Image

മരണമില്ലാത്ത അച്ഛന്‍ (കവിത: ജോണ്‍ ആറ്റുമാലില്‍)

Published on 10 March, 2018
മരണമില്ലാത്ത അച്ഛന്‍ (കവിത: ജോണ്‍ ആറ്റുമാലില്‍)
ഇതാണെന്റെ പ്രിയ മകള്‍, എന്റെ ഓമന;
നാളെ നിന്‍ ഭാര്യയാകാന്‍ പോകുന്ന സുകുമാരി.
അവളീ പടിയിറങ്ങുമ്പോള്‍ ഞാന്‍ പാതി മരിക്കില്ലേ?
കുഞ്ഞിനെ പിരിയാന്‍ മനസ്സേതുമില്ലെനിക്ക്;
എക്കാലവും മകള്‍ക്ക് കൂട്ടായിരിക്കാന്‍ കഴിയുമോ;
ഒരച്ഛന്, ഒരമ്മയ്ക്ക്, കാലം കടന്നുപോവില്ലേ?

എന്നുമുണരുമ്പോള്‍ ഈയച്ഛന്റെ കാല്‍ക്കലെത്തും
കയ്യില്‍ കാപ്പിയും വിടര്‍ന്ന മുഖവുമായെന്മകള്‍.
അങ്ങനെയാണെന്റെ പുലരികള്‍ വിടരുക!
നുള്ളിനോവിച്ചിട്ടില്ല ഇന്നോളമെന്നോമനപ്പുത്രിയെ;
കരയിച്ചിട്ടില്ല, അതിനൊരു കാരണം കണ്ടിട്ടില്ല.

നാളെയവള്‍ക്കു നീ ഭര്‍ത്താവിയിത്തീരുമ്പോള്‍,
മറ്റൊരു മകനായ് നീ എന്നുള്ളില്‍ കുടിയേറും.
ഞാനെന്‍ മകളെ നിന്‍ കൈകളിലേല്പിക്കട്ടെ;
നിന്നോടൊത്തവള്‍ കൈപിടിച്ചിറങ്ങട്ടെ, മംഗളം നേരട്ടെ!
ഇനിമേല്‍ നീയവള്‍ക്ക് എല്ലാമെല്ലാമല്ലേ!
ഒരപേക്ഷ: കരയിക്കരുതെന്റെ കുഞ്ഞിനെ;
നൊമ്പരപ്പെടുത്തരുതേ, മറ്റൊന്നും ചോദിക്കുന്നില്ല.

****** *******

പതിറ്റാണ്ടുകളഞ്ചു പറന്നുപോയ്; ചില്ലുകൂട്ടില്‍ നിന്നും
അച്ഛന്റെ കാണാത്ത കണ്ണുകള്‍ കാണുന്നു, മിണ്ടാത്ത
ചുണ്ടുകള്‍ എന്തോ മിണ്ടിത്തുടങ്ങുന്നു പണ്ടെന്നപോല്‍!
പ്രിയമുള്ളവളെ പറയൂ, അച്ഛനെ എന്നെങ്കിലും ഞാന്‍
ഏറെ വേദനിപ്പിച്ചുവോ അറഞ്ഞോ, അറിയാതെയോ?

****** *******
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക