Image

പതിവു സങ്കല്‍പ്പങ്ങളെ കാറ്റില്‍ പറത്തി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌

Published on 13 March, 2018
പതിവു സങ്കല്‍പ്പങ്ങളെ കാറ്റില്‍ പറത്തി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌


അവാര്‍ഡ്‌ നിര്‍ണയത്തിന്റെ പതിവു കാഴ്‌ചകള്‍ മാറ്റി മറിച്ചു കൊണ്ട്‌ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ അത്‌ മലയാള സിനിമാ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാവുകയായിരുന്നു. നായകസങ്കല്‍പ്പങ്ങളെ കുടഞ്ഞെറിഞ്ഞു കൊണ്ട്‌ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്‍മാര്‍ക്കാണ്‌ ഇത്തവണ അവാര്‍ഡ്‌ എന്നത്‌ വളരെ പുതുമയുണര്‍ത്തുന്ന അനുഭവമായി.
ആളൊരുക്കം എന്ന ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനെ അവതരിപ്പിച്ച ഇന്ദ്രന്‍സാണ്‌ മികച്ച നടന്‍. ടേക്ക്‌ ഓഫ്‌ എന്ന ചിത്രത്തില്‍ സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി മേനോന്‍ മികച്ച നടിയായി. ഒരു ലക്ഷം രൂപയും ശില്‌പവും പ്രശസ്‌തി പത്രവുമാണ്‌ അവാര്‍ഡ്‌.

അവസാന നിമിഷം വരെ ഫഹദ്‌ ഫാസിലിനൊപ്പം ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയാണ്‌ ഇന്ദ്രന്‍സ്‌ തനിക്ക്‌ അവാര്‍ഡ്‌ വാങ്ങാന്‍ യോഗമുണ്ടെന്നു തെളിയിച്ചത്‌. ഗാര്‍ഹിക പീഡനത്തിനിരയാകുന്ന ഒരു പെണ്‍കുട്ടിയുടെ ചെറുത്തു നില്‍പ്പിന്റെ കഥ പച്ചയായി ആവഷ്‌ക്കരിച്ച രാഹുല്‍ റിജി സംവിധാനം ചെയ്‌ത ഒറ്റമുറി വെളിച്ചമാണ്‌ ഏറ്റവും മികച്ച ചിത്രം. സംവിധായകനും നിര്‍മാതാവിനും രണ്ടു ലക്ഷം രൂപ വീതവും ശില്‍പവും പ്രശംസാപത്രവുമാണ്‌ അവാര്‍ഡ്‌.

ഇ.മ.യൗ എന്ന ചിത്രം സംവിധാനം ചെയ്‌ത ലിജോ ജോസ്‌ പല്ലിശേരിയാണ്‌ മികച്ച സംവിധായകന്‍. സഞ്‌ജു സുരേന്ദ്രന്‍ സംവിധാനം ചെയ്‌ത ഏദനാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന്‌ അലന്‍സിയര്‍ മികച്ച സ്വഭാവനടനായി. ഒറ്റമുറി വെളിച്ചം, ഇമ.യൗ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ പോളി വില്‍സണ്‍ മികച്ച സ്വഭാവ നടിയായി. രക്ഷാധികാരി ബൈജു ഒപ്പ്‌ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച ബാലനടയായി നക്ഷത്രയും സ്വനം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ അഭിനന്ദ്‌ മികച്ച ബാലനടനുമായി.

ഭയാനകം എന്ന ചിത്രത്തിന്‌ സംഗീതം നല്‍കിയ എം.കെ.അര്‍ജുനനാണ്‌ മികച്ച സംഗീത സംവിധായകന്‍. അര നൂറ്റാണ്ടായി സംഗീത സംവിധാന രംഗത്തു നിറസാന്നിധ്യമായ അര്‍ജുനന്‍ മാസ്റ്ററുടെ പ്രഥമ അവാര്‍ഡാണിത്‌. ക്ലിന്റിലെ ഗാനങ്ങള്‍ രചിച്ച പ്രഭാവര്‍മ്മയ്‌ക്കാണ്‌ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌ക്കാരം. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്‌ ഗോപീ സുന്ദറിനാണ്‌. ഷഹബാസ്‌ അമനും സിത്താര കൃഷ്‌ണകുമാറുമാണ്‌ മികച്ച ഗായകര്‍.

മന്ത്രി എ.കെ ബാലനാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. ടി.വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ്‌ നിര്‍ണയ സമിതിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്‌. ആകെ 110 ചിത്രങ്ങളാണ്‌ പരിഗണനയ്‌ക്കു വന്നത്‌.











Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക