Image

അതിശൈത്യത്തില്‍ മഞ്ഞു പുതച്ചു യൂറോപ്പ് ; മരണസംഖ്യ ഉയരുന്നു

Published on 03 March, 2018
അതിശൈത്യത്തില്‍ മഞ്ഞു പുതച്ചു യൂറോപ്പ് ; മരണസംഖ്യ ഉയരുന്നു

ബ്രസല്‍സ്: അതിശൈത്യം മൂലം യൂറോപ്പില്‍ മരണസംഖ്യ ഉയരുന്നു. പോളണ്ടില്‍ മാത്രം 23 പേരാണ് കൊല്ലപ്പെട്ടത്. മിക്ക രാജ്യങ്ങളിലും വീടില്ലാത്തവര്‍ക്കായി ഷെല്‍റ്ററുകള്‍ തുറന്നു കഴിഞ്ഞു. എന്നാല്‍, വന്‍കരയിലാകമാനം 60 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പറയുന്നു. 

സ്ലൊവാക്യയില്‍ ഏഴ്, ചെക് റിപ്പബ്ലിക്കിലെ ആറ്, ലിത്വാനിയയില്‍ അഞ്ചും, ഫ്രാന്‍സില്‍ നാല്, സ്‌പെയിന്‍ മൂന്നും പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണട്. ഇറ്റലി, റൊമാനിയ, സെര്‍ബിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളും ശൈത്യത്തിന്റെ പിടിയിലാണ്. 

അയര്‍ലന്‍ഡില്‍ വിമാനങ്ങള്‍ അടക്കം എല്ലാ ഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.

സൈബീരിയയില്‍നിന്നു വന്ന ഉയര്‍ന്ന മര്‍ദം കാരണമുള്ള കഠിനമായ തണുപ്പ് തെക്ക് മെഡിറ്ററേനിയന്‍ തീരം വരെ വ്യാപിച്ചു കഴിഞ്ഞു. വാരാന്ത്യംവരെ കടുത്ത തണുപ്പുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

ജര്‍മനിയില്‍ ഗതാഗതം ഏറെ തടസങ്ങള്‍ സൃഷ്ടിയ്ക്കുന്നു. മഞ്ഞു വീണുറഞ്ഞ റോഡുകള്‍ മിനുസമാവുകയും(ഗ്‌ളാറ്റ് ഐസ്) തെന്നല്‍ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്കു നീങ്ങിയിരിക്കുകയയാണ്. ഗതാഗത മുന്നറിയിപ്പുകള്‍ നല്‍കി കഴിഞ്ഞു. അതിശൈത്യത്തില്‍ ബാള്‍ട്ടിക് സീ ഉറഞ്ഞുകിടക്കുകയാണ്. അന്തരീക്ഷ താപനില മൈനസ് 17 മുതല്‍ 26 വരെയും രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

യൂറോപ്യന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് ഒന്നിന് വസന്തകാലം ആരംഭിക്കേണ്ടതാണ്. എന്നാല്‍ ശൈത്യത്തിന്റെ പിടിയില്‍ നിന്നും ഇതുവരെയും മുക്തി നേടിയെന്നല്ല ഇനിയും കാത്തിരിക്കേണ്ട അവസ്ഥയുമാണുണ്ടായിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക