Image

സഭയെ കൂടുതല്‍ നാറ്റിച്ചു കൊണ്ട് വൈദിക സമിതി രംഗത്ത്; കൂടെ പ്രാദേശിക വാദവും?

Published on 09 March, 2018
സഭയെ കൂടുതല്‍ നാറ്റിച്ചു കൊണ്ട് വൈദിക സമിതി രംഗത്ത്; കൂടെ പ്രാദേശിക വാദവും?
എറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ വിവാദത്തില്‍പ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെക്കണമെന്ന് എറണാകുളം അതിരൂപതാ വൈദികര്‍. ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് വൈദികര്‍ കര്‍ദിനാളിനെതിരെ രംഗത്തെത്തിയത്.

വൈദിക സമിതിയുടെ യോഗത്തിന് ശേഷം പ്രകടനമായി അരമനയിലെത്തിയ വൈദികര്‍ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട നിവേദനം സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറി. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥലത്തില്ലാത്തതിനാലാണ് നിവേദനം സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറിയത്.

ഭൂമിയിടപാടില്‍ സിനഡിന്റെ നിലപാട് അപലപനീയമാണെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതുവരെ മാര്‍ ആലഞ്ചേരി മാറി നില്‍ക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.

പ്രകടനമായാണ് നിവേദനം കൈമാറാനെത്തിയത്. ഭൂമിയിടപാട് സംബന്ധിച്ച എല്ലാ വിവരങ്ങളും മാര്‍പ്പാപ്പയെ അറിയിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ മാര്‍പ്പാപ്പയ്ക്ക് മാത്രമേ അധികാരമുള്ളൂവെന്നും ഇത് സഭയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും വൈദികര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിപക്ഷം വൈദികരും കര്‍ദിനാളിന് എതിരായതിനാല്‍ നടപടി പ്രതീക്ഷിക്കുന്നതായും വൈദികര്‍ പറഞ്ഞു. 

ഭൂമിയിടപാട് സംബന്ധിച്ച കാര്യങ്ങള്‍ അങ്കമാലി അതിരൂപതയെ സംബന്ധിച്ച കാര്യമാണ്. സഭയുടെ കടംതീര്‍ക്കാനാണ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത്. കാനോനിക നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് നടത്തിയ ഇടപാടാണത്. മൂന്ന് വര്‍ഷം മുമ്പ് യാതൊരു കടങ്ങളുമില്ലാതിരുന്ന അതിരൂപത കഴിഞ്ഞയിടക്ക് 86 കോടി രൂപ ബാങ്കില്‍ അടയ്ക്കേണ്ട അവസ്ഥയാണ്. 

ആരോപണവിധേയനായ ആള്‍ അധികാരത്തിലിരിക്കുന്നത് വിശ്വാസികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും വൈദികര്‍ പറഞ്ഞു.

കപ്യാരുടെ കുത്തേറ്റ് മരിച്ച റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ സംശയമുണ്ടെന്നും വൈദികര്‍ ആരോപിച്ചു. മരണത്തില്‍ സമഗ്രമായ അന്വേഷണം വേണണം. നേരത്തെയും ഫാ. സേവ്യര്‍ തേലക്കാട്ടിനെതിരെ വധശ്രമമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ നശിപ്പിക്കപ്പെട്ടിരുന്നു. തനിക്കെതിരെ അക്രമണമുണ്ടാകുമെന്ന് ഫാ.സേവ്യര്‍ തേലക്കാട്ട് പറഞ്ഞിരുന്നതായും വൈദികര്‍ പറഞ്ഞു.

ഇതിനിടെ ഭൂമിയിടപാടിലെ തര്‍ക്കം സഭയില്‍ തുറന്ന പോരിലേക്ക് നീങ്ങുകയാണ്. വിശ്വാസികള്‍ക്ക് പകരം വൈദികര്‍ തന്നെ സഭാ നേതൃത്വത്തിനെതിരെ കടന്നു വരുന്നത് സഭാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.

ഇതിനിടെ സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ വൈദിക സമിതിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കര്‍ദ്ദിനാളിനെതിരെ നിലപാട് എടുത്ത വൈദികരെ പുറത്താക്കണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം. എറണാകുളം കത്തീഡ്രല്‍ ബസലിക്കയിലും അതിരൂപതാ മന്ദിരത്തിന്റെ മതിലിലുമാണ് പോസ്റ്ററുകള്‍ പ്രത്യപ്പെട്ടത്.

സഭയയെും സഭാധ്യക്ഷനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്കി. ഭൂമിയിടപാട് വിവാദത്തെത്തുടര്‍ന്ന് രൂപീകരിച്ച വൈദിക-അല്‍മായ സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് പരാതിയിലുള്ളത്.

പള്ളികള്‍ കേന്ദ്രീകരിച്ച് വൈദിക-അല്‍മായ സംഘടനയായ എഎംടി നടത്തുന്ന സമ്മേളനങ്ങള്‍ സാധാരണവിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്താനിട വരുന്നു എന്നാണ് പരാതിയില്‍.   കാനോന്‍ നിയമങ്ങളുടെ ലംഘനമാണ് ഇത്തരം പ്രവൃത്തികളെന്നും അതിനാല്‍ സഭാധ്യക്ഷനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ മഹറോന്‍ ശിക്ഷയുള്‍പ്പടെയുള്ള പരസ്യമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

സഭയയെും സഭാധ്യക്ഷനെയും നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന എഎംടിക്ക് സമ്മേളനങ്ങള്‍ നടത്താന്‍ ദൈവാലയങ്ങളോ സഭാ സ്ഥാപനങ്ങളോ വിട്ടുനല്‍കരുതെന്നും കത്തില്‍ ആവശ്യമുണ്ട്. അതിരൂപതയുടെ സാമ്പത്തികപ്രശ്നം അതിരൂപതാ കേന്ദ്രത്തിലാണ് പരിഹരിക്കപ്പെടേണ്ടതെന്നും അത് ചര്‍ച്ചയാകേണ്ടത് ഇടവകകളിലോ കുടുംബക്കൂട്ടായ്മകളിലോ അല്ല.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിതാവ് സര്‍ക്കുലര്‍ ഇറക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. 

see press release PDF below

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക