Image

ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന് എഴുപത് വയസ്സ്

പി.കെ കുഞ്ഞാലിക്കുട്ടി എം.പി (ജനറല്‍ സെക്രട്ടറി ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്) Published on 10 March, 2018
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന് എഴുപത് വയസ്സ്
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന് ഇന്ന് എഴുപത്. എഴുപത് വര്‍ഷം മുന്‍പ് 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളിലാണ് സ്വതന്ത്ര ഭാരതത്തിലെ മുസ്ലിംലീഗ് പ്രസ്ഥാനം പിറവി കൊണ്ടത്. മഹാനായ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പ്രഖ്യാപനം രാജാജി ഹാളില്‍ കൂടിയ നേതൃയോഗം തക്ബീര്‍ മുഴക്കി സ്വാഗതം ചെയ്തു. സ്വാതന്ത്ര്യസമര നായകന്മാരില്‍ പ്രമുഖനായിരുന്ന മൗലാന ഹസ്രത്ത് മോഹാനിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. കെ.എം.സീതിസാഹിബ്, ബി. പോക്കര്‍ സാഹിബ്, സത്താര്‍സേട്ട്, ബോംബെ സംസ്ഥാന ലീഗ് പ്രസിഡന്റ് ഹസനലി പി. ഇബ്രാഹിം, അബ്ദുല്‍ഖാദര്‍ ഹാഫിസ്, എം.എ ഖാന്‍സാഹിബ്, എ.എ ഉമ്മര്‍ പൂന, മധ്യപ്രദേശിലെ എ. റഊഫ്ഷ, ബാംഗല്‍രിലെ എ. മജീദ്ഖാന്‍, മദ്രാസിലെ മെഹ്ബൂബ് അലി ബേഗ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്ത് ചരിത്രപ്രധാനമായ തീരുമാനത്തില്‍പങ്കാളികളായി.

ഇന്ത്യാ രാജ്യത്തിന്റെ വിഭജനത്തിന് വഴിവച്ച നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ക്ക് ശേഷം സ്വതന്ത്രഭാരതത്തില്‍ മുസ്ലിംകളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന് ഈ തീരുമാനം വഴിവച്ചു. സ്വതന്ത്രഭാരതത്തില്‍ മുസ്ലിംലീഗ് അവശേഷിപ്പിക്കരുതെന്ന നിര്‍ബന്ധം അന്നത്തെ ദേശീയ നേതാക്കള്‍ക്കെല്ലാമുണ്ടായിരുന്നു. ലീഗ് പാകിസ്താന്റെ ഭാഗമായി മാറിയെന്നായിരുന്നു വിലയിരുത്തല്‍. 1948 ജനുവരി ഒന്നിന് മദ്രാസിലെ ഗവര്‍ണേഴ്സ് ബംഗ്ലാവില്‍ ഖാഇദേമില്ലത്തിനെ കാണാന്‍ അവസാന ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭു എത്തി. 

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദേശവുമായാണ് മൗണ്ട് ബാറ്റന്‍ എത്തിയത്. ഇന്ത്യയില്‍ മുസ്ലിംലീഗ് നിലനിര്‍ത്തരുതെന്നും മുസ്ലിംകള്‍ക്കായി ഒരു പ്രസ്ഥാനം രൂപീകരിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. വളരെ വിനയാന്വിതനായി ഇസ്മായില്‍ സാഹിബ് ആ നിര്‍ദേശം തള്ളിക്കളഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്കായി ഒറ്റക്കെട്ടായി നീങ്ങാനുള്ള തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ബംഗാളിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും അസമിലും കര്‍ണാടകയിലുമെല്ലാം കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും കേരളമായിരുന്നു മുസ്ലിംലീഗിന് ഏറ്റവും വളക്കൂറുള്ള മണ്ണ്. നിയമസഭയിലും പാര്‍ലമെന്റിലുമൊക്കെ സാന്നിധ്യമറിയിക്കാന്‍ മറ്റു ചില സംസ്ഥാനങ്ങളിലും നാമമാത്രമായെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിലും കേരളം എന്നും മുസ്ലിംലീഗിന്റെ ഉരുക്കുകോട്ട തന്നെയായിരുന്നു.

ഇവിടെയും ഭീഷണികള്‍ എമ്പാടുമുണ്ടായിട്ടുണ്ട്. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍. ആഭ്യന്തരമന്ത്രി സുബ്ബരായന്റെ പ്രഖ്യാപനം ഇന്നും മലബാറിന്റെ കാതില്‍ മുഴങ്ങുന്നു: 'എന്റെ ഉടലില്‍ ജീവനുള്ള കാലം മുസ്ലിംലീഗിനെ വളരാന്‍ ഞാന്‍ അനുവദിക്കില്ല.' ഇതു കേട്ട് ഭീരുക്കളായ പലരും ലീഗില്‍ നിന്ന് രാജിവച്ച് പത്രപരസ്യം കൊടുത്തു. വീടുകള്‍ക്കു മുന്‍പില്‍ പോലും കോണ്‍ഗ്രസ് പതാക ഉയര്‍ത്തി. കഞ്ഞി കുടിക്കാന്‍ വകയുള്ളവരെല്ലാം ഈ പ്രസ്ഥാനത്തില്‍ നിന്നു പേടിച്ചോടിപ്പോയപ്പോള്‍ പാവപ്പെട്ടവനും അധ്വാനിക്കുന്നവനും തൊഴിലാളിയും മുസ്ലിംലീഗിന്റെ കൊടി നെഞ്ചേറ്റി. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ വിരലിലെണ്ണാവുന്ന സമ്പന്നരും ഈ പ്രസ്ഥാനത്തിന് ജീവനേകി എന്നതും വിസ്മരിച്ചുകൂട.

ഒളിച്ചോടിയ പലരും പിന്നീട് തിരിച്ചെത്തിയ അനുഭവവും പറയാനാവും.അര്‍പ്പണബോധവും ആത്മാര്‍ഥതയുമുള്ള നേതാക്കളുടെ സാന്നിധ്യമായിരുന്നു കേരളത്തില്‍ പൊതുവിലും മലബാറില്‍ പ്രത്യേകിച്ച് മുസ്ലിംലീഗിന്റെ വേരോട്ടത്തിന് കാരണം. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളും സി.എച്ച് മുഹമ്മദ്കോയ സാഹിബുമുള്‍പ്പെടെയുള്ള നേതാക്കള്‍ ഈ മണ്ണ് ഉഴുതുമറിച്ചാണ് ലീഗ് വളര്‍ത്തിയത്. മുസ്ലിംലീഗുകാരന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവാന്‍ സാധ്യതയില്ലാത്ത അവസ്ഥയില്‍ നിന്ന് എം.എല്‍.എയും എം.പിയും മന്ത്രിയും മുതല്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും വരെ ആകാന്‍ ഈ പ്രസ്ഥാനത്തിലൂടെ തന്നെ കഴിയുമെന്ന് കാലം തെളിയിച്ചു.

ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ ഒരു സമുദായത്തെ മുന്നാക്കം കൊണ്ടുവരാന്‍ വിദ്യാഭ്യാസ വിപ്ലവമാണ് വേണ്ടതെന്ന് മനസിലാക്കി നടത്തിയ പോരാട്ടത്തിന് കേരളം സാക്ഷി. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തിനിടയില്‍ ഈ കൊച്ചു സംസ്ഥാനത്തുണ്ടായ വിപ്ലവകരമായ വളര്‍ച്ചയുടെ ക്രെഡിറ്റ് മുസ്ലിംലീഗിന് മാത്രം അവകാശപ്പെട്ടതാണ്. നാലിലും അഞ്ചിലും മുസ്ലിം പെണ്‍കുട്ടികള്‍ ഒരു കാലത്ത് പഠിത്തം നിര്‍ത്തിയിരുന്നുവെന്ന്,എസ്.എസ്.എല്‍.സിക്കപ്പുറം പഠിക്കുന്നതിനെക്കുറിച്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് പറഞ്ഞാല്‍ ഇന്നത്തെ തലമുറക്ക് അത് ഉള്‍ക്കൊള്ളാനാവില്ല.

ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടും പഠനം നിര്‍ത്താന്‍ മടിക്കുന്ന തലമുറയുടെ മുന്‍പിലാണ് ഇന്ന് ഈ സമുദായം. പ്രൊഫഷനല്‍ കോളജുകളിലും സംവരണത്തിന്റെ പിന്‍ബലമില്ലാതെ മെറിറ്റില്‍ തന്നെ കയറിയിരിക്കുന്നു മഫ്ത ധരിച്ച പെണ്‍കുട്ടികള്‍. ഈ ഒരു മാറ്റമുണ്ടാക്കിയത് മുസ്ലിംലീഗും സി.എച്ചുമാണെന്ന തിരിച്ചറിവുണ്ടാവണം നമുക്ക്. മുസ്ലിംലീഗ് എപ്പോഴൊക്കെ ഭരണത്തിലെത്തിയിട്ടുണ്ടോ അപ്പോഴൊക്കെ വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിന്റെ കൈകളിലെത്തിക്കാന്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തയാറായത് ഈ മാറ്റത്തിന് ആക്കം കൂട്ടുന്നതിനു വേണ്ടിയാവണം.

അഞ്ചും എട്ടും സീറ്റില്‍ നിന്ന് ഇരുപത് നിയമസഭാ മണ്ഡലങ്ങള്‍ സ്വന്തമാക്കുന്നതിലേക്ക് ലീഗ് വളര്‍ന്നു. പതിവായി രണ്ട് മന്ത്രിമാരെന്നതില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍ മന്ത്രിസഭയില്‍ പങ്കാളികളാവുന്ന അവസ്ഥയിലേക്ക് നമ്മളെത്തി. രാഷ്ട്രീയ കാലാവസ്ഥയും കാറ്റും മാറിമറിഞ്ഞപ്പോഴൊന്നും മുസ്ലിംലീഗിന്റെ അടിത്തറക്ക് ഇളക്കം തട്ടിയില്ല. നിയമസഭയിലേക്കായാലും പാര്‍ലമെന്റിലേക്കായാലും മുസ്ലിംലീഗ് നേടുന്ന തുല്യതയില്ലാത്ത ഭൂരിപക്ഷം ഇന്നും രാഷ്ട്രീയ എതിരാളികള്‍ക്കു പോലും അവിശ്വസനീയമാണ്. ആടി ഉലയാത്ത ജനപിന്തുണയില്‍ ഒരു സംശയവും വേണ്ട, മുസ്ലിംലീഗിന്റെ സ്ഥാനം ഒന്നാമത്തേതാണ്.

മുസ്ലിംലീഗിന് മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണമാണുള്ളത്. ഇതൊരു രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും സാമൂഹ്യ പ്രതിബദ്ധതയാവണം മുഖ്യമെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിനൊരുപാട് ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാനാവും. കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ മാത്രം മതി സേവനരംഗത്തെ ലീഗിന്റെ കയ്യൊപ്പ് തിരിച്ചറിയാന്‍. കാന്‍സര്‍ രോഗികള്‍ക്കും കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍ക്കും വലിയ കൈത്താങ്ങാവാന്‍ ലീഗിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ശിഹാബ് തങ്ങളുടെ ഓര്‍മയ്ക്കായി ബൈത്തുറഹ്മ പദ്ധതി. തലചായ്ക്കാന്‍ സ്വന്തമായി ഇടമില്ലാത്തവന് വീട് പണിയിച്ച് കൊടുത്തു നടത്തുന്ന മുന്നേറ്റവും വോട്ട്ബാങ്കില്‍ കണ്ണും നട്ടുകൊണ്ടല്ല. വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, സമൂഹ വിവാഹം തുടങ്ങി കെ.എം.സി.സികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുല്യതയില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ അവസ്ഥ ഇന്നെവിടെ നില്‍ക്കുന്നു എന്ന് നോക്കിയാല്‍ മതി മുസ്ലിംലീഗ് കേരളം എങ്ങനെ മാറ്റിയെടുത്തു എന്നറിയാന്‍. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ സമിതി രാജ്യത്തെ മുസ്ലിംകളുടെ സാമൂഹ്യനിലവാരം സംബന്ധിച്ച് പഠനം നടത്തി. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍31 ശതമാനമാണെന്നവര്‍ കണ്ടെത്തി. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ബംഗാളിലും വിശപ്പടക്കാനാവാതെ മുണ്ട് മുറുക്കിയുടുക്കുന്നവരുണ്ടെന്ന ഭീതിജനകമായ അവസ്ഥക്ക് നേരെ എങ്ങനെ നമുക്ക് കണ്ണടക്കാനാവും.
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന് എഴുപത് വയസ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക