Image

വിദേശ നഴ്‌സുമാരെ മാടി വിളിച്ച് ജര്‍മന്‍ ആരോഗ്യ മന്ത്രി

Published on 03 March, 2018
വിദേശ നഴ്‌സുമാരെ മാടി വിളിച്ച് ജര്‍മന്‍ ആരോഗ്യ മന്ത്രി

ബര്‍ലിന്‍: ജര്‍മനിയിലെ ഹെല്‍ത്ത് മേഖലയിലെ നഴ്‌സുമാരുടെ അപര്യാപ്ത തുറന്നു പറഞ്ഞ് വെസ്റ്റ് ഫാളിയ ആരോഗ്യമന്ത്രി കാള്‍ ജോസഫ് ലൗമാന്‍(സിഡിയു). തന്റെ സംസ്ഥാനം മാത്രമല്ല രാജ്യമൊട്ടാകെ നഴ്‌സുമാരുടെ ദൗര്‍ലഭ്യം ഈ മേഖലയെ ആകെ പിടിച്ചു കുലുക്കിയെന്നും ആരോഗ്യപരിപാലനത്തിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ആശുപത്രികളില്‍ വേണ്ടത്ര നഴ്‌സുമാരും ഒപ്പം ഡോക്ടര്‍മാരും ഇല്ലെങ്കില്‍ രോഗികള്‍ ആശുപത്രികള്‍ ഉപേക്ഷിയ്ക്കുക തന്നെ ചെയ്യുമെന്നാണ് സിഡിയുക്കാരനായ മന്ത്രിയുടെ പക്ഷം. അതിനുള്ള പുതിയ പദ്ധതി മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ മുന്നണി കരാറനുസരിച്ച് നടപ്പാക്കുമെന്നും മന്ത്രി ലൗമാന്‍ പറഞ്ഞു. ഡ്യൂയിസ്ബുര്‍ഗ് ഫാര്‍നര്‍ ആശുപത്രിയുടെ കീഴിലുള്ള നഴ്‌സിംഗ് സ്‌കൂള്‍ സന്ദര്‍ശിച്ച് അധികൃതരുമായി കൂടിക്കണ്ട ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവാണ് വെസ്റ്റ് ഫാളിയ സംസ്ഥാനം ഭരിക്കുന്നത്. 

നഴ്‌സിംഗ് ജോലിയില്‍ താത്പര്യമില്ലാത്ത ജര്‍മന്‍ ജനതയെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ആവും വിധം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നഴ്‌സിംഗ് പ്രഫഷനുകള്‍ക്കായി രാജ്യം ലോകത്തിലെ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മെര്‍ക്കലിന്റെ പുതിയ മുന്നണി കരാറുണ്ടാക്കിയത്. യോഗ്യതയുള്ള 8,000 വിദേശ നഴ്‌സുമാര്‍ക്ക് അടിയന്തരമായി രാജ്യത്ത് ജോലി നല്‍കുമെന്ന് മെര്‍ക്കല്‍ കഴിഞ്ഞ മാസം ഒന്നിന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൃദ്ധ സദനങ്ങള്‍ ഉള്‍പ്പടെ ഈ മേഖലയില്‍ ഏതാണ്ട് ഒരു ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

നഴ്‌സിംഗ് ബിരുദവും ജര്‍മന്‍ ഭാഷയില്‍ ബി 2 (ആ 2) ഉം പാസായവരെയാണ് ജര്‍മനി ഇപ്പോള്‍ മാടി വിളിക്കുന്നതെന്നു മന്ത്രി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുടെ വന്‍ കുടിയേറ്റം ഉണ്ടായെങ്കില്‍ മാത്രമേ ജര്‍മനിയുടെ നിസംഗതാവസ്ഥ മാറിക്കിട്ടുകയുള്ളുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജോലിക്കായി വിദേശ നഴ്‌സുമാര്‍ക്കുവേണ്ടി ജര്‍മനിയുടെ വാതില്‍ തുറന്നിടേണ്ട അവസ്ഥയാണ് രാജ്യത്തുണ്ടായതെന്നും മന്ത്രി പറഞ്ഞു.

തന്റെ സംസ്ഥാനത്ത് പ്രതിവര്‍ഷം 5,000 നഴ്‌സുമാര്‍ വേണ്ടെന്നിരിക്കെ അത്രയും പേരെ കിട്ടാത്ത അവസ്ഥയാണുള്ളത്. ഇപ്പോഴും 2300 ഓളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് നികത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അത്യാവശ്യ പരിചരണം വേണ്ടുന്നവരുടെ ആവശ്യം ഓരോ വര്‍ഷവും മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ നഴ്‌സിംഗ് കോളജുകളോട് വിദ്യാര്‍ഥികളുടെ സീറ്റ് വര്‍ധിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 1.2 ദശലക്ഷം ജോലിക്കാര്‍ക്കായുള്ള ഒരു ലോബിയായി നഴ്‌സിംഗ് ചേംബര്‍ സ്ഥാപിക്കാന്‍ ആലോചനയുണ്ടെന്നും മന്ത്രി ലൗമാന്‍ പറഞ്ഞു.

നിലവില്‍ നഴ്‌സിംഗ് കോളജുകള്‍ 120 മുതല്‍ 270 വിദ്യാര്‍ഥികള്‍ക്കാണ് നഴ്‌സിംഗ് പരിശീലനത്തിനായി പ്രവേശനം നല്‍കുക. ഇതിനു മാറ്റം വരുത്തി കൂടുതല്‍ കുട്ടികള്‍ക്ക് പഠന സൗകര്യം ഉണ്ടാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 

നഴ്‌സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ, ജര്‍മന്‍ ഭാഷയില്‍ പരിജ്ഞാനമുള്ളവര്‍ (ബി 2) എത്രയും വേഗം ജര്‍മന്‍ കോണ്‍സുലേറ്റുമായി / എംബസിയുമായി ബന്ധപ്പെട്ട് അവശ്യം വേണ്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (ജോബ് ഓഫര്‍, നഴ്‌സിംഗ് യോഗ്യതയുടെ ട്രാന്‍സ്ലേറ്റ് ചെയ്ത അറ്റസ്റ്റഡ് കോപ്പി, ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ്) സഹിതം അപേക്ഷിക്കേണ്ടതാണ്. (അപേക്ഷിയ്ക്കുന്നവരുടെ സര്‍ട്ടിക്കിക്കറ്റുകള്‍ ജര്‍മന്‍ മധികൃതര്‍ സൂക്ക്ഷ പരിശോധന നടത്തി അംഗീകാരം കിട്ടിയെങ്കില്‍ മാത്രമേ വീസയും വര്‍ക്കു പെര്‍മിറ്റും ലഭിക്കുകയുള്ളൂ. ഇതിനു മൂന്നു മുതല്‍ ആറു മാസം വരെ കാലതാമസം വേണ്ടിവരും. ജര്‍മനിയിലേയ്ക്കു നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായി ഒരു രാജ്യത്തും ഒരു ഏജന്‍സിയേയും ജര്‍മന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ല എന്ന കാര്യം കൂടി ഈയവസരത്തില്‍ പ്രത്യേകം സൂചിപ്പിക്കുന്നു.

ദീപിക മുന്‍ പ്രസിദ്ധീകരിച്ച (ഡിസംബര്‍ 2, 2013, ഡിസംബര്‍ 20, 2017, ഫെബ്രുവരി 2, 2018) വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒട്ടനവധി മലയാളികള്‍ ഇതിനോടകം ജര്‍മനിയില്‍ നഴ്‌സിംഗ് ജോലിക്കായി എത്തിയിട്ടുണ്ട്. ഇങ്ങോട്ടേയ്ക്കു വരാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞ് നിരവധി ഫോണ്‍ കോളുകളും ലേഖകനു ലഭിക്കുന്നുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക