Image

ബംഗ്ളായുദ്ധത്തില്‍ ഇന്ത്യയുമായി രഹസ്യകരാര്‍ ഉണ്ടായിരുന്നില്ല- കിസിഞ്ചര്‍

Published on 18 March, 2012
ബംഗ്ളായുദ്ധത്തില്‍ ഇന്ത്യയുമായി രഹസ്യകരാര്‍ ഉണ്ടായിരുന്നില്ല- കിസിഞ്ചര്‍
1971ലെ ബംഗ്ളാദേശ് വിമോചനത്തില്‍ പാകിസ്താനെ ആക്രമിക്കുന്നത് തടയിടാന്‍  ഇന്ത്യയുമായി അമേരിക്ക രഹസ്യകരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിഞ്ചര്‍. ന്യൂദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാടുഡെ കോണ്‍ക്ളേവില്‍  ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.‘ഇന്ത്യയും സോവിയറ്റ് യൂനിയനും അന്ന് സഖ്യത്തിനു സമാനമായ സൗഹൃദത്തിലായിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനെ സംരക്ഷിക്കുക  അമേരിക്കയുടെ ദേശീയ താല്‍പര്യമായിരുന്നു. ഓരോ രാജ്യവും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അതിനുള്ള സമയമേ കിട്ടിയിട്ടുമുള്ളൂ -നൊബേല്‍ സമ്മാനജേതാവും അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ കിസിഞ്ചര്‍ ചൂണ്ടിക്കാട്ടി.
ഇന്ദിരഗാന്ധിയെ ‘കിഴവിയായ ദുര്‍മന്ത്രവാദി’യെന്ന് അക്കാലത്ത് കിസിഞ്ചര്‍ വിശേഷിപ്പിച്ചതായുള്ള വൈറ്റ്ഹൗസ് രേഖകള്‍ പില്‍ക്കാലത്ത് ചോര്‍ന്നത് വന്‍ വിവാദമായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ അക്കാലത്തെ വികാരപ്രകടനം മാത്രമായി കണക്കാക്കിയാല്‍ മതിയെന്നായിരുന്നു കിസിഞ്ചറുടെ മറുപടി. അങ്ങേയറ്റം കരുത്തും ദീര്‍ഘവീക്ഷണവുമുള്ള വ്യക്തിയായിരുന്നു ഇന്ദിരഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സനെ ചൈനയുമായി അടുപ്പിച്ചതടക്കമുള്ള നിരവധി നിര്‍ണായക നയതന്ത്ര ബന്ധങ്ങളിലൂടെ ശ്രദ്ധേയനായ കിസിഞ്ചര്‍ വരും വര്‍ഷങ്ങളില്‍ ഏഷ്യ നിര്‍ണായക സാമ്പത്തിക ശക്തിയാവുമെന്നും വിലയിരുത്തി. ഇന്ത്യയും ചൈനയും റഷ്യയും ഭാവിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക