്‍ക്കൊള്ളാതെ ഇവുടുത്തെ ജനങ്ങള്‍ സ്വാതന്ത്ര ലബ്ദിയ്ക്കു ശേഷവും, സമരങ്ങളും, ഹര്‍ത്താലുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും മുതലെടുപ്പിനുമാണെന്നു മനസ്സിലാക്കാതെ സമര മുറയുമായിതന്നെ മുന്നോട്ടുപോകുന്നു. ഏതൊരു പ്രശ്‌നങ്ങളെയും നേരിടാന്‍ ആഹ്വാനം ചെയ്യപ്പെടുന്ന ബന്ദ് ജനജീവിതത്തെ വളരെ മോശമായി ബാധിയ്ക്കുന്നു എന്ന് കണക്കിലെടുത്ത് 1997ല്‍ ബന്ദ് നിരോധിയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ 2004ല്‍ 'ഹര്‍ത്താല്‍' എന്ന പുതിയ നാമധേയത്താല്‍ വീണ്ടും ജനങ്ങളെ കഷ്ടപ്പെടുത്താന്‍ സമരങ്ങള്‍ ആഹ്വാനം ചെയ്യപ്പെട്ടുതുടങ്ങി. ഇന്ന് കേരളരാഷ്ട്രീയത്തില്‍ ഒഴിച്ച് കൂടാത്ത ഒന്നായി മാറിക്കഴിഞ്ഞു ഹര്‍ത്താലുകള്‍. സാധാരണ ജനജീവിതത്തെ കണക്കിലെടുത്ത് പല സംഘടനകളും ഹര്‍ത്താലിനെതിരെ മുന്നോട്ട് വന്നു. പക്ഷെ ആ സംഘടനകള്‍ക്കൊന്നും ഈ പ്രവണതയെ തുടച്ചു മാറ്റുവാന്‍ കഴിഞ്ഞിട്ടില്ല.

ജനങ്ങള്‍ക്കിടയിലുള്ള ഈ പ്രവണതയെ തുടച്ചു മാറ്റാന്‍ ജനങ്ങളുടെ, പാര്‍ട്ടിയും, വര്‍ഗ്ഗബോധവും മറന്നുകൊണ്ടുള്ള സംഘടനയിലൂടെ മാത്രമേ കഴിയൂ. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് ഏതു പാര്‍ട്ടിയോ വിഭാഗമോ ആകട്ടെ ജനങ്ങള്‍ ഒറ്റകെട്ടായിനിന്ന് ഇതിനെ അനുകൂലിയ്ക്കാതെയിരിയ്ക്കണം. നിസ്സഹകരണത്തിലൂടെ മാത്രമേ ഹര്‍ത്താലിന്റെ പ്രാധാന്യം കുറയ്ക്കാന്‍ കഴിയൂ. ഏതു രാഷ്ട്രീയ പാര്‍ട്ടിയോ, വിഭാഗമോ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ജനങ്ങള്‍ ഓരോരുത്തരും അതിനെ അനുകൂലിയ്ക്കാതെ സ്വന്തം തൊഴിലില്‍ ഏര്‍പ്പെടണം. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ പതിവുപോലെ തുറന്നു പ്രവര്‍ത്തിയ്ക്കണം. ഓരോരുത്തരും അവനവന്റെ ദിനചര്യയില്‍ മുന്നോട്ടുപോകണം. ഇത്തരം നിസ്സഹകരണ മനോഭാവം ഒരുപക്ഷെ അക്രമങ്ങള്‍ക്കും, സമാധാനക്കേടിനും ഇടവരുത്തും എന്നുള്ള ഭയവും സഹകരിയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഈ ഭയം ദൂരീകരിയ്ക്കുന്നതിനും , അക്രമങ്ങളും അപകടങ്ങളും ഒഴിവാക്കി ജനങ്ങള്‍ക്ക് നിസ്സഹകരണവുമായി മുന്നോട്ടുപോകുവാനും ഉള്ള സംരക്ഷണവും, ഉറപ്പും നല്‍കേണ്ടത് നിയമപാലകരാണ്. ഹര്‍ത്താല്‍ ദിവസം നിരത്തിലൂടെ വാഹനങ്ങള്‍ ഓടിയ്ക്കുവാനും, ഇറങ്ങി നടക്കാനും, വ്യാപാര വ്യവസായ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിയ്ക്കുന്നതിനും വേണ്ട സംരക്ഷണവും, ഉറപ്പും നിയമപാലകര്‍ നല്‍കണം. ഹര്‍ത്താലുകളിലൂടെ നമ്മുടെ ജനതയ്ക്കു വരുന്ന കഷ്ടതകള്‍ ദൂരീകരിയ്ക്കാനും, കൊച്ചു സംസ്‌റ്ത്ഥനത്തിനു നേരിടേണ്ടി വരുന്ന സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും ഇവ നിര്‍ത്തലാക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിയ്ക്കുവാനും ജനങളുടെ സംഘടനകള്‍ക്ക് കഴിയും. ഹര്‍ത്താലുകളെ ഊട്ടി വളര്‍ത്തിയ കേരള ജനതതന്നെ മതവും, രാഷ്ട്രീയവും, വിഭാഗവും മറന്നുകൊണ്ടു ഒറ്റക്കെട്ടായ സമീപനത്തിലൂടെ ഈ പ്രവണതയെ ഇല്ലാതാക്കാനും മുന്നോട്ടു വരണം.
Join WhatsApp News
P R Girish Nair 2018-03-07 05:06:27
1993ൽ മുംബൈ ഹൈക്കോടതി ബന്ദ്മൂലം ഉണ്ടാകുന്ന നാശനഷ്ടം ബന്ദ് നടത്തുന്ന രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഈടാക്കാൻ സർക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി. അതുപോലെ ഹർത്താലിന്റെ നാടായ കേരളത്തിലും ഈ നിയമം വരികയാണ് എങ്കിൽ ഹർത്താലുകളുടെ എണ്ണം കുറയും. കേരളത്തിലെ ജനം ഹർത്താൽ എന്നുകേട്ടാൽ അത് എങ്ങനെ ദേശീയഉത്സവം ആക്കിത്തീർക്കാം എന്ന് ആണ് അലോചിക്കുന്നത്. അതുമനസിലാക്കണംഎങ്കിൽ ഹർത്താലിന്റെ തലേദിവസത്തെ ബിവറേജസ് കോർപറേഷന്റെ വരുമാനം നോക്കിയാൽ മതിയാകും.

UPA മാറ്റി NDA ആക്കിയതുപോലെ ബന്ദിന്റെ പേര് മാറ്റി ഹർത്താൽ ആക്കി എന്നുമാത്രം. ബന്ദ്ഉം ഹർത്താലും മൂലം ദുരിതം അനുഭവിക്കുന്ന് സാധാരണക്കാരും ലാഭം ഉണ്ടാക്കുന്നത് രാഷ്ട്രീയക്കാരും മുതലാളിമാരും.

ശ്രീമതി ജ്യോതിലക്ഷ്മി സ്വപ്നം കാണുന്ന ബന്ദ്ഉം ഹർത്താലും ഇല്ലാത്ത കേരളത്തിനായി  വിഭാവനം ചെയ്യാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക