Image

ആകാശവാണി- (വിനോദ് കൃഷ്ണ)

വിനോദ് കൃഷ്ണ Published on 05 March, 2018
ആകാശവാണി- (വിനോദ് കൃഷ്ണ)

ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍...


ഞാന്‍ ഓടി. വീട്ടില്‍ നിന്നും ഏകദേശം ഇരുപതു മീറ്റര്‍ അകലെയാണ് ഞങ്ങളുടെ കിണറും കുളിമുറിയും.  ഇന്ന് വെള്ളിയാഴ്ചയാണ്.  സ്‌കൂള്‍ നേരത്തെ തുടങ്ങും.  തിടുക്കത്തില്‍ തൊട്ടിയെടുത്തു കിണറ്റിലേക്കിട്ടു വെള്ളം കോരി ബക്കറ്റു നിറച്ചു.  ചെറു ചാറ്റല്‍ മഴയില്‍ തെന്നിവീഴാതെ കുളിമുറിയില്‍ കയറി കുളി തുടങ്ങി.  തിടുക്കത്തിലായതിനാല്‍ ഇന്ന് തലയില്‍ എണ്ണതേക്കാന്‍ മറന്നിരുന്നു.  ജലദോഷം വരുമോ എന്തോ.  എന്തായാലും ഇഷ്ടപ്പെട്ട രാധാസ് സോപ്പുതേച്ചു കുളിതുടങ്ങി.  വിശദമായ ഒരു കുളിക്കുള്ള സമയമില്ല.  സംസ്‌കൃത വാര്‍ത്ത തുടങ്ങുന്നതിനുമുമ്പായി കുളിമുറി ചേച്ചിക്കായി ഒഴിഞ്ഞു കൊടുക്കണം.  ഒരുവിധത്തിലുള്ള കാക്കാ കുളിയും കഴിഞ്ഞു കുളിമുറിയുടെ തകരവാതില്‍ തുറന്നു ഞാന്‍ പുറത്തുകടന്നു.  എന്റെ ഭാഗ്യദോഷം... കുളിമുറിയുടെ മുന്നിലുള്ള ആ ഒച്ചുപിടിച്ച വെട്ടുകല്ലില്‍ തട്ടി ചന്തി കുത്തി ഞാന്‍ വീണു.  അപ്പാടെ ചളി.  ആ വെട്ടുകല്ലിനു ബക്കറ്റുകൊണ്ടൊരു കുത്തുകൊടുത്തു ഞാന്‍ വീണ്ടും ബക്കറ്റില്‍ വെള്ളം കോരി നിറച്ചു കുളിയാരംഭിച്ചു.  അപ്പോഴേക്കും ബാലേട്ടന്റെ വീട്ടിലെ റേഡിയോവില്‍  നിന്നും 'ഇതി വാര്‍ത്താഹാ സൂയംതാ.....' തുടങ്ങിയിരുന്നു.  രാമചന്ദ്രനെ മനസ്സുകൊണ്ട് ശപിച്ചു.  ഒരു ഇത്തിരി നേരം കൂടി വാര്‍ത്ത വായിച്ചൂടായിരുന്നോ.. ഇതിപ്പോ ചേച്ചി തുടങ്ങും.... തുടങ്ങിയാല്‍ ഇന്നുമുഴുവന്‍ നിര്‍ത്തില്ല...വേഗത്തില്‍ ചന്തിയില്‍ പറ്റിപ്പിടിച്ച ചളി തേച്ചുകളഞ്ഞു മറ്റൊരു കാക്കാകുളി.


തുടങ്ങി... ചേച്ചി തുടങ്ങി....


സംസ്‌കൃത വാര്‍ത്ത കഴിയാറായി.. കുട്ടാ നീ ഇറങ്ങുന്നില്ലേ?


ഇനി കാര്യം അപകടമാണ്.  തല തോര്‍ത്താന്‍ നില്‍ക്കാതെ തോര്‍ത്തുമുണ്ട് തലയിലിട്ട് കുളിമുറിയില്‍ നിന്നിറങ്ങി ചേച്ചിയെ കാണാത്തഭാവത്തില്‍ ചാറ്റല്‍ മഴയിലൂടെ വീട്ടിലേക്കോടി...


ട്രൗസറും ഷര്‍ട്ടുമെല്ലാം 'അമ്മ ഇസ്തിരിയിട്ടു കട്ടിലില്‍ വെച്ചിട്ടുണ്ട്. ബാലേട്ടന്റെ വീട്ടില്‍ നിന്നും അപ്പോഴേക്കും കൃഷിദീപം തുടങ്ങിയിരുന്നു.  ഇവിടെയും ഞാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.  കൃഷിദീപം കഴിയുന്നതിനുമുമ്പായി എന്റെ അലങ്കാര പണികള്‍ കഴിഞ്ഞിരിക്കണം.  പിന്നെ ഗാന്ധിമാര്‍ഗം ചേച്ചിക്കുള്ളതാണ്. 


ഇന്ന് എണ്ണ തലയില്‍ തേക്കാത്തതിനാല്‍ എന്റെ കോലന്‍  മുടിയെ ഒന്ന് നിലക്ക് നിര്‍ത്തുക എന്നതാണ്  വലിയ വെല്ലുവിളി.  എങ്ങിനെയോ ഒരുവിധത്തില്‍ ഞാന്‍ വിജയിച്ചു.  രണ്ടുദിവസമായി തീര്‍ന്നുകിടക്കുന്ന കുട്ടിക്കൂറ പൗഡര്‍ ഡപ്പയില്‍നിന്നും കുലുക്കി കുലുക്കി അത്യാവശ്യം കുറച്ചു കിട്ടിയതുകൊണ്ട് ഒന്ന് മുഖം മിനുക്കി.


ഗാന്ധിമാര്‍ഗം തുടങ്ങുന്നതിനു മുമ്പായി ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി.  എന്റെ പുസ്തകങ്ങളും സ്ലെറ്റും എടുത്തു സഞ്ചിയിലിട്ടു.  അടുക്കളയില്‍ അപ്പോഴേക്കും ഞങ്ങള്‍ക്കുള്ള പ്രഭാത ഭക്ഷണം റെഡിയായിരുന്നു.ചേച്ചിയെ കാത്തുനില്‍ക്കാതെ ഞാന്‍ തുടങ്ങി.  ഈസമയം മുറിയില്‍ നിന്നും ദേവീ ക്ഷേത്രത്തിലെ ഉടുക്കുകൊട്ടുപോലുള്ള ശബ്ദം കേള്‍ക്കുന്നുണ്ട്.  കാര്യം എനിക്ക് മനസ്സിലായി.  കുട്ടിക്കൂറാ പൗഡറാണ് പ്രശനം.  ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു.


 


ചേച്ചി വന്നു.  അവളും പ്ലേറ്റെടുത്തു കഴിക്കാന്‍ തുടങ്ങി.  ഒന്നും മിണ്ടുന്നില്ല.  ഞാന്‍ മനസ്സില്‍ ഊറി ഊറി ചിരിച്ചു.


 


അപ്പോഴേക്കും ഏഴരക്കുള്ള ദേശീയ വാര്‍ത്തകള്‍ തുടങ്ങിയിരുന്നു. പെട്ടന്നുതന്നെ എഴുന്നേറ്റു കൈകഴുകി.  പുസ്തകസഞ്ചിയെടുത്തു പുറപ്പെട്ടു.  മധു ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ട്.  സ്‌കൂളിലേക്കുള്ള യാത്രക്ക് തുടക്കം കുറിക്കുന്നത് മധുവാണ്.  പിന്നീട് ഞാനും ചേച്ചിയും ചേരും.  അതിനുശേഷം ജ്യോതിച്ചേച്ചി.  ജ്യോതിച്ചേച്ചി നേരം വൈകിവരുന്നതും അവരെ കാത്തുനില്‍ക്കുന്നതും എനിക്ക് വലിയ ഇഷ്ടമാണ്.  കാരണം ആ നാട്ടില്‍ ആകെ വെട്ടുകല്ലുകൊണ്ടുള്ള മതിലുള്ളത് ജ്യോതിച്ചേച്ചിയുടെ വീടിനാണ്.  പച്ചപിടിച്ച മതിലിന്റെ ഗെയ്റ്റിന് രണ്ടുവശവുമായി വലിയ കടലാസ് പൂ മരങ്ങളുണ്ട്.  വെള്ളയും ചുകപ്പും ഇടകലര്‍ന്ന നല്ല കടലാസ് പൂക്കള്‍ എനിക്ക് പെറുക്കി സഞ്ചിയിലിടാം. ജ്യോതിച്ചേച്ചിവന്നു കഴിഞ്ഞാല്‍ പിന്നീട് നാസര്‍ ചേരും, പിന്നെ ഉഷാ സലൂജ, രവിയേട്ടന്‍, മജീദ്, അപ്പു..... അങ്ങിനെ സ്‌കൂളിലെത്തുമ്പോള്‍ ഞങ്ങളുടെ യാത്രയില്‍ ചുരുങ്ങിയത് ഒരു ഇരുപതു പേരുണ്ടാകും.  ഇത്തരത്തില്‍ പല നാട്ടില്‍ നിന്നും പലജാഥകള്‍ സ്‌കൂളിലെത്തും...


ഇടവഴി കഴിഞ്ഞു ഒരു വലിയ പാടം കഴിഞ്ഞു പിന്നെയും കുറച്ചു ദൂരം നടക്കണം ഞങ്ങളുടെ സ്‌കൂളിലെത്താന്‍.  ഞങ്ങള്‍ നടന്നു ഇടവഴി കഴിഞ്ഞു പാടത്തെത്തി.  അവിടെയെത്തിയാല്‍ നാസറിന് നടത്തത്തിനു ഒരല്‍പം വേഗത കുറയും.  കാരണമുണ്ട്.  നാസറിന് കൃത്യമായി അറിയാം പാടത്തിന്റെ കരയില്‍ എവിടെയെല്ലാമാണ് നല്ല മഷിത്തണ്ടുകളുള്ളതെന്ന്.  നല്ല മുഴുത്ത മഴിത്തണ്ടുകള്‍ പൊട്ടിച്ചെടുത്തു സഞ്ചിയില്‍ നിറക്കുന്നത് നാസറിന്റെ ഒരു പതിവാണ്.  ഞങ്ങളുടെ സ്‌കൂളിലെ മഷിത്തണ്ടിന്റെ ഹോള്‍സൈല്‍ വ്യാപാരിയാണ് നാസര്‍. 


 


ഞങ്ങള്‍ പാട വരമ്പിലൂടെ നടന്നു.  ഏതാണ്ട് പകുതിയെത്തിയപ്പോള്‍ മഴ തുടങ്ങി.  നല്ല കാറ്റും.  എല്ലാവരും കുട നിവര്‍ത്തി.  നാസറിന് കുടയില്ല.  അവന്‍ എപ്പോഴും എന്റെ കുടയിലെ പങ്കാളിയാണ്.  പാടവരമ്പിലൂടെ മഴയത്തു കുടയും ചൂടി നടന്നു മറുകര എത്തുക  എന്നത് ആലോചിക്കാന്‍ വയ്യാത്ത കാര്യമാണ്.  അന്നത്തെ യാത്രയില്‍ ജ്യോതിച്ചേച്ചി വരമ്പില്‍ നിന്നും തെന്നി താഴെവീണു.  ഞങ്ങളെല്ലാവരും ചേച്ചിയെ പൊക്കിയെടുത്തു വീണ്ടും യാത്ര തുടര്‍ന്നു.  സ്‌കൂളിലെത്തിയപ്പോഴേക്കും മഴ കഴിഞ്ഞിരുന്നു.


 


സ്‌കൂളിന് മുന്നിലെത്തിയപ്പോഴാണ് നാരായണന്‍ മാഷ് തലേ ദിവസം പറഞ്ഞ മലയാള പദ്യം സ്‌ളേറ്റില്‍ എഴുതിയില്ല എന്ന കാര്യം ഞാന്‍ ഓര്‍ത്തത്. ഞാന്‍ ആകെ കുഴഞ്ഞു.  ഇത്തരം സന്ദര്‍ഭങ്ങളില്‍ മധുവാണ് എന്നെ രക്ഷിക്കാറുള്ളത്.  അവന്‍ ഒരു ഉപായം പറഞ്ഞുതന്നു.  ആദ്യത്തെ വരി വേഗം സ്‌ളേറ്റില്‍ എഴുതുക.  സ്‌ളേറ്റിന്റെ ബാക്കിഭാഗം പെന്‌സിലുകൊണ്ടു കുത്തിവരക്കുക. എന്നിട്ടു ചെറുതായി കൈകൊണ്ടു കുത്തിവരച്ച ഭാഗം മായ്ക്കുക.  മാഷോട് പറയണം എഴുതിയിരുന്നെന്നും സഞ്ചിയില്‍ സ്ലേറ്റ് വെച്ചപ്പോള്‍ മാഞ്ഞുപോയെന്നും.  ഞാന്‍ അനുസരിച്ചു.


 


എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങളുടെ സ്‌കൂളില്‍ അസ്സംബ്ലി പതിവാണ്.  രണ്ടാം ക്ലാസ്സിലെ ബ്ലൂ സ്‌കോഡിന്റെ ലീഡര്‍ ഞാനാണ്.  നാല് ഭാഗമായി തിരിച്ച അസ്സംബ്ലി ഗ്രൗണ്ടില്‍ ഞങ്ങള്‍ നിര നിരയായി നിന്നു.  സ്വാമി മാഷും, നാരായണന്‍ മാഷും, ത്രേസ്സ്യാമ്മ ടീച്ചറും, ചന്ദ്രമതി ടീച്ചറും എല്ലാം എത്തിയിട്ടുണ്ട്.  ഹെഡ് മാസ്റ്റര്‍ അച്യുത വാര്യര്‍ സര്‍ ഓഫീസ് റൂമില്‍ നിന്നും പുറത്തിറങ്ങി.  നാക്കുകൊണ്ടു മൂക്ക് തൊടുന്ന അത്ഭുത കഴിവുള്ള ആളാണ് ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍.  ഉപ്പുമാവുണ്ടാക്കുന്ന അമ്മൂട്ടിയമ്മ മാത്രം അവിടെ ഇല്ല.  അസ്സംബ്ലി തുടങ്ങി.  അച്യുത വാര്യര്‍ സര്‍ പ്രസംഗം തുടങ്ങി.


 


എല്ലാവരോടും ഒരു ദുഃഖ വാര്‍ത്ത അറിയിക്കട്ടെ.  നമ്മുടെ അമ്മൂട്ടിയമ്മ ഇന്നലെ രാത്രി ആത്മഹത്യ ചെയ്തു.  നമ്മെളെല്ലാവരും ഇപ്പോള്‍ അവിടേക്കു പോവുകയാണ്.


 


ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.  ഗീതാ കഌസില്‍ വെച്ച് ആത്മാവിനു ഹത്യയില്ല എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.  സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയില്ലായിരുന്നു.  ഞങ്ങളെല്ലാവരും അമ്മൂട്ടിയമ്മയുടെ വീട്ടിലേക്ക് പുറപ്പെട്ടു. 


 


പഞ്ചായത്തു റോഡിലൂടെ നടന്നു ഒരു ഇടവഴി കഴിഞ്ഞു ഒരു  ചെറു കുന്നിന്റെ മുകളിലാണ് അമ്മൂട്ടിയമ്മയുടെ വീട്.  ഞങ്ങള്‍ ചെല്ലുമ്പോള്‍ പഞ്ചായത്തു റോഡില്‍ ഒരു ആംബുലന്‍സ് നിര്‍ത്തിയിരുന്നു.  ആദ്യമായാണ് ഞങ്ങളെല്ലാം ആംബുലന്‍സ് കാണുന്നത്.  അമ്മൂട്ടിയമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവരെ ഒരു വെളുത്ത തുണി പുതപ്പിച്ചു തലഭാഗത്തു വിളക്കും കത്തിച്ചു കിടത്തിയിരിക്കുന്നു.  ത്രേസ്സ്യാമ്മ ടീച്ചര്‍ നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു.  അധിക നേരം ഞങ്ങള്‍ അവിടെ നിന്നില്ല.  തിരിച്ചു സ്‌കൂളില്‍ വന്നു.  അന്ന് സ്‌കൂളില്ല എന്ന് അച്യുത വാര്യര്‍ സര്‍ അറിയിച്ചു.  ഞങ്ങളെല്ലാവരും വീട്ടിലേക്ക് പോന്നു.


 


വീട്ടില്‍ വന്നു കുറെ നേരം ഞങ്ങള്‍ ഒന്നും മിണ്ടാതെ ഇരുന്നു.  മനസ്സുമുഴുവന്‍ അമ്മുട്ടിയമ്മയുടെ ഓര്‍മ്മകള്‍ മാത്രം.  എന്തിനായിരുന്നു അവര്‍ ഇത് ചെയ്തതെന്ന് ഇന്നും അറിയില്ല.  സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന, എപ്പോഴും ചിരിക്കുന്ന മുഖമുള്ള അമ്മൂട്ടിയമ്മ.


 


വൈകുന്നേരം കാലും മുഖവും കഴുകി സന്ധ്യാനാമം ചൊല്ലി പഠിക്കാന്‍ ഇരുന്നു.  കഴിയുന്നില്ല.... പുസ്തകം നോക്കുമ്പോള്‍ അമ്മൂട്ടിയമ്മയുടെ മുഖം മാത്രം.  ഇന്ന് വെള്ളിയാഴ്ച അഖില കേരള നാടക വാരത്തിന്റെ അവസാന ദിവസം.  ബാലേട്ടന്റെ വീട്ടിലെ റേഡിയോവില്‍ നാടകം തുടങ്ങി.  ഖാന്‍ കാവിലിന്റെ നാടകമാണ്.  എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഖാന്‍ കാവിലിന്റെ നാടകം ഞാനും ചേച്ചിയും ഒഴിവാക്കാറില്ല.  പക്ഷെ അന്ന് ഞങ്ങള്‍ക്കതിനു കഴിഞ്ഞില്ല...  ഞാന്‍ മുറ്റത്തിറങ്ങി മാനത്തേക്ക് നോക്കിനിന്നു... മിന്നുന്ന നക്ഷത്രക്കൂട്ടത്തില്‍ അമ്മൂട്ടിയമ്മയുടെ മുഖം ഒരുനോക്കുകൂടി കാണാന്‍....


 


ഇന്നും ഞങ്ങളുടെ ആ പഴയ സ്‌കൂളിന് മുന്നിലെത്തുമ്പോള്‍ ഞാന്‍ കുറച്ചുനേരമൊന്നു നില്‍ക്കും.  അമൃത വിദ്യാലയത്തിന്റെയും, മുബാറക്ക് സ്‌കൂളിന്റെയും, സെന്റ് തോമസ് സ്‌കൂളിന്റെയും ബസ്സുകള്‍ എന്റെ ആ പഴയ സ്‌കൂളിന് മുന്നിലൂടെ ചീറിപ്പായുമ്പോള്‍ എന്റെ ആ പഴയ കൂട്ടുകാരന്‍ നാസറിനെയും, ജ്യോതിച്ചേച്ചിയേയും, രവിയേട്ടനെയും, മജീദിനെയും ഞാന്‍ ഓര്‍ക്കും.....


Join WhatsApp News
Sabeena m sali 2018-03-07 02:21:16
ബാല്യകാല ഓർമ്മകളുടെ പുൽമേടുകൾ..ചോലവനങ്ങൾ...അനുഭവിച്ചു തീർത്ത സ്നേഹത്തിന്റെയും നന്മയുടെയും ശീലുകൾ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക