Image

ബേ മലയാളി സോക്കര്‍ മാമാങ്കത്തിന്‌ തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം Published on 29 June, 2011
ബേ മലയാളി സോക്കര്‍ മാമാങ്കത്തിന്‌ തുടക്കമായി
സാന്‍ഫ്രാന്‍സിസ്‌കോ: ബേ മലയാളി സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത്‌ കേരള ക്ലബ്ബിനുവേണ്ടിയുള്ള സോക്കര്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 25-ന്‌ ഫ്രീമോണ്ടിലുള്ള ഇര്‍വിംഗ്‌ ടര്‍ഫ്‌ ഗ്രൗണ്ടില്‍ ആരംഭിച്ചു. സാന്‍ ഹുസെ ക്‌നാനായ മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്‌തു. ബേ മലയാളി സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ ക്ലബ്ബിന്റെ കായിക വിനോദങ്ങള്‍ക്ക്‌ പ്രാധാന്യംകൊടുത്തുകൊണ്ടുള്ള സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ പ്രവര്‍ത്തനങ്ങളെ ഉദ്‌ഘാടന പ്രസംഗത്തില്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ അഭിനന്ദിച്ചു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സാന്‍ ഹുസെ സോക്കര്‍ സ്റ്റാര്‍സ്‌, മൗണ്ടന്‍ ഹൗസ്‌ കിക്കേഴ്‌സിനെ വാശിയേറിയ മത്സരത്തില്‍ പരാജയപ്പെടുത്തി. ഒന്നിനൊന്ന്‌ മാറ്റുരച്ച രണ്ടാമത്തെ കളിയില്‍ ബേ മലയാളി സിംഹം ടീം, മാവറിക്‌സ്‌ കേരള ടീമിനെ തോല്‍പിച്ചു. രണ്ടാമത്തെ മത്സരത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (എം.എ.എന്‍.സി.എ) പ്രസിഡന്റ്‌ ടോജോ തോമസ്‌ മുഖ്യാതിഥിയായിരുന്നു.

എല്ലാ ശനിയാഴ്‌ചയും രണ്ടു കളികള്‍ വീതമുള്ള ഈ ടൂര്‍ണമെന്റിന്റെ അടുത്ത മത്സരങ്ങള്‍ ജൂലൈ 9-ന്‌ ഇതേ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. ഫൈനല്‍ മത്സരം ജൂലൈ 30-ന്‌ ആയിരിക്കും. അന്നേദിവസം ബേ മലയാളി സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ ക്ലബിന്റെ കുട്ടികളുടെ ടീമുകളുടെ പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കുന്നതാണ്‌. ടെക്‌ വിസ്‌ത കമ്പനിയാണ്‌ വിജയികള്‍ക്കുള്ള ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌.

ഈ വേനല്‍ക്കാല അവധി സമയത്ത്‌ പതിവുപോലെ കുട്ടികള്‍ക്കുള്ള സൗജന്യ സോക്കര്‍ പരിശീലനം ജൂലൈ 16-ന്‌ ആരംഭിക്കുമെന്ന്‌ ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ ആറ്‌ വര്‍ഷങ്ങളിലായി സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മലയാളികളെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന നോണ്‍-പ്രോഫിറ്റ്‌ സംഘടനയായ ബേ മലയാളി സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ ക്ലബ്‌ സോക്കര്‍, ക്രിക്കറ്റ്‌, ബാസ്‌ക്കറ്റ്‌ ബോള്‍, ബാറ്റ്‌മിന്റണ്‍, വോളിബോള്‍ എന്നീ കളികളിലൂടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കായിക വിനോദത്തിനും, ആരോഗ്യകരമായ ജീവിതശൈലിക്കും മലയാളികളുടെ ഒത്തൊരുമയ്‌ക്കും വേദിയൊരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ക്ലബ്ബിന്റെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക: www,baymalayali.org
ബേ മലയാളി സോക്കര്‍ മാമാങ്കത്തിന്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക