Image

ഫ്‌ളോറിഡ ഗവര്‍ണ്ണറുടെ സെനറ്റ് സ്ഥാനാര്‍ത്ഥിത്വം പരുങ്ങലില്‍ (അബ്രഹാം തോമസ്)

അബ്രഹാം തോമസ് Published on 13 March, 2018
ഫ്‌ളോറിഡ ഗവര്‍ണ്ണറുടെ സെനറ്റ് സ്ഥാനാര്‍ത്ഥിത്വം പരുങ്ങലില്‍ (അബ്രഹാം തോമസ്)
ഫ്‌ളോറിഡയില്‍ തോക്ക് നിയന്ത്രണത്തിന്റെ പുതിയ നിയമം ഗവര്‍ണ്ണര്‍ റിക്ക്‌സ്‌ക്കോട്ട് ഒപ്പു വച്ചതോടെ നാഷ്ണല്‍ റൈഫിള്‍ അസോസിയേഷനും സ്‌ക്കോട്ടുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. നവംബറില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ യു.എസ് സെനറ്റിലേയ്ക്ക് മത്സരിക്കുവാന്‍ സ്‌കോട്ട് തീരുമാനിച്ചിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ എന്‍ആര്‍എയുടെയും ചില റിപ്പബ്ലിക്കനുകളുടെയും പിന്തുണ സ്‌ക്കോട്ടിന് ലഭിക്കുകയില്ല.

എന്‍ആര്‍എ ഫെഡറല്‍ ഡിസ്ട്രിക്ട് കോടതിയില്‍ തോക്ക് നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. നിയമം ഭരണഘടനയുടെ രണ്ടാം ഭേദഗതി വാഗ്ദാനം ചെയ്യുന്ന പൗരാവകാശ ലംഘനമാണെന്നാണ് വാദം. തോക്ക് വാങ്ങുവാനുള്ള കുറഞ്ഞ പ്രായം 21 വയസാക്കുകയും തോക്കു വാങ്ങുന്നതിന് അപേക്ഷ നല്‍കി 3 ദിവസം കഴിഞ്ഞേ തോക്ക് നല്‍കാന്‍ പാടുള്ളൂ എന്നും ബബ് സ്റ്റോക്കുകള്‍ നിരോധിക്കണമെന്നും ബില്ലില്‍ പറയുന്നു. ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ 17 പേരെ വെടിവച്ചു വീഴ്ത്തിയ 19 കാരന്‍ തനിക്ക് 18 വയസ്സുള്ളപ്പോഴാണ് നിയമപരമായി ഫെഡറല്‍ ലൈസന്‍സുള്ള വില്പനക്കാരന്റെ കയ്യില്‍ നിന്ന് തോക്ക് വാങ്ങിയത്. കൈത്തോക്കുകള്‍ വാങ്ങുവാന്‍ 21 വയസ് തികയണം എന്ന് പറയുന്ന നിയമം നീളമുള്ള തോക്കുകള്‍(പാര്‍ക്ക്‌ലാന്‍ഡ് ഘാതകന്‍ ഉപയോഗിച്ചതുപോലുള്ളവ) വാങ്ങുവാന്‍ 18 വയസു മതി എന്നാണ് അനുശാസിക്കുന്നത്.

പ്രായങ്ങള്‍ തമ്മിലുള്ള ഈ അന്തരം പാര്‍ക്ക്‌ലാന്‍ഡ് കൂട്ടക്കുരുതിക്ക് ശേഷം സജീവ ചര്‍ച്ചയായിട്ടുണ്ട്. നിയമം പാസായതോടെ കുറഞ്ഞ പ്രായം ഉയര്‍ത്തുന്ന മൂന്നാമത്തെ സംസ്ഥാനമായി ഫ്‌ളോറിഡ മാറി. ഇല്ലിനോയിയും ഹവായിയും നേരത്തെ തന്നെ കുറഞ്ഞ പ്രായം 21 വയസാക്കിയിരുന്നു. എന്‍ആര്‍എ ആരോപിക്കുന്നത് പൗരബോധമുള്ള, നിയമത്തെ അനുസരിക്കുന്ന ഒരു യുവതലമുറ മുഴുവന്‍ പൗരാവകാശത്തെ നിയമം ലംഘിക്കുന്നു എന്നാണ്- ആയുധം സൂക്ഷിക്കുവാനും കൈവശം വയ്ക്കുവാനുമുള്ള അവകാശം ഹനിക്കുന്നു. 18 ല്‍ എത്തി, 21 ല്‍ എത്തിയില്ല എന്നതാണ് ഇവര്‍ക്കെതിരായ വിവേചനത്തിന് കാരണം. 18 വയസ്സില്‍  നിയമം അനുസരിക്കുന്ന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പ്രായപൂര്‍ത്തിയായവരുടെ  എല്ലാ അവകാശങ്ങളുമുണ്ട്. ഭരണഘടന ഇത് ഉറപ്പു നല്‍കുന്നു. 18 വയസായാല്‍ മിലിട്ടറിയില്‍ ചേര്‍ന്ന് ആയുധമെടുത്ത് രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുവാനും രാജ്യത്തിന് വേണ്ടി മരിച്ചു വീഴാനും കഴിയും,' എന്‍ആര്‍എ വാദിക്കുന്നു.

ഒരു മുന്‍ കേസില്‍ 21 വയസില്‍ താഴെയുള്ളവര്‍ കൈ തോക്ക് വാങ്ങുന്നത് മൗലികാവകാശത്തിന് മേലുള്ള ബാധ്യതയായിരിക്കും എന്ന ഫെഡറല്‍ ഗവണ്‍മെന്റ് വാദം ഖണ്ഡിക്കുവാന്‍ എന്‍ആര്‍എ നിരത്തിയ കാരണങ്ങളും ഇവയായിരുന്നു. അന്ന് ഫിഫ്ത് യു.എസ്. സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഈ വാദം തള്ളി. പൊതു സുരക്ഷ മുന്‍ നിര്‍ത്തി ഒരു വിഭാഗത്തിന് കൈത്തോക്ക് വാങ്ങാന്‍ പരിതി നിശ്ചയിക്കാം എന്ന് കോടതി വ്യക്തമാക്കി.

1968 ലെ ഗണ്‍ കണ്‍ട്രോള്‍ ആക്ടിലാണ് കൈത്തോക്കുകള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആയി നിശ്ചയിച്ചത്. 18 മുതല്‍ 20 വയസു വരെ പ്രായമുള്ള ചെറുപ്പക്കാരായ മുതിര്‍ന്നവര്‍ താരതമ്യേനെ പക്വത കുറഞ്ഞവരായിരിക്കും. അവര്‍ക്ക് വളരെ എളുപ്പം കൈത്തോക്കുകള്‍ കൈവശം വയ്ക്കുവാന്‍ അനുവദിക്കാതിരിക്കുന്നത് ഹിംസാത്മക ആക്രമണങ്ങള്‍ കുറയ്ക്കുമെന്ന് കോടതി പറഞ്ഞു. ഈ വിധിക്കെതിരെ എന്‍ആര്‍എ നല്‍കിയ അപ്പീല്‍ യു.എസ്. സുപ്രീം കോടതി തള്ളി. 18 മുതല്‍ 20 വയസുവരെയുള്ളവര്‍ പൊതുവായി തോക്കുകള്‍ കൈവശം വയ്ക്കുന്നത് നിരോധിച്ച ടെക്‌സസ് നിയമവും കോടതി ശരിവച്ചു.

ഫ്‌ളോറിഡ ഗവര്‍ണ്ണറുടെ സെനറ്റ് സ്ഥാനാര്‍ത്ഥിത്വം പരുങ്ങലില്‍ (അബ്രഹാം തോമസ്)
Join WhatsApp News
truth and justice 2018-03-13 05:39:37
When someone who is 18 yrs old want to serve the country. with rigorous verification and scrutiny only in the military and police they can have gun otherwise mentally unstabled personnel granting permission to buy the gun why NRI is allowing. Its a common sense.Smart guys are in this country, but they do not know how to implement the rule and safety of the people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക