Image

എന്‍.ഡി.എക്ക് വോട്ട് കുറയുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി.

Published on 12 March, 2018
എന്‍.ഡി.എക്ക് വോട്ട് കുറയുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി.
ആലപ്പുഴ: അഭിപ്രായ വ്യത്യാസം പരിഹരിച്ചില്ലെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് വോട്ട് കുറയുമെന്നതില്‍ സംശയമില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി.

എന്‍.ഡി.എയിലെ മറ്റു ഘടകകക്ഷികളും തങ്ങളെപോലെ അസംതൃപ്തരാണ്. തെരഞ്ഞെടുപ്പിന് രണ്ടുമൂന്ന് മാസമുണ്ട്. ഇതിനിടെ തിരുത്തല്‍ ഉണ്ടാകണം. മുന്നണി വിടണമെന്ന അഭിപ്രായത്തിലെത്തിയിട്ടില്ല.

താന്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടെന്നത് മാധ്യമസൃഷ്ടിയാണ്. ഇതുവരെ മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ ചോദിച്ചിട്ടില്ല. തനിക്കതില്‍ താല്‍പര്യവുമില്ല.

അധികാരസ്ഥാനങ്ങള്‍ മോഹിച്ചല്ല ബി.ഡി.ജെ.എസ് രൂപവത്കരിച്ചത്. ഒരു മുന്നണിയും സമുദായത്തെ സഹായിച്ചിട്ടില്ല. എന്‍.ഡി.എയും വ്യത്യസ്തമല്ല.

എം.പി സ്ഥാനത്തിന് തുഷാറിനേക്കാള്‍ യോഗ്യനാണ് വി. മുരളീധരന്‍- എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അതേസമയം, സവര്‍ണ മേധാവിത്വമുള്ള ബി.ജെ.പിക്ക് കേരളത്തില്‍ വളരാനാകില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

മുരളീധരന് എം.പി സീറ്റ് നല്‍കിയത് ശരിയായ നടപടിയാണ്. നേരത്തേ നല്‍കേണ്ടതായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി എം.പി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ വാര്‍ത്ത പ്രചരിച്ചത് കോഴിക്കോടുനിന്നാണ്. വാര്‍ത്തകള്‍ വരുമ്പോള്‍ തുഷാറും കുടുംബവും വിദേശത്തായിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാം. കേരളത്തില്‍ ബി.ജെ.പി മുന്നാക്ക ആഭിമുഖ്യമുള്ള പാര്‍ട്ടിയാണ്. ബി.ഡി.ജെ.എസ് പിന്നാക്ക പാര്‍ട്ടിയും. എന്നാല്‍, പിന്നാക്ക-മുന്നാക്ക ആഭിമുഖ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകാനുള്ള ശ്രമം ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക