Image

മാറിക്കയറിയ വിമാനത്തില്‍ നിന്നും ചാടിയിറങ്ങി, യാത്രക്കാരന്‍ അറസ്റ്റില്‍

ജോര്‍ജ് തുമ്പയില്‍ Published on 10 March, 2018
മാറിക്കയറിയ വിമാനത്തില്‍ നിന്നും ചാടിയിറങ്ങി, യാത്രക്കാരന്‍ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: വിമാനത്തില്‍ മാറിക്കയറിയ യാത്രക്കാരന്‍ പാര്‍ക്കിങ് ബേയില്‍ സൃഷ്ടിച്ചത് വലിയ പ്രതിസന്ധി. ന്യൂജേഴ്‌സി ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണു സംഭവം. 

മൈക്രോനേഷ്യക്കാരനായ (പസഫിക്ക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹം) ട്രോയ് ജി. ഫട്ട്യൂന്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഥയിലെ നായകന്‍. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 1640-ലാണ് ഇയാള്‍ തെറ്റായി കയറിയത്. അബദ്ധം മനസ്സിലാക്കിയ ഉടന്‍ തന്നെ എമര്‍ജന്‍സി വാതില്‍ ബലമായി തുറക്കുകയും അതിലൂടെ താഴേയ്ക്ക് നിരങ്ങി ഇറങ്ങി രക്ഷപ്പെടാനും ശ്രമിച്ചു. 

 എമര്‍ജന്‍സി വാതില്‍ ശബ്ദത്തോടെ തുറക്കുകയും പുറത്തേക്കു ചാടാനുള്ള ബഹളവുമൊക്കെ കേട്ട സഹയാത്രക്കാര്‍ വിമാനം പൊട്ടിത്തെറിക്കുകയാണ് എന്നു കരുതി ഭയചകിതരായി നിലവിളിച്ചതോടെ കാബിന്‍ ക്രൂവും അങ്കലാപ്പിലായി. എന്തായാലും താഴെ എത്തിയ ഉടന്‍ തന്നെ കഥാനായകന്‍ പോലീസ് വലയിലായി.

 അതിക്രമിച്ചു കടക്കല്‍, ക്രമിനില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ വകുപ്പുകളും ചാര്‍ത്തിയിട്ടുണ്ടെന്നു പോര്‍ട്ട് അഥോറിറ്റി വക്താവ് അറിയിച്ചു. ടാമ്പയിലേക്കു വിമാനമായിരുന്നു ഇത്. സംഭവത്തെത്തുടര്‍ന്ന് വിമാനം താമസിച്ചത് അഞ്ചു മണിക്കൂറോളമാണ്. 

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറക്കി മറ്റൊരു വിമാനത്തില്‍ കയറ്റി വിടേണ്ടിയും വന്നു. ട്രോയിയുടെ അസ്വാഭാവിക പെരുമാറ്റത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എമര്‍ജന്‍സി വാതില്‍ ബലമായി തുറന്നു പുറത്തു ചാടിയതിനെക്കുറിച്ച് ഇയാള്‍ നല്‍കുന്ന വിശദീകരണത്തില്‍ അന്വേഷണ ഏജന്‍സികള്‍ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക