Image

ഫണ്ടാസ്റ്റിക്ക് വുമണിന് മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാര്‍

ജോര്‍ജ് തുമ്പയില്‍ Published on 04 March, 2018
ഫണ്ടാസ്റ്റിക്ക് വുമണിന് മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാര്‍
മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌ക്കാര്‍ പുരസ്‌ക്കാരം സെബാസ്റ്റ്യന്‍ ലിലിയോ സംവിധാനം ചെയ്ത ചിലിയന്‍ ചിത്രമായ 'എ ഫണ്ടാസ്റ്റിക്ക് വുമണ്‍' സ്വന്തമാക്കി. ചിത്രം നേരത്തെ 67-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയിരുന്നു. സംവിധായകനും ഗോണ്‍സാലോ മാസയും ചേര്‍ന്നാണ് ചിത്രത്തിന് കഥയെഴുതിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വച്ചത്. സ്പാനിഷ് ഭാഷയിലുള്ള ഈ ചിത്രത്തില്‍ മറീന വിദല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ഡാനിയേല വേഗ അവതരിപ്പിക്കുന്നു. 

തന്നേക്കാള്‍ മുപ്പതു വയസ്സു മൂപ്പുള്ള ഒര്‍ലാന്‍ഡോയെ സ്‌നേഹിക്കുന്ന മറീനയുടെ വികാരതീവ്രമായ കഥയാണിത്. മറീന ഒരു ഗായികയും വെയിറ്ററുടെ പണിയെടുക്കുകയും ചെയ്യുന്ന യുവതിയാണ്. ഒര്‍ലാന്‍ഡോയ്ക്ക് സ്വന്തമായി പ്രിന്റിങ് പ്രസ്സ് ഉണ്ട്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നുവെങ്കിലും വിധി എതിരാവുന്നു. ഒര്‍ലാന്‍ഡോ പൊടുന്നനെ മരണടയുന്നു. അയാളുടെ മരണത്തിന് ഉത്തരവാദി മറീനയാണെന്ന് ആരോപിച്ച് ആദ്യ ഭാര്യയും മകനും രംഗത്തു വരുന്നു. ഒര്‍ലാന്‍ഡോയോടൊപ്പം ഒന്നിച്ചു താമസിച്ചിരുന്നു ഫഌറ്റില്‍ നിന്നും മറീനയെ ഇറക്കി വിടുന്നു. അവളൊരു ഭിന്നലിംഗക്കാരിയാണെന്നും ഒര്‍ലാന്‍ഡോയുടെ സ്വത്തുക്കളായിരുന്നു ലക്ഷ്യമെന്നും ഉള്ള ആരോപണങ്ങള്‍ക്കെതിരേ ശക്തമായി യുദ്ധം ചെയ്യുന്ന മറീനയുടെ പോരാട്ടവീര്യമാണ് ചിത്രത്തിന്റെ കാതല്‍.

ബെല്‍ജിയം ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌ക്കാരം, കബോര്‍ഗ് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌ക്കാരം, ഗോയ അവാര്‍ഡ്, ഹവാന ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, ഇന്‍ഡിപെന്‍ഡന്റ് സ്പിരിറ്റ് അവാര്‍ഡ്, നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ പുരസ്‌ക്കാരം, പാം സ്പ്രിങ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ചിത്രം വാരിക്കൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ, ഓസ്‌ക്കാര്‍ പുരസ്‌ക്കാരവും.
ചിത്രം സോണി പിക്‌ചേഴ്‌സാണ് റിലീസ് ചെയ്യുന്നത്. 'ഊന മുഹേര്‍ ഫാന്റിയാസ്റ്റിക' എന്നാണ് സ്പാനിഷ് ഭാഷയില്‍ ചിത്രത്തിന്റെ പേര്.
ഫണ്ടാസ്റ്റിക്ക് വുമണിന് മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക