Image

വിശന്നവന്‍ (കവിത-ശശിലേഖ ജ്യോതിക്, ഡാലസ്)

ശശിലേഖ ജ്യോതിക്, ഡാലസ് Published on 01 March, 2018
വിശന്നവന്‍ (കവിത-ശശിലേഖ ജ്യോതിക്, ഡാലസ്)
അവന്‍ വിശക്കുന്നവനായിരുന്നു
അന്നം മോഷ്ടിച്ച
അവനെ നമ്മള്‍
കല്ലെറിഞ്ഞു കൊന്നു തോല്‍പ്പിച്ചു

അവന്‍ മുഷിഞ്ഞവനായിരുന്നു
വാക്കുകളില്ലാത്ത
അവനെ നമ്മള്‍
അസഭ്യം പറഞ്ഞു
വാക്കാല്‍ തോല്‍പ്പിച്ചു

അവന്‍
ഓര്‍മ്മകളില്ലാത്തവനായിരുന്നു
നിരാലംബമായ
അവനെ നമ്മള്‍
കൈകാല്‍ കെട്ടി വന്യമായ് തോല്‍പ്പിച്ചു

അവന്‍ കറുത്തവനായിരുന്നു
അവന്റെ
ദാരിദ്യത്തിന്റെ ദൈന്യതയെ
നമ്മള്‍ - സുമുഖതയുടെ
സ്വചിത്രം
പകര്‍ത്തി ആഘോഷിച്ചു
തോല്‍പ്പിച്ചു

അവന്‍ വിശക്കുന്നവനായിരുന്നു
അന്നം മോഷ്ടിച്ച
അവനെ നമ്മള്‍
കല്ലെറിഞ്ഞു കൊന്നു തോല്‍പ്പിച്ചു

അവന്‍
കറുത്തവന്‍
വിശന്നവന്‍
ഓര്‍മ്മയില്ലാത്തവന്‍
വാക്കുകളില്ലാത്തവന്‍
അധസ്ഥിതന്‍

ഹൃദയത്തിലെ
കറുപ്പും
തലച്ചോറിലെ
വെറുപ്പും
മനുഷ്യത്വത്തിന്റെ
ദാരിദ്യ്രവും
അവനായി പങ്കുവെച്ച
നമ്മള്‍-പ്രബുദ്ധര്‍ 
വിശന്നവന്‍ (കവിത-ശശിലേഖ ജ്യോതിക്, ഡാലസ്)വിശന്നവന്‍ (കവിത-ശശിലേഖ ജ്യോതിക്, ഡാലസ്)
Join WhatsApp News
വിദ്യാധരൻ 2018-03-01 22:40:49
ക്രൂശിതനായ യേശുവിന്റെ രൂപം
മനസ്സിൽ ഉയരുന്നു
യെശയ്യാ പ്രവാചകന്റെ വാക്കുകൾ
കാതുകളിൽ അലയടിക്കുന്നു
ശ്രീദേവിയെപ്പോലെ
"അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല;
കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും
വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു;
അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം
അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു;
നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ,
ദൈവം അവനെ ശിക്ഷിച്ചും അടിച്ചും
ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം
മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം
തകർ‍ന്നും ഇരിക്കുന്നു;
"ഹൃദയത്തിലെ കറുപ്പും
തലച്ചോറിലെ വെറുപ്പും
മനുഷ്യത്വത്തിന്റെ ദാരിദ്ര്യവും'
അവനെ അടിച്ചും ഇടിച്ചും
കൊല്ലുവാൻ തക്കവണ്ണം
നമ്മളെ പ്രബുദ്ധരാക്കി
ദൈവം വീണ്ടും
കുല ചെയ്യപ്പെട്ടിരിക്കുന്നു

നിരീശ്വരവാദി 2018-03-02 13:20:54
എന്താണ് ഒരു യദാർത്ഥ മനുഷ്യനിൽ കാണേണ്ട യോഗ്യത? അത് മനുഷ്യത്വമാണ് .  എന്നാൽ അത് അനുദിനം ഭൂമിയിൽ നിന്ന് നഷ്ടം ആയികൊണ്ടിരിക്കുന്നു . അതിന്റെ ഫലമാണ് മറ്റൊരു മനുഷ്യ ജീവി അവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ആഹാരത്തിനായി ശ്രമിക്കുമ്പോൾ, അതും മാനസിക നില തെറ്റിയ സ്ഥിതിയിൽ, അവനെ കൂട്ടമായി ക്രൂരമായി കുല ചെയ്യുന്നത്.  ആർദ്രതയും ദയയും മാനുഷിത്വവുമുള്ള ഒരു ദൈവത്തേക്കാളും മനുഷ്യന് ആവശ്യം അടിച്ചൊതുക്കാൻ തല്ലിക്കൊല്ലാൻ കൂട്ട് നിൽക്കുന്ന ഒരു ദൈവത്തെയാണ് .  യുദ്ധങ്ങളുടെ വിജയങ്ങൾക്ക് വേണ്ടി പ്രാത്ഥനയും വഴിപാടും യാഗവും നടത്തിക്കൊണ്ടിരുന്ന ഒരു സംസ്കാരമാണ്  ഭൂമിയിൽ ഉണ്ടായിരുന്നത് . അതിന് തെളിവ് ഇന്ന് ദൈവവാദികൾ നിരത്തുന്ന ബൈബിളും വേണ്ടങ്ങളും ഖുറാനുമൊക്കെ തന്നെയാണ്.  അവർക്ക് ഉത്തരംമുട്ടുമ്പോൾ മ്പോൾ എല്ലാം ദൈവ നിശ്ചയമെന്നു പറഞ്ഞു മാറി നിൽക്കും .  സ്വന്തം ഹൃദയത്തിൽ ആർദ്രതയുടെയും ദയയുടെയും , മനുഷ്യത്ത്വത്തിന്റെയും ദൈവത്തെ കണ്ടെത്താത്ത  "മൂഡാ  നിന്റെ മുതുകിന് വടി "
ഇവിടെ കവിത എഴുതിയ ശശിലേഖയും  അഭിപ്രായം എഴുതിയ വിദ്യാധരനും നമ്മളെ ചിന്തിപ്പിക്കുന്നു .  ദൈവം നിരന്തരം ഭൂമിയിൽ ക്രൂശിക്കപ്പെടുന്നു .  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക