Image

പുരുഷ അതിജീവനമല്ല, സ്ത്രീ മഹത്വവും സമത്വവും (ജയന്‍ കൊടുങ്ങല്ലൂര്‍)

Published on 07 March, 2018
പുരുഷ അതിജീവനമല്ല, സ്ത്രീ മഹത്വവും സമത്വവും (ജയന്‍ കൊടുങ്ങല്ലൂര്‍)
പ്രാദേശികമായ അതിരുകള്‍ക്കപ്പുറത്ത് ലോകത്തെമ്പാടുമുള്ള വനിതകള്ക്കായി ഒരു ദിനം എന്ന ചിന്തയില നിന്നാണ് മാര്‍ച്ച് 8 ന് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.

1857 മാര്‍ച്ച് 8നു ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണി മില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച് കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.

സ്ത്രീ, പുരുഷന്‍ എന്നുള്ള വാക്ക് നാം സ്ഥിരം കേള്‍ക്കുന്നതാണ് അതില്‍ മാതാവ് എന്ന് കേള്‍ക്കുമ്പോള്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ വിരിയുന്നത് ഒരേ വികാരമാണ്.ഒരാള്‍ ലോകത്ത് വൈകാരികമായി ഏറ്റവുമധികം സ്ഥിരത പുലര്‍ത്തുന്ന ഏക ബന്ധവും സ്വന്തം അമ്മയോടാണ്.തീര്‍ത്തും വ്യവസ്ഥകളില്ലാത്ത എന്ന് വിശേഷിപ്പിക്കാവുന്ന ഏക ബന്ധവും മാതാവിനോടുള്ളത് തന്നെയാണ്. ലോക വനിതാ ദിനത്തില്‍ ഓരോ വ്യക്തിയും ആദരിക്കേണ്ടതും പൂജിക്കേണ്ടതും അമ്മമാരെ തന്നെയാണ്.

ഓരോ സ്ത്രീയിലുമുള്ള മാതൃത്വത്തെ കണ്ടെത്താന്‍ ഒരുവന് അഥവാ ഒരുവള്‍ക്ക് കഴിഞ്ഞാല്‍ സ്ത്രീ പുരുഷ സമത്വ ചിന്തകള്‍ക്കൊന്നും പ്രസക്തിയില്ല.കാരണം മാതൃ ഭാവത്തിലുള്ള ഒരു സ്ത്രീയോളം ഉള്ള ഔന്നത്യം മറ്റൊന്നിനുമില്ല.അത്തരുണത്തില്‍ സമത്വം എന്ന ഭാവനയ്ക്ക് പ്രസക്തിയില്ലല്ലോ.തന്നെയുമല്ല പുരുഷ മേധാവിത്വം നിലനിന്നുപോന്നിരുന്ന പ്രവര്‍ത്തന മേഖലകളിലെല്ലാം സ്ത്രീകളുടെ സാന്നിദ്ധ്യം അറിയിക്കുകയോ അതില്‍ പുരുഷനെ അതിജീവിക്കുകയോ ചെയ്തല്ല സ്ത്രീയുടെ മഹത്വവും സമത്വവും ഘോഷിക്കേണ്ടത്.അത് സ്ത്രീയെ തരം താഴ്ത്തലാണ്.

പുരുഷന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മികവുറ്റ രീതിയില്‍ നിറവേറ്റാന്‍ സ്വാഭാവികമായും ഒരു സ്ത്രീക്ക് കഴിയും എന്നത് തന്നെയാണ് അപ്രകാരമൊരു സ്‌റ്റേറ്റ്‌മെന്റിന് പിന്‍ബലം.കാരണം മനുഷ്യവര്‍ഗ്ഗം എന്ന നാണയത്തിന്റെ ഇരു വശങ്ങളാണ് സ്ത്രീയും പുരുഷനും. പ്രജനന പരമായ ചില വ്യത്യാസങ്ങള്‍ മാത്രമേ സ്ത്രീക്കും പുരുഷനുമുള്ളൂ.അതില്‍ തന്നെ സൃഷ്ടികര്‍മ്മത്തിന് പൂര്‍ണ്ണത വരുവാന്‍ ഇരുകൂട്ടരും ഒരുമിച്ചു കൂടിയേ കഴിയൂ.സ്ത്രീ ഇല്ലെങ്കില്‍ പുരുഷനും പുരുഷനില്ലെങ്കില്‍ സ്ത്രീയും അപൂര്‍ണ്ണമാണ് എന്ന് തന്നെ പറയേണ്ടിവരും.അതിനാല്‍ സ്ത്രീ പുരുഷ സമത്വ ചിന്തകള്‍ എന്ന ആശയം തന്നെ ഉപേക്ഷിക്കേണ്ട കാലമായി.ഇല്ലാത്ത അസമത്വം ഉണ്ടെന്നു സ്ഥാപിക്കുവാന്‍ മാത്രമേ അതുപകരിക്കൂ.

പിന്നെ ഒരു ഗായകന്റെ സ്വര മാധുര്യം ചിലപ്പോള്‍ ഒരു ചിത്രകാരനോ ഒരു നടന്റെ അഭിനയസിദ്ധി ഒരു എഴുത്തുകാരനോ ഉണ്ടാകണമെന്ന് നാം പറയാറില്ലല്ലോ.അത് പോലെ സമൂഹത്തില്‍ സ്ത്രീക്ക് കൂടുതല്‍ മികവോടെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുണ്ട് , പുരുഷനും. അത്തരം മേഖലകള്‍ അത്യാവശ്യ ഘട്ടത്തിലല്ലാതെ വച്ച് മാറുന്നത് അഭിലഷണീയമല്ല.ഉദാഹരണം പിഞ്ചു കുഞ്ഞുങ്ങളുടെ പരിചരണവും ശ്രദ്ധാപൂര്‍വ്വമായ വളര്‍ത്തലും സാധിക്കുക ഒരു സ്ത്രീക്ക് തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ആരോഗ്യത്തിറെയും ശാരീരിക ശേഷിയുടെയും കാര്യത്തില്‍ ഏറെക്കുറെ സ്ത്രീയും പുരുഷനും തുല്യരാണ്.പക്ഷെ അതീവ കഠിനമായ ചില ജോലികള്‍ ചെയ്യുവാന്‍ കൂടുതല്‍ മെയ്ക്കരുത്തുള്ള പുരുഷന്മാര്‍ തന്നെയാണ് നല്ലത്. പുരുഷനെപ്പോലെയാകുന്നതോ പുരുഷന്‍ ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതോ ആണ് ശാക്തീകരണം എന്ന തെറ്റിദ്ധാരണ ചില സ്തീ വിമോചന വാദികളെങ്കിലും വച്ച് പുലര്‍ത്താറുണ്ട്. ഇതിലൂടെ അവര്‍ ശാക്തീകരിക്കപ്പെടുകയല്ല സ്വന്തം അസ്ഥിത്വം വികലമാക്കുകയാണ് എന്നതാണ് സത്യം.

സ്ത്രീ സ്ത്രീയായും, പുരുഷന്‍ പുരുഷനായും ജീവിക്കുന്നിടത്താണ് മെച്ചപ്പെട്ട ശാക്തീകരണം സാധ്യമാവുക.അതിലേക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ വര്‍ഷത്തെ ലോക വനിതാ ദിനം. എല്ലാ അമ്മമാര്‍ക്കും സോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ലോകമെമ്പാടുമുള്ള എല്ലാ വനിതകള്‍ക്കും എന്റെ വനിതാദിനാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക