Image

വീണ്ടുമൊരു ചാരുലതയുമായി ശ്രുതി നമ്പൂതിരി

അനില്‍ പെണ്ണുക്കര Published on 06 March, 2018
വീണ്ടുമൊരു ചാരുലതയുമായി  ശ്രുതി നമ്പൂതിരി
കറുപ്പിലും വെളുപ്പിലുമായി സെല്ലുലോയിഡില്‍ സത്യജിത്ത് റേ കൊത്തിയെടുത്ത പൂര്‍ണതയുള്ള ശില്‍പം എന്നാണ് ചലച്ചിത്ര പ്രേമികള്‍ 'ചാരുലത' യെ ഇന്നും വാഴ്ത്തുന്നത്. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് രവീന്ദ്രനാഥ ടാഗോറിന്റെ നോവലായ ' നഷ്ടനീര്‍' സിനിമയായി ചിത്രീകരിച്ചതാണ് സത്യജിത്ത് റായിയുടെ ചാരുലത.

തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നായാണ് റേ വിലയിരുത്തിയത്. അമ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സിനിമയെന്ന നിലയില്‍ പുതു തലമുറയോടും തടസ്സമില്ലാതെ ചാരുലത സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ചാരുലതയിലെ ഒട്ടനവധി മുഹൂര്‍ത്തങ്ങളാണ് സിനിമ പഠന വിദ്യാര്‍ത്ഥികളുടെ ഇന്നത്തെയും പാഠങ്ങള്‍.

ടാഗോറിന്റെ ദേശസ്നേഹം എന്ന ആശയവും സ്ത്രീത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും സംസാരിക്കാനും അത് പ്രകടമാക്കാനുള്ള സ്വാതന്ത്ര്യവുമാണ് നോവല്‍ വ്യക്തമാക്കുന്നത്. ടാഗോറിന്റെയും റായിയുടെയും മാസ്മരികതയില്‍ നിന്നും ഉടലെടുത്ത ചാരുലതയെ ഒരു മ്യൂസിക് വീഡിയോയിലൂടെ പുനര്‍ജീവിപ്പിക്കുകയാണ് ശ്രുതി നമ്പൂതിരി .

ഇന്ന് തൃശൂരില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചാരുലത മ്യൂസിക് വീഡിയോ ആയി അവതരിപ്പിക്കുമ്പോള്‍ ചാരുലതയുടെ സ്ഥായി ഭാവമായ പ്രണയവും സംഗീതവുമെല്ലാം ചാരുലതയില്‍ മിന്നി മറയും.

ബാലെ, മനുമലയാളം എന്നി മ്യൂസിക് ആല്ബങ്ങള്‍ക്കു ശേഷമാണ് ശ്രുതി നമ്പൂതിരി ടാഗോറിന്റെ കഥയുമായി നമ്മെ വിസ്മയിപ്പിക്കുവാനെത്തുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തരംഗം സൃഷ്ടിച്ച ചലച്ചിത്രകാരന്‍ സത്യജിത്ത് റായിയോടുള്ള ബഹുമാനസൂചകമായിട്ടാണ് ചാരുലത ' മ്യൂസിക് വീഡിയോ പുറത്തിറക്കുന്നത്. 2017 സത്യജിത്ത് റായിയുടെ വേര്‍പാടിന്റെ 25 വര്‍ഷങ്ങള്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ ചാരുലതയുടെ പ്രസക്തി കൂടുകയാണ്.

വെറുമൊരു ത്രികോണ പ്രണയം എന്നു പറഞ്ഞൊതുക്കാതെ, ടാഗോറിന്റെ അക്ഷരങ്ങള്‍, അതിനെ അപൂര്‍വ സൗന്ദര്യമുള്ള ഒരു ഐതിഹാസിക സൃഷ്ടിയാക്കി മാറ്റുകയായിരുന്നു സത്യജിത്ത് റേ . ചാരുലത എന്ന നായിക ഏകാന്തതയകറ്റാനായി കൂട്ടു തേടുന്നത് ദൂരമാപിനിയെയാണ്. വഴിയിലൂടെ പോകുന്ന ഓരോ ജീവന്റെയും പിറകെ അവള്‍ നടക്കുന്നു; ഓരോ കഥാപാത്രങ്ങളാകുന്നു.

പത്രപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയില്‍ ഭാര്യയെ വേണ്ടവിധത്തില്‍ പരിഗണിക്കാന്‍ അവസരം കിട്ടുന്നില്ലെന്നു മനസ്സിലാക്കുന്ന ഭൂപതി, അനിയനായ അമലിനെ വീട്ടില്‍ക്കൊണ്ടു വന്ന് താമസിപ്പിക്കുന്നു. സാഹിത്യ വാസനയുള്ളത് ചാരുവിന് ഇഷ്ടമാകും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് അത് ചെയ്യുന്നതും. ഭൂപതിയുടെയും ചാരുലതയുടെയും ജീവിതത്തിലേക്ക് ഒരു പൊടിക്കാറ്റിന്റെ അകമ്പടിയോടെയാണ് അമല്‍ രംഗപ്രവേശനം ചെയ്യുന്നത്.

അമലിന്റെ വരവ് ചാരുവിന്റെ ജീവിതമാകെ നിറം പിടിപ്പിക്കുന്നു. വായനക്കാര്‍ക്ക് അതില്‍ അസ്വാഭാവികത തെല്ലും തോന്നുകയും ഇല്ല. അമല്‍ അതില്‍നിന്നും മോചനം നേടാന്‍ ഒരു വിവാഹത്തിന് തയ്യാറാവുകയും വിവാഹ ശേഷം വിദേശത്തേക്ക് പോവുകയും ചെയ്യുന്നു. ഓര്‍മകളില്‍ നിന്നും ഇനിയും മുക്തി നേടാനാവാതെ ഉഴറുന്ന ചാരുവിനെ ഭൂപതി തിരിച്ചറിയുന്നു.

ചാരുലത എന്ന സിനിമയിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും സ്ത്രീകളുടെ വ്യക്തിത്വത്തെക്കുറിച്ചുമാണ് റായി നമ്മോട് പറയുന്നത്. റായിയുടെ സിനിമയിലുളള ഈ നൈപുണ്യത്തെ ചാരുവിന്റെയും അമലിന്റെയും കഥയിലൂടെ തുറന്നു കാട്ടാനാണ് ശ്രുതി ശ്രമിക്കുന്നത് . സിനിമയുടെയും നോവലിന്റെയും സത്ത ഒട്ടും തന്നെ ചോര്‍ന്നു പോവാതെയാണ് ശ്രുതി ചാരുലതയെ നമുക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത് .ചാരുലതയായി പ്രശസ്ത നര്‍ത്തകി പാര്‍വതി മേനോനും, ഭൂപതിയായി സംഗീത സംവിധായകന്‍ ബിജിബാലും, അമല്‍ ആയി ഗാന രചയിതാവ് ഹരി നാരായണനും അഭിനയിക്കുന്നു.

ഭൂപതിയാകാന്‍ ബിജിബാലിനെ തെരഞ്ഞെടുത്തതിനെ കുറിച്ച് ശ്രുതി പറയുന്നത് ഇങ്ങനെ ''ങ്യ ളശേെൃ ഹമിഴൗമഴല ംമ െവ്യെ..' അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് പറഞ്ഞത് ഇതിഹാസതാരം ആല്‍ പാചിനോ ആയിരുന്നു.

'ബിജിയേട്ടാ..ചാരുലതയുടെ ഭൂപതിയാവുമോ?' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, 'അതൊക്കെ വേണോ?' എന്ന് ബിജിയേട്ടന്‍ തന്റെ സ്ഥായിയായ പതിഞ്ഞ ഭാഷയില്‍, അക്ഷുബ്ധമായ ചിരിയോടെ മറുപടി പറഞ്ഞു. ബിജിയേട്ടനെ ഇങ്ങനെ ഒരാവശ്യവുമായി സമീപിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ഉറ്റവര്‍ ചിലരോട് ഞാന്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു..

'അദ്ദേഹം അഭിനയിക്കുവാന്‍ യാതൊരു സാധ്യതയുമില്ല' എന്നവരൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ ആശങ്കപ്പെട്ടിരുന്നു. ഭൂപതിയില്‍ സൗമ്യമായ കടലുണ്ട്.. ബുദ്ധന്റെ ശാന്ത പ്രകൃതിയുണ്ട്.. ബിജിയേട്ടനെയല്ലാതെ ഭൂപതിയായി സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നു. റേയുടെ ചാരുലത കാണുമ്പൊഴൊക്കെ തോന്നിയിട്ടുണ്ട് ഭൂപതിയാണ് കഥയിലെ സൂത്രധാരനെന്ന്.

ഇവിടെ, ഭൂപതിയില്‍ തുടങ്ങി ഭൂപതിയിലാണ് എന്റെ ചാരുലത അവസാനിക്കേണ്ടത്. ഭൂപതിയെ അത്രമേല്‍ അക്ഷുബ്ധതയോടെ മിതത്വത്തോടെ അവതരിപ്പിക്കാന്‍ ബിജിയേട്ടനല്ലാതെ മറ്റൊരാള്‍ക്ക് ആകുമായിരുന്നില്ല. ബിജിയേട്ടന്‍ ഭൂപതിയാവാന്‍ സമ്മതിച്ചതിനെ വലിയൊരു അംഗീകാരമായി ഞാന്‍ കരുതുന്നു. ബിജിയേട്ടന്റെ സാനിധ്യം ചാരുലതയെ കൂടതല്‍ ഗഹനമാക്കി. ചാരുലതയുടെ കഥപറയുന്നത് ഭൂപതിയാണ്.'

ചാരുലതയെ കുറിച്ച് കവയത്രി ഹരിത ഉണ്ണിത്താന്‍ ഇങ്ങനെ കുറിക്കുന്നു . 'എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്യുന്ന ഒരു പെണ്ണിനെ സ്നേഹത്തിനൊപ്പം വാക്കുകള്‍ കൊണ്ടും ചിന്തകള്‍ കൊണ്ടും ഒന്ന് ഉലച്ചു നോക്കു. ഒറ്റ രാത്രി കൊണ്ട് അവള്‍ വാക്കിന്റെ വരയുടെ കാടാകും. സ്നേഹിക്കുന്നവനു വേണ്ടി അവള്‍ കാട്ടുതീ ചുരത്തും. ഏതെങ്കിലുമൊരു നിമിഷം ആ സ്നേഹം നഷ്ടമായാല്‍ അവള്‍ തനിയെ ആളിക്കത്തും. മണ്ണോട് നെഞ്ചമര്‍ത്തിക്കിടന്ന് വിലപിക്കും. ചാരുലത അങ്ങനൊരു പെണ്ണാണ്. ടാഗോറില്‍ നിന്നും സത്യജിത് റായ് ലേക്കും ഇപ്പോള്‍ ശ്രുതിയിലേക്കും ചാരുലത പടരുകയാണ്'

വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഫൌണ്ടേഷന്റെ പ്രൊഡക്ഷന്‍ ബാനറില്‍ തയ്യാറാക്കിയ 8 മിനിറ്റ് ദൈര്‍ഘ്യമാണ് ചാരുലതയ്ക്കുള്ളത് . സുധീപ് പാലനാടാണ് മ്യൂസിക് .മനീഷ് മാധവനാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് പ്രവീണ്‍ എം.കെ.
വീണ്ടുമൊരു ചാരുലതയുമായി  ശ്രുതി നമ്പൂതിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക