Image

അബുദാബി ഫെസ്റ്റിവല്‍ എട്ടു മുതല്‍; ഇന്ത്യ അതിഥി രാജ്യം

Published on 03 March, 2018
അബുദാബി ഫെസ്റ്റിവല്‍ എട്ടു മുതല്‍; ഇന്ത്യ അതിഥി രാജ്യം

അബുദാബി: ഏറ്റവും വലിയ സാംസ്‌കാരിക ആഘോഷമായ പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലിന് മാര്‍ച്ച് എട്ടിന് തുടക്കം കുറിക്കും. ആഗോളതലത്തിലെയും അറബ് ലോകത്തിലെയും സാംസ്‌കാരിക മേഖലകള്‍ സമന്വയിപ്പിക്കുന്ന കലാമാമാങ്കം മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഒരുക്കുന്നത് .

ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മദിന വര്‍ഷികാചരണത്തോടനുബന്ധിച്ചു നടക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയാണ് അതിഥി രാജ്യം. 

ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറെ കലാരൂപങ്ങള്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന അബുദാബി ഫെസ്റ്റിവലില്‍ അവതരിപ്പിക്കുമെന്നു ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി അറിയിച്ചു. 30 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഭാഗമാവുന്ന ഫെസ്റ്റിവല്‍ വിവിധ വേദികളിലാണ് നടക്കുക. ഇന്ത്യയിലെ തനുശ്രീ ശങ്കര്‍ ഡാന്‍സ് അക്കാദമി 19ന് എമിറേറ്റ്‌സ് പാലസില്‍ വീ ദി ലിവിംഗ്’ എന്ന നൃത്ത സംഗീത പരിപാടി അവതരിപ്പിക്കും. സൂഫി കവി റൂമിയുടെ മനുഷ്യന്‍’ എന്ന കവിതയുടെ ആവിഷകാരമാണിത്. 23 നു അല്‍ ഇമറാത്ത് പാര്‍ക്കില്‍ രഘു ദീക്ഷിത് പ്രോജക്ടിന്റെ സംഗീത പരിപാടിയും 22, 23 തീയതികളില്‍ ബോളിവുഡ് ഡാന്‍സ് ശില്പശാലയും നടക്കും. 25ന് എമിറേറ്റ്‌സ് പാലസില്‍ സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്റെ സംഗീതപരിപാടി, നാടന്‍കല, ആധുനിക ബാലെ, സമകാലിക നൃത്തരൂപങ്ങള്‍ എന്നിവയും നടക്കും. എട്ടു മുതല്‍ 30 വരെ കാലിഗ്രാഫി ആര്‍ടിസ്റ്റ് രാജീവ് കുമാറിന്റെ കലാ പ്രദര്‍ശനവും എമിറേറ്റ്‌സ് പാലസില്‍ നടക്കും.

യുഎഇ സഹിഷ്ണുതാ വകുപ്പു സഹ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാനാണ് മേളയുടെ രക്ഷാധികാരി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക