Image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, മണ്ഡലം നിലനിര്‍ത്താന്‍ രണ്ടും കല്‍പ്പിച്ച് ഇടതുമുന്നണി

Published on 12 March, 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, മണ്ഡലം നിലനിര്‍ത്താന്‍ രണ്ടും കല്‍പ്പിച്ച് ഇടതുമുന്നണി
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മണ്ഡലം ഏതു വിധേനയും നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ഇടതു മുന്നണിക്ക് അനുയോജ്യനാണ് സജിയെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയായി സജിയുടെ പേര് ഐക്യകണ്‌ഠേനയാണ് നിര്‍ദ്ദേശിച്ചത്. നിലവില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്‍.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മറ്റി യോഗമാണ് സജി ചെറിയാന്റെ പേര് നിര്‍ദ്ദേശിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാം ഒറ്റകെട്ടായി സജി ചെറിയാനെ പിന്തുണയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥി യുവജന രാഷ്ട്രിയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന സജി ചെറിയാന് ചെങ്ങന്നൂര്‍ നല്ല ബന്ധങ്ങളുണ്ട്. ഇതിനു മുന്‍പ് മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്തംഗമായി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന സജി ചെറിയാന്‍ 2006 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു .

എട്ടു വര്‍ഷത്തോളം ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന സജി സിഐടിയു ജില്ലാ പ്രസിഡന്റായും സ്‌പോര്‍ട്‌സ് കൗണ്‍സിന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലിയേറ്റിവ് കെയര്‍, ജൈവ പച്ചക്കറി കൃഷി തുടങ്ങിയവയില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാകാന്‍ കഴിഞ്ഞത് സജി ചെറിയാന്റെ സ്ഥാനാര്‍ത്ഥത്തിന് ഗുണകരമാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. പാലിയേറ്റിവ് പ്രവര്‍ത്തനവും ജൈവ പച്ചക്കറി കൃഷിയിലൂടെയും സംസ്ഥാനത്ത് തന്ന മികച്ച പ്രകടനമാണ് സജി ചെറിയാന്‍ നടത്തിയിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം വോട്ടായി മാറ്റാന്‍ സജിക്കു കഴിയുമെന്നാണ് ഇടതു മുന്നണി കരുതുന്നത്. ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിനെ കൂടി പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മണ്ഡലം നിലനിര്‍ത്താന്‍ അധികം വിയര്‍പ്പൊഴുക്കേണ്ടതില്ലെന്നും അവര്‍ കരുതുന്നു. സജി തന്നെയാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെന്ന് കഴിഞ്ഞയാഴ്ച മുതല്‍ക്കേ തീരുമാനിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് ഇന്നാണെന്നു മാത്രം. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയാണ് സജി ചെറിയാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക