Image

ലോസ്‌ആഞ്ചലസില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്‌ കൊടിയേറി

ജോയിച്ചന്‍ പുതുക്കുളം Published on 29 June, 2011
ലോസ്‌ആഞ്ചലസില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്‌ കൊടിയേറി
ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാ അന്നായിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ ഇടവകയുടെ മധ്യസ്ഥനായ മാര്‍ത്തോമാശ്ശീഹായുടെ തിരുനാളിന്‌ കൊടിയേറി. കഴിഞ്ഞ പത്ത്‌ വര്‍ഷങ്ങളായി കൊണ്ടാടാറുള്ള വിശുദ്ധന്റെ തിരുനാള്‍ ഈവര്‍ഷം ജൂണ്‍ 26 മുതല്‍ ജൂലൈ പത്തുവരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ഞായറാഴ്‌ച രാവിലെ ദിവ്യബലിക്കുശേഷം നൊവേനയും തുടര്‍ന്ന്‌ ലദീഞ്ഞിനോടുകൂടി മുത്തുക്കുടകളുടേയും പഞ്ചവാദ്യാഘോഷങ്ങളോടുംകൂടിയുള്ള പ്രദക്ഷിണത്തില്‍ പ്രാര്‍ത്ഥനാഗീതങ്ങളുടെ നിറവില്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ തിരുനാള്‍ പതാക ഉയര്‍ത്തിയപ്പോള്‍ ഉയര്‍ന്ന വെടിക്കെട്ട്‌ ശബ്‌ദം ഏവരിലും പുതുമയുണര്‍ത്തി.

ജൂണ്‍ 27-ന്‌ തിങ്കള്‍ മുതല്‍ എല്ലാദിവസവും വൈകുന്നേരം 7.30-ന്‌ കുര്‍ബാനയും. തോമാശ്ശീഹായുടെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്‌. തിരുനാളിന്റെ ഈ ദിവസങ്ങളില്‍ വി. തോമാശ്ശീഹായുടെ തിരുശേഷിപ്പ്‌ വണങ്ങി ആരാധിച്ച്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, വിവിധതരം കഴുന്ന്‌ എഴുന്നെള്ളിക്കാനും സൗകര്യമുണ്ടായിരിക്കും.

ജൂലൈ ഒന്നിന്‌ വെള്ളിയാഴ്‌ച രാത്രി എട്ടുമണിക്ക്‌ ബ. അഗസ്റ്റിനച്ചന്റെ നേതൃത്വത്തില്‍ ദിവ്യബലിയും നൊവേനയും തുടര്‍ന്ന്‌ നൈറ്റ്‌ വിജിലും ഉണ്ട്‌. ജൂലൈ രണ്ടിന്‌ ശനിയാഴ്‌ച രാവിലെ 5 മണിക്കും 8 മണിക്കും ദിവ്യബലി.

മുഖ്യതിരുനാള്‍ ദിനമായ ജൂലൈ 3-ന്‌ ഞായറാഴ്‌ച വൈകുന്നേരം ആഘോഷങ്ങള്‍ അരങ്ങേറും. 4 മണിക്ക്‌ വിശുദ്ധരുടെ രൂപം വെഞ്ചരിപ്പ്‌, 4.30-ന്‌ പ്രശസ്‌ത സംഗീതജ്ഞനായ റവ.ഫാ. മാര്‍ട്ടിന്‍ വരിക്കനാനിക്കല്‍ മുഖ്യകാര്‍മികനായ ദിവ്യബലിയില്‍ റവ.ഡോ. ജോസഫ്‌ കുരുവിള ഒ.സി.ഐ തിരുനാള്‍ സന്ദേശം നല്‍കും. റവ.ഫാ. തോമസ്‌ മുളവനാല്‍, റവ. ഫാ. ജോസ്‌ പരത്തിനാല്‍ സി.എം.ഐ, റവ.ഫാ. സോണി ജോസഫ്‌ എസ്‌.വി.ഡി, റവ.ഡോ. ജോസഫ്‌ കട്ടയ്‌ക്കല്‍, റവ.ഡോ. അഗസ്റ്റിന്‍ പലക്കാപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ദേവാലയത്തിലെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും, തുടര്‍ന്ന്‌ സ്‌നേഹവിരുന്നും നടക്കും. രാത്രി എട്ടുമണി മുതല്‍ സുപ്രസിദ്ധ മിമിക്രി ആര്‍ട്ടിസ്റ്റ്‌ സജി പിറവം നയിക്കുന്ന കലാസന്ധ്യ അരങ്ങേറും. ജൂലൈ പത്തിന്‌ വി. കുര്‍ബാനയ്‌ക്കുശേഷം കൊടിയിറക്കില്‍ ചടങ്ങ്‌ നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ ജോര്‍ജ്‌കുട്ടി തോമസ്‌ പുല്ലാപ്പള്ളിയും, ടോമി തോമസ്‌ പുല്ലാപ്പള്ളിയും കുടുംബാംഗങ്ങളുമാണ്‌.

തിരുനാളിലും തിരുകര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന്‌ വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബ. അഗസ്റ്റിനച്ചനും, പ്രസുദേന്തിമാരും, ട്രസ്റ്റിമാരും, ജാതിമതഭേദമെന്യേ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. അഗസ്റ്റിന്‍ (714 530 2900), ജോര്‍ജുകുട്ടി (562 413 0787), ജോസുകുട്ടി (760 949 8108), ഷാജി (310 940 6160). ജോര്‍ജുകുട്ടി പുല്ലാപ്പള്ളി അറിയിച്ചതാണിത്‌.
ലോസ്‌ആഞ്ചലസില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്‌ കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക