Image

ഹോളിവുഡിലേക്ക് ഒരു മലയാളി; മനു മേനോന്‍ മനസു തുറക്കുന്നു

അനില്‍ പെണ്ണുക്കര Published on 10 March, 2018
ഹോളിവുഡിലേക്ക് ഒരു മലയാളി;  മനു മേനോന്‍  മനസു തുറക്കുന്നു
ഓരോ മനുഷ്യന്റെ ജീവിതത്തിലും സര്‍വശക്തനായ ദൈവത്തിന്റെ ഒരു ഇടപെടല്‍ ഉണ്ട്. ജീവിതം കാണിച്ചു തരുന്ന വഴിയിലൂടെ സഞ്ചരിക്കുന്നവനെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. അത്തരത്തില്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അനുഗ്രഹീത നടനാണ് മനു മേനോന്‍. പ്രശസ്ത നര്‍ത്തകി ബീന മേനോന്റെ പുത്രന്‍ 

കുട്ടിക്കാലം മുതലേ നൃത്തത്തിലും അഭിനയത്തിലും ആകൃഷ്ടനായ മനു പല സ്‌റ്റേജുകളിലും നിറഞ്ഞ കയ്യടി വാരികൂട്ടി. പൊളിറ്റിക്കല്‍ സയന്‍സിലും സൈക്കോളജിയിലും ഡിഗ്രി ചെയ്തതിനു ശേഷം ആദ്യമായി സ്‌റ്റെല്ല അഡ്‌ലര്‍ സ്റ്റുഡിയോയിലാണ് അഭിനയം കാഴ്ചവെച്ചത്. പിന്നീട് വെസ്റ്റ് ബ്രൂക്ക് ലിന്‍ ലാബില്‍ നിന്നും രണ്ടു വര്‍ഷത്തെ മെയ്‌സ്‌നര്‍ ടെക്‌നിക് പ്രോഗ്രാം പൂര്‍ത്തിയാക്കി. 

അതിനിടയില്‍മനു തന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിം എഴുതുകയും അഭിനയിക്കുകയും ചെയ്തു. തിരക്കഥാകൃത്ത്, നടന്‍ എന്നീ റോളുകളിലേക്ക് മാറിയില്ലായിരുന്നുവെങ്കില്‍, ദൈവം മാറ്റിയില്ലായിരുന്നുവെങ്കില്‍ മനു ബ്രൂക്ക്ലിനിലെ ഒരു പേര്‍സണല്‍ ട്രെയിനര്‍ മാത്രമായി തുടരുമായിരുന്നു

മനു അഭിനയിച്ച സ്ലീപ്പിങ്ങ് ഡോഗ്‌സിലെ മാറ്റ്, ഹാസിം ഒക്ടോബറിലെ ഹാസിം, ഹാഞ്ചിബോക്‌സിലെ രവി തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍പ്രേക്ഷകമനസില്‍ മായാതെ കിടക്കുന്നു.

ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, പേര്‍സണല്‍ ട്രെയിനര്‍, ഇന്ത്യന്‍ ഫോക്ക് ഡാന്‍സ്, അഭിനയം തുടങ്ങിയ രംഗങ്ങളില്‍ നിറ സാന്നിധ്യമായ മനു മനസു തുറക്കുന്നു

മനു മേനോന്‍ എന്ന നടന്റെ പിറവി എങ്ങനെയാണ്?

ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരനായ ഞാന്‍ ഒരിക്കലും ഒരു നടനാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എല്ലാവരെയും പോലെ ഒരു ഡോക്ടറോ വക്കീലോ ആകുമായിരുന്നു. അങ്ങനെ തീരുമാനിച്ചിരുന്നു. പക്ഷെ കോളേജില്‍ പഠിക്കുന്ന കാലത്ത് എനിക്ക് അതിനോട് വിരക്തി തോന്നുകയും ജീവിതത്തില്‍ പുതുമയുള്ളത് എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഞാന്‍ ഒരു നടന്‍ ആയിരുന്നില്ല എങ്കില്‍ എനിക്ക് തോന്നുന്നത് ഞാന്‍ ഒരു ബാസ്‌ക്കറ്റ്‌ബോള്‍ ട്രെയ്‌നറോ മറ്റോ ആകുമായിരുന്നു.

അഭിനയം പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

ഞാന്‍ നേരത്തെ പറഞ്ഞത് പോലെ എന്നെ അഭിനയത്തിലേക്ക് നയിച്ചത് എന്റെ ജീവിതത്തിലെ പുതുമയെ തേടിയുള്ള അന്വേഷണമാണ്. അഭിനയത്തിലേക്ക് കടന്നു എങ്കിലും എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. നമ്മള്‍ എപ്പോഴും മനസിലാക്കേണ്ട ഒന്നുണ്ട്. ഒരു നടനാകാന്‍ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുള്ള ഒരാളെ തിരഞ്ഞെടുക്കുക എന്നത് ജീവിതത്തിലെ ഒരു വലിയ തീരുമാനം തന്നെയാണ്. എന്റെ ജീവിതത്തിലെ പെര്‍ഫെക്ടായ സഹായിയെ ഞാന്‍ കണ്ടെത്തി. ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യം എന്തെന്നാല്‍ ഒരുനല്ല നടനും മികച്ച നടനും തമ്മിലുള്ള വ്യത്യാസം അവരുടെ അറിവിലാണ്.

എങ്ങനെയാണ് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത്?

മെന്റല്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗം വായന തന്നെയാണ്. എത്രത്തോളം നിങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ ജീവിതം പഠിക്കുന്നു. പിന്നെ ഫിസിക്കല്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകാറുണ്ട്.

ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ താങ്കള്‍ ഉപയോഗിക്കുന്ന ടെക്‌നിക് എന്താണ്?

ഞാന്‍ സാന്‍ഫോര്‍ഡ് മെയ്‌സ്‌നാറിന്റെ രീതിയെ പിന്തുടരാന്‍ ശ്രമിക്കുന്ന ഒരാളാണ്. സാങ്കല്‍പ്പികമായ സാഹചര്യത്തില്‍ ജീവിക്കാനാണ് മെയ്‌സ്‌നര്‍ പറയുന്നത്. അത്തരം സാഹചര്യങ്ങളില്‍ കഥാപാത്രമായി കൊണ്ടു തന്നെ അതിനോട് മനു എങ്ങനെ പ്രതികരിക്കും എന്ന് മനസിലാക്കുന്നു. ആ പ്രതികരണം കഥാപാത്രത്തിന്റെതായി അവതരിപ്പിക്കുന്നു.

താങ്കളുടെഅഭിപ്രായത്തില്‍ ഇന്നത്തെ നടീ നടന്മാര്‍ക്ക് അഭിനയത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണ്?

പണത്തിനും പ്രശസ്തിക്കും വേണ്ടി അഭിനയത്തിലേക്ക് വന്നവരുണ്ട്. ഒരുസ്‌റ്റേജിലോ ക്യാമറക്ക് മുന്നിലോ മുഖം കാണിക്കുമ്പോള്‍ അത് കേവലം സൗന്ദര്യ പ്രദര്‍ശനമല്ല. അഭിനയം ഒരുതരത്തില്‍ ജീവിതമാണ്. ആ ജീവിതത്തിന് സൗന്ദര്യം ഒരു ഘടകമല്ല. അതിജീവനത്തിന് അധ്വാനിക്കണം എന്ന് നാം മനസിലാക്കണം.

ഒരു റോള്‍ ചെയ്യാനുള്ള ഓഫര്‍ വന്നു കഴിഞ്ഞാല്‍ താങ്കള്‍ ആദ്യം എന്ത് ചെയ്യും?

സ്‌ക്രിപ്റ്റ് വായിച്ചു എന്റെ കഥാപാത്രത്തെക്കുറിച്ച് പഠിക്കും. എന്ത്, എപ്പോള്‍, എങ്ങനെ എന്നതിനെക്കുറിച്ചെല്ലാം മനസിലാക്കും. പിന്നീട് റിഹേഴ്‌സല്‍ തുടങ്ങും. റിഹേഴ്‌സല്‍ നമ്മുടെ മനസിലുള്ള പേടിയും ടെന്‍ഷനും കുറയ്ക്കും.

പുതിയതായി ഈ മേഖലയിലേക്ക് വരുന്ന നടിനടന്മാരോട്മനുവിന് പറയുവാനുള്ളത്?

വിമര്‍ശനങ്ങളും എതിര്‍പ്പുകളും നേരിടാന്‍ തയ്യാറാവുക. ഒരുപക്ഷെ നിങ്ങള്‍ക്ക് അതിനുള്ള ക്ഷമയും തൊലിക്കട്ടിയും ഇല്ലെങ്കില്‍ നാളെ ഈ ഫീല്‍ഡില്‍ നിന്നും പിന്മാറി മറ്റൊരു ജോലിയില്‍ നിങ്ങള്‍ സന്തോഷമായിരിക്കുമോ എന്ന് ചിന്തിക്കുക. ഉത്തരം തീര്‍ച്ചയായും ഇല്ല എന്നായിരിക്കും.

താങ്കള്‍ ചെയ്തിട്ടുള്ളതില്‍ വെച്ച് മറക്കാനാവാത്ത ഒരു കഥാപാത്രത്തെക്കുറിച്ച് പറയാനുള്ളത്?

എനിക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ് സ്ലീപ്പിങ്ങ് ഡോഗ് എന്ന സിനിമയിലെ മേറ്റ്. എന്റെ പെരുമാറ്റത്തിന് യോജിക്കാത്ത ആ കഥാപാത്രത്തെയും സിനിമയെയും ഞാന്‍ ഉണ്ടാക്കിയെടുത്തു. അതു കൊണ്ടുതന്നെ എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാനും സാധിച്ചു. അവസരങ്ങള്‍ കിട്ടിയില്ലെന്നു പറഞ്ഞു പിന്മാറരുത്. അവസരങ്ങളെ സ്വയം സൃഷ്ടിക്കാന്‍ ശ്രമിക്കുക.

ഹോളിവുഡിലേക്ക് ഒരു മലയാളി;  മനു മേനോന്‍  മനസു തുറക്കുന്നു
ഹോളിവുഡിലേക്ക് ഒരു മലയാളി;  മനു മേനോന്‍  മനസു തുറക്കുന്നു
ഹോളിവുഡിലേക്ക് ഒരു മലയാളി;  മനു മേനോന്‍  മനസു തുറക്കുന്നു
ഹോളിവുഡിലേക്ക് ഒരു മലയാളി;  മനു മേനോന്‍  മനസു തുറക്കുന്നു
ഹോളിവുഡിലേക്ക് ഒരു മലയാളി;  മനു മേനോന്‍  മനസു തുറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക