Image

വീണ്ടും ആ പഴയ കല്യാണം

Published on 02 March, 2018
  വീണ്ടും ആ പഴയ കല്യാണം
തൊണ്ണൂറുകളുടെ അവസാനം കഥാപശ്ചാത്തലമായി വരുന്ന ചിത്രമാണ്‌ കല്യാണം. നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ്‌ നായകനാകുന്ന ചിത്രം. പ്രണയം തുറന്നു പറയാന്‍ കത്തുകളും വളരെ അപൂര്‍വമായി മാത്രം ഫോണും ഉണ്ടായിരുന്ന ആ കാലം.

 പ്രണയം പെരുവെള്ളം പോലെ ഉള്ളില്‍ നിറഞ്ഞാലും പുറത്തു പറയാന്‍ കഴിയാതെ നടന്നിരുന്ന ചെറുപ്പക്കാര്‍. വാട്ട്‌സാപ്പും ഫേസ്‌ബുക്കുമെല്ലാം വരുന്നതിനു മുമ്പുള്ള കാലത്ത്‌ ഉള്ളിലുള്ള പ്രണയം തുറന്നു പറയാന്‍ കഴിയാതെ പോയ യുവതീയുവാക്കള്‍ക്കുള്ള സമര്‍പ്പണമായാണ്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. കല്യാണം ഒരു പൈങ്കിളിക്കഥ എന്ന ടാഗ്‌ ലൈനും ഉണ്ട്‌.

കരയോഗം പ്രസിഡന്റ്‌ സഹദേവന്‍ നായരുടെ മകള്‍ ശരണ്യയും(വര്‍ഷ) അയല്‍വാസിയായ പ്രഭാകരന്റെ (ശ്രീനിവാസന്‍)മകന്‍ ശരത്തും (ശ്രാവണ്‍) ഒരുമിച്ചു പഠിച്ചവരാണ്‌. ശരത്തിന്‌ ശരണ്യയെ വളരെ ഇഷ്‌ടമാണ്‌. പക്ഷേ അതൊരിക്കലും തുറന്നു പറയാന്‍ അവന്‌ കഴിയുന്നില്ല. സുഹൃത്തുക്കളുണ്ടെങ്കിലും അതുവഴിയും അവളെ അറിയിക്കാന്‍ കഴിയുന്നില്ല.

പക്ഷേ രണ്ടു പേര്‍ക്കും പരസ്‌പരം ഇഷ്‌ടമാണ്‌. അതു തുറന്നു പറയാന്‍ കഴിയുന്നില്ല. ഒടുവില്‍ ശരണ്യയുടെ വിവാഹം നിശ്ചയിക്കുന്നു. കല്യാണ തലേന്ന്‌ ചില അപ്രതീക്ഷിത വഴിത്തിരിവുകള്‍ സംഭവിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന അനിശ്ചിതത്വവും ആകസ്‌മികതകളുമൊക്കെയായി ചിത്രം ശുഭകരമായി പര്യവസാനിക്കുന്നു.

വലിയ അവകാസ വാദങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടില്ല. അതുകൊണ്ടു തന്നെ അത്യാവശ്യാം കാണാന്‍ പറ്റുന്ന ഒരു സിനിമ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ്‌ കല്യാണം.മുകേഷിന്റെ മകന്‍ നായകനാകുന്ന ആദ്യ മലയാള ചിത്രം എന്നതും അച്ഛനും മകനും ഒരേ സിനിമയില്‍ തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കുന്നു എന്നതുമായിരുന്നു കല്യാണം എന്ന ചിത്രത്തിന്റെ ആകര്‍ഷമായ ഒരു ഘടകം.

തുടക്കക്കാരന്‍ എന്ന നിലയില്‍ ശ്രാവണ്‍ തന്റെ കഥാപാത്രത്തോട്‌ പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്‌. നായികയായി എത്തിയ വര്‍ഷയും വളരെ നല്ല അഭിനയം കഴ്‌ച വച്ചു. അതു പോലെ തന്നെ മുകേഷിന്റെ കഥാപാത്രമായ സഹദേവനും ശ്രീനിവാസന്‍ അവതരിപ്പിച്ച പ്രഭാകരനും. കഥയിലെ ചില സന്ദര്‍ഭങ്ങള്‍ കാണുമ്പോള്‍ തൊണ്ണൂറുകളിലെ സിനിമകളില്‍ നായികാ നായകന്‍മാരുടെ അച്ഛന്‍ കഥാപാത്രങ്ങളായി ജഗതി, ഇന്നസെന്റ്‌, ഒടുവില്‍ എന്നിവര്‍ ചെയ്‌ത ചില കഥാപാത്രങ്ങളെ അനുസ്‌മരിപ്പിക്കും.

തൊണ്ണൂറുകളുടെ കാലഘട്ടത്തെ വളരെ ഭംഗിയായി തന്നെ അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌
മാരുതി 800 ഉം കാറ്റില്‍ ഉലയാതെ ആന്റിന തിരിച്ചു വയ്‌ക്കുന്നതും ശക്തിമാന്‍ സീരിയലും വീഡിയോ കാസറ്റിന്റെ പ്രാധാന്യവുമെല്ലാം കാട്ടിത്തരുന്നുണ്ട്‌.

ഈ ചിത്രത്തില്‍ ദ്രിതംഗ പുളകിതനായി എന്ന ഗാനം ദുല്‍ഖര്‍ സല്‍മാന്‍ ആലപിക്കുന്നു എന്നതും പ്രത്യേകതയായിരുന്നു. ഗ്രിഗറി, ഹരീഷ്‌ കണാരന്‍, മാലാ പാര്‍വതി എന്നിവരും തങ്ങളുടെ കഥാപാത്രത്തോട്‌ പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്‌.

ചെറിയ ബജറ്റില്‍ അവതരിപ്പിക്കുന്ന സിനിമകള്‍ക്ക്‌ സാങ്കേതികമായ പെര്‍ഫെക്ഷന്‍ പല കാര്യങ്ങളിലും ചിലപ്പോള്‍ കൈവിട്ടു പോകാറുണ്ട്‌. അത്‌ ഈ സിനിമയ്‌ക്കും സംഭവിച്ചിട്ടുണ്ട്‌. എന്നാലും കുടുംബസമേതമോ കൂട്ടുകാര്‍ക്കൊപ്പമോ പോയി കാണാന്‍കഴിയുന്ന ചിത്രമാണ്‌ കല്യാണം. ഗംഭീര സദ്യയൊന്നും പ്രതീക്ഷിക്കരുത്‌ എന്നു മാത്രം.





























































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക