Image

വീപ്പ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു

Published on 14 March, 2018
വീപ്പ കൊലപാതകത്തിലെ  പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: കുമ്പളത്ത്‌ കോണ്‍ക്രീറ്റ്‌ നിറച്ച വീപ്പയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങുന്നു. തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി സജിത്താണ്‌ ശകുന്തളയെ കൊലപ്പെടുത്തിയതെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍.

ശകുന്തളയുടെ മകളുമായി അടുപ്പത്തിലായിരുന്നു സജിത്ത്‌. ഇരുവരുടെയും ബന്ധം ശകുന്തള ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌.
എന്നാല്‍ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ വീപ്പയ്‌ക്കുള്ളില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തിയതോടെ കൃത്യം നടത്തിയ സജിത്ത്‌ ജീവനൊടുക്കുകയും ചെയ്‌തു.

പത്തുമാസം പഴക്കമുള്ള അസ്ഥികൂടമാണ്‌ വീപ്പയ്‌ക്കുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നത്‌. മൃതദേഹം വീപ്പയ്‌ക്കുള്ളിലാക്കി കോണ്‍ക്രീറ്റ്‌ ചെയ്‌ത നിലയിലാണ്‌ കായലില്‍ ഉപേക്ഷിച്ചത്‌. വീപ്പയ്‌ക്കുള്ളില്‍ നിന്ന്‌ ദുര്‍ഗന്ധം വമിച്ചതോടെ മത്സ്യത്തൊഴിലാളികളാണ്‌ ഇത്‌ കരയ്‌ക്കെത്തിച്ചത്‌. വീപ്പയ്‌ക്കുള്ളില്‍ നിന്ന്‌ ദുര്‍ഗന്ധംതുടരുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്‌തതോടെ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വീപ്പ പൊളിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ പത്ത്‌ മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്‌.

 കൊച്ചിയിലും സമീപപ്രദേശങ്ങളില്‍ നിന്നും കാണാതായ സ്‌ത്രീകളെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിയ പോലീസ്‌, ഡിഎന്‍എ പരിശോധനയിലൂടെഉദയംപേരൂര്‍ സ്വദേശിനിയായ ശകുന്തളയാണ്‌ കൊല്ലപ്പെട്ടയാളെന്ന്‌ കണ്ടെത്തിയെങ്കിലും കൊലപാതകത്തിന്‌ പിന്നിലെ കാരണം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ്‌ ശകുന്തളയുടെ കുടുംബത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിയത്‌. കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന ശകുന്തള ഉദയംപേരൂരില്‍ തനിച്ചായിരുന്നു താമസം.

ഏറെക്കാലം സംസ്ഥാനത്തിന്‌ പുറത്ത്‌ ജോലി ചെയ്‌തിരുന്ന ശകുന്തളയുടെ കൈവശം മരണപ്പെട്ട സമയത്ത്‌ ആറു ലക്ഷം രൂപയുടെ സമ്പാദ്യവുമുണ്ടായിരുന്നു. എന്നാല്‍ ഈ പണം കണ്ടെത്താന്‍ പോലീസിനായില്ല. ഇതിനെ തുടര്‍ന്നാണ്‌ അന്വേഷണം ശകുന്തളയുടെ മകളിലേക്ക്‌ നീങ്ങിയത്‌.. ഇതിനിടെയാണ്‌ ഏരൂര്‍ സ്വദേശിയായ സജിത്തിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

സജിത്തും ശകുന്തളുയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി മനസിലായതും  സജിത്തിന്റെ മൃതദേഹത്തില്‍ നിന്ന്‌ പൊട്ടാസ്യം സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതും സംശയം വര്‍ദ്ധിപ്പിച്ചു.  തുടര്‍ന്ന്‌ ശകുന്തളയുടെ മകളുമായി സജിത്തിന്‌ അടുപ്പമുണ്ടായിരുന്നെന്നും, എന്നാല്‍ ഈ ബന്ധത്തെ ശകുന്തള എതിര്‍ത്തതാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നുമാണ്‌ പോലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌.

പൊട്ടാസ്യം സയനൈഡ്‌ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ ശേഷമാണ്‌ ശകുന്തളയുടെ മൃതദേഹം കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ വീപ്പയ്‌ക്കുള്ളിലാക്കിയതെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
 വീപ്പ പൊളിച്ച്‌ അസ്ഥികൂടം കണ്ടെത്തിയതോടെ സംഭവത്തില്‍ പിടിക്കപ്പെടുമെന്ന്‌ ഭയന്നാണ്‌ സജിത്ത്‌ ജീവനൊടുക്കിയതെന്നും പോലീസ്‌ സംശയിക്കുന്നു. അതേസമയം, ഇയാളുടെ മരണത്തിന്‌ പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക