Image

തേനി കാട്ടുതീയില്‍ മരണസംഖ്യ 9; 28 പേരെ രക്ഷപ്പെടുത്തിയതായി തമിഴ്‌നാട്‌

Published on 12 March, 2018
തേനി കാട്ടുതീയില്‍ മരണസംഖ്യ 9; 28 പേരെ രക്ഷപ്പെടുത്തിയതായി തമിഴ്‌നാട്‌


കേരള-തമിഴ്‌നാട്‌ അതിര്‍ത്തി തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമായതായി സൂചന. 28 പേരെ രക്ഷപ്പെടുത്തിയതായി തമിഴ്‌നാട്‌ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‌ കേരളതമിഴ്‌നാട്‌ വനംവകുപ്പ്‌, അഗ്‌നിശമന സേനാ വിഭാഗം, പോലീസ്‌ എന്നിവരാണ്‌ നേതൃത്വം നല്‍കിയത്‌. തമിഴ്‌നാട്‌ സര്‍ക്കാരും രക്ഷാ പ്രവര്‍ത്തനത്തിന്‌ രംഗത്തുണ്ടായിരുന്നു.രക്ഷാപ്രവര്‍ത്തനം വഴി 28 പേരെ വനത്തില്‍ നിന്നും പുറത്തെത്തിച്ചു. കാട്ടുതീയെ തുടര്‍ന്ന്‌ കൂട്ടംതെറ്റിപ്പോയവരെ കണ്ടെത്താനായി വ്യോമസേനയുടെ രണ്ട്‌ ഹെലികോപ്‌ടറുകള്‍ വ്യോമനിരീക്ഷണം നടത്തുന്നുണ്ട്‌.

ഇന്നലെ വൈകിട്ടോടെ തുടങ്ങിയ കാട്ടു തീ ഇന്ന്‌ രാവിലെ ശമിച്ചതോടയാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിച്ചത്‌. ദുരന്തത്തില്‍ 14 പേര്‍ മരിച്ചതായാണ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന അനൗദ്യോഗിക വിവരം. മരണപ്പെട്ടവരില്‍ ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, ശുഭ, പുനിത, വിപിന്‍, അരുണ്‍ ഈറോഡ്‌ സ്വദേശികളായ വിജയ,വിവേക്‌,തമിഴ്‌ശെല്‍വി എന്നിവരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ഒന്‍പത്‌ പേരുടെ മരണം തേനി ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. വനത്തില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളേയും പുറത്ത്‌ എത്തിക്കാനാണ്‌ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌. ഈ നടപടി പൂര്‍ത്തിയായ ശേഷമായിരിക്കും മൃതദേഹങ്ങള്‍ പുറത്തെത്തിക്കുക. മൂന്ന്‌ പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ്‌ സൂചന.

കൊള്ളുക്ക്‌ മലയുടെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ്‌ അപകടത്തില്‍പ്പെട്ടവരെ ആദ്യം കൊണ്ടു വരുന്നത്‌. ഇവിടെ നിന്നും ഗുരുതരമായി പരിക്കേറ്റവരെ ആണ്‌ തേനി, മധുര ആശുപത്രികളിലേക്ക്‌ മാറ്റുന്നത്‌. എത്ര പേര്‍ ട്രെക്കിംഗ്‌ നടത്തിയെന്ന കൃത്യമായ വിവരം ലഭ്യമാല്ലത്തതിനാല്‍ രക്ഷപ്പെട്ടവരുടേയും മരണപ്പെട്ടവരുടേയുംഎണ്ണം കൃത്യമായി പറയാന്‍ അധികൃതര്‍ക്ക്‌ സാധിക്കുന്നില്ല. ചെങ്കുത്തായ വനമേഖലയിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാണെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക