Image

ചുഴലിക്കാറ്റ് ഭീതിയില്‍ കേരളം! തീരത്ത് അതീവ ജാഗ്രത, തുറമുഖങ്ങളില്‍ മൂന്നാം നമ്പര്‍ അപായ സൂചന

Published on 13 March, 2018
ചുഴലിക്കാറ്റ് ഭീതിയില്‍ കേരളം! തീരത്ത് അതീവ ജാഗ്രത, തുറമുഖങ്ങളില്‍ മൂന്നാം നമ്പര്‍ അപായ സൂചന
ഓഖിപ്പേടിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി കേരള തീരത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ന്യൂന മര്‍ദ്ദം ശക്തി പ്രാപിക്കുന്നതായി സൂചനകള്‍. കേരളത്തില്‍ പലയിടത്തും ഇപ്പോള്‍ നേരിയ തോതില്‍ മഴയുണ്ട്. താപനിലയില്‍ പത്തു ഡിഗ്രിയോളം കുറവുണ്ടായി. ആകാശം മേഘാവൃതമാണ്. തീരപ്രദേശത്ത് സാധാരണയിലും കവിഞ്ഞ് കാറ്റു വീശുന്നുണ്ട്. സംസ്ഥാനത്തെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചു.

അടിയന്തരഘട്ടം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ചീഫ് സെക്രട്ടറി എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 40-50 കിലോമീറ്ററാണെങ്കിലാണ് മൂന്നാം നമ്പര്‍ അപായ സൂചന നല്‍കാറുള്ളത്. വേഗം 60-90 കിലോമീറ്റര്‍ എത്തിയാല്‍ രണ്ടാം നമ്പര്‍ അപായ സൂചന നല്‍കും. കേരള തീരത്ത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കൊച്ചി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസുകള്‍ താല്‍ക്കലികമായി നിര്‍ത്തിവച്ചു.

സംസ്ഥാനത്തെ മുഴുവന്‍ തീരദേശഗ്രാമങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും ഇവയുടെ നിയന്ത്രണം തഹസില്‍ദാര്‍മാരെ ഏല്‍പ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തരഘട്ടവും നേരിടാന്‍ സജ്ജമാകണമെന്ന് കെഎസ്ഇബി ഓഫീസുകള്‍ക്കും അറിയിപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക