Image

കളകള്‍ (കവിത-സീന ശ്രീവത്സന്‍)

Published on 14 March, 2018
കളകള്‍ (കവിത-സീന ശ്രീവത്സന്‍)
നുകം കെട്ടുന്ന കാളകള്‍ക്ക്
വലിപ്പച്ചെറുപ്പങ്ങളില്ല
കൊഴു മണ്ണിലാഞ്ഞുതന്നെ നീങ്ങണം
ഉഴുതവനും വിതച്ചവനും കൊയ്തവനുമല്ല
അദൃശ്യനായി ചാട്ടവീശുന്നവര്‍
മണിമന്ദിരങ്ങളില്‍
വിരുന്നു പാര്‍ക്കുന്നുണ്ട്
രാഷ്ട്രതന്ത്രത്തിന്റെ
വിത്തുകള്‍ കൊയ്‌തെടുക്കാന്‍ 
കളകള്‍ (കവിത-സീന ശ്രീവത്സന്‍)
Join WhatsApp News
വിദ്യാധരൻ 2018-03-15 00:02:14
എത്രയോ നൂറ്റാണ്ടായി പുരുഷ കാളകളെ
നുകങ്ങൾ ഇട്ടു പൂട്ടി പൂട്ടുന്ന നാരിജനം
കൂട്ടത്തിൽ ചാട്ടവാറിൻ അടിയുമായാൽ പിന്നെ
ഉഴുതു മറിച്ചിടും   കാളകൾ നിലമെല്ലാം
എങ്കിലും കേട്ടിടേണം കാളകൾക്കെന്നുമെന്നും
വിത്തു വിതയ്ക്കും നേരം വളയിൻ കിലുക്കങ്ങൾ
കടമിഴി കോണുകകളാൽ കവിത എഴുതുമ്പോൾ
കാളകൾ കളയാകാം കളകൾ കാളയാകാം
ചാട്ടകൊണ്ടടിച്ചാലും ചന്തിക്കു പൊള്ളിച്ചാലും
കാളകൾ കൂട്ടമായി എത്തിടും നിലം പൂട്ടാൻ
വൃത്തങ്ങൾ കോടിയാലും താളങ്ങൾ തെറ്റിയാലും
കാളക്കുവേണമൊരു നാരിയിൻ അടിയെന്നും
സിനിമാ പാട്ടുപാടി കാളകൾ വരുന്നുണ്ട്
കൂടാതെ മുതുകാള മുക്കറ ഇട്ടു വേറെ
മുല്ലാക്കമാരെ മാത്രം സൂക്ഷിച്ചിടേണമെന്നും
അതും 'ഇതും' പറഞ്ഞവർ അടുത്തു കൂടും മെല്ലെ
മൊഞ്ചുള്ള പെണ്ണുങ്ങളെ കണ്ടാലുടൻതന്നെ 
ഉഴുതു മറിക്കണം ആഴത്തിൽ നിലമെല്ലാം

ഡോ.ശശിധരൻ 2018-03-15 11:59:37

സാമൂഹിക മനസ്സിനെ ഏറ്റുവം  കൂടുതൽ സ്വാധീനിക്കാൻ  കഴിയുന്നത് സാഹിത്യത്തിലെ  കവിതക്കാണെന്ന്  അതിമനോഹരമായ അറിവിന്റെ പ്രകാശം “കളകൾഎന്ന കവിതയിലൂടെ പ്രസരിപ്പിച്ചുകൊണ്ട് ശ്രീമതി സീന ശ്രീവത്സൻ നമ്മുടെ ചിന്താസരണിക്ക് നവ്യത നല്കി  തെളിയിച്ചിരിക്കുന്നതായി കാണാം .കളകൾ എന്ന കവിതാ ശീർഷകത്തിൽ തന്നെ കവിതയുടെ സാരസത്തയുടെ കനക രശ്മികൾ കാണാവുന്നതാണ്.ഏതു മേഖലകളിലും കാളകളെ പോലെ മനുഷ്യനെ പണിയെടുപ്പിച്ചു പണമുണ്ടാക്കി അഴിമതിചെയ്തു ,ചൂഷണം ചെയ്തു കൊഴുത്തു ആസ്പത്രികളും ,കലാലയങ്ങളും നടത്തി പ്രശസ്തിയുടെ പ്രഭാപൂരത്തിൽ  മണിമന്ദിരങ്ങളിൽ  ഇവർ കഴിയുമ്പോൾ അതിനു വേണ്ടി ചോര നീരാക്കിയവരെ വയലിലെ കളകളെ പോലെ പിഴുതെടുത്തു പൊരിച്ചുകളയുന്നു.ഇന്നത്തെ സമകാലിക ലോകത്തിലെ സർവത്ര അനവസ്ഥ അങ്ങേയറ്റത്തെ അഗാധമായ സൗന്ദര്യത്തോടുകൂടി കളകൾ എന്ന കവിതയിലൂടെ മംഗളമായി ശ്രീമതി സീന ശ്രീവത്സൻ അടയാളപ്പെടുത്തിയിരിക്കുന്നു.

(ഡോ.ശശിധരൻ)

ഒരു വായനക്കാരൻ 2018-03-15 13:11:19
ഒരു കവിത എഴുതി പബ്ലിഷ് ചെയ്യതാൽ അത് വായനക്കാരന് മനസിലാകുന്നില്ല എങ്കിൽ എങ്ങനെ അത് സാമൂഹ്യ പരിവർത്തനത്തിനു കാരണാമായി തീരും?  വയലാറിനെപ്പോലെയുള്ളവർ കവിത എഴുതിയപ്പോൾ അത് ജനങ്ങളുടെ സിരകളിൽ ആവേശം ഉണർത്തി .
ചോരച്ചുവയ്ക്കും ഞങ്ങടെ നാട്ടിലെ
നീരാവിക്കും മണലിനും
കറുകക്കൂമ്പിൽ മഞ്ഞണിമുത്തിലും -
മൊരുതുള്ളിച്ചുടുനിണമില്ലേ
ഇവിടെകായിലിലൊഴുകി പോകും
കവിതയ്ക്കുണ്ടൊരു കഥ പറയാൻ
വെടിയേറ്റന്നു തുളഞ്ഞമരങ്ങൾ -
ക്കിടിവെട്ടുന്നൊരു കഴിവില്ലേ ?
സംസ്കാരത്തിന്റെ നാളങ്ങൾ എന്ന കവിതയിൽ നിന്നെടുത്ത ഈ ശകലത്തിന് മനുഷ്യനെ മനുഷ്യനെ ഉണർത്തി ചിന്തിപ്പിക്കാനുള്ള കഴിവുണ്ട് .  എന്നാൽ ഇന്നത്തെ കവിതകൾക്ക് അർഥം പറഞ്ഞുകൊടുക്കാൻ ഒരു പി എച് ഡി ക്കാരന്റെ സഹായം വേണ്ടി വരുമെന്നു വന്നാൽ കവിതയ്ക്ക് വന്നിരിക്കുന്ന ദുർഗതി ഓർത്തു നോക്കുക ?  കവിത മനസിലാകാത്തതുകൊണ്ടായിരിക്കാം കവിത എഴുതിയ ആളിലേക്ക് വായനക്കാരുടെ ശ്രദ്ധ പോയത് . 
എന്തായാലും  മലയാള കവിതയുടെ ഉടുതുണി പറിച്ചെറിഞ്ഞ ആധൂനികരെ ജനങ്ങൾ ഓർക്കാതെ പോകുന്നതിൽ അത്ഭുതമില്ല

ഡോ.ശശിധരൻ 2018-03-15 17:23:12

‘വയലാറിന്റെ സംസ്കാരത്തിന്റെ നാളങ്ങൾ’ എന്ന കവിതയിൽ നിന്നും എടുത്തെഴുതിയ കവിതാ ശകലത്തേക്കാൾ അതിമനോഹരമായി ,അതിലളിതമായി ജീവിതത്തിന്റെ   കയ്പ്പും മധുരവും ഇഴപിരിഞ്ഞുള്ള പച്ചയായജീവിത യാഥാർഥ്യങ്ങളെ  ശ്രീമതി സീന ശ്രീവത്സൻ  താളാത്മകമായി ഇവിടെ എഴുതിയിരിക്കുന്നത്അത് മനസ്സലിക്കാൻ പി എച് ഡി വേണമെന്നില്ല .കവിത വായിച്ചു മനസിലാക്കാനുള്ള നല്ലൊരു മനസ്സ് മതി .(ഡോ.ശശിധരൻ

വിദ്യാധരൻ 2018-03-15 23:19:03
പോസിറ്റീവ് കമ്പിയും നെഗറ്റീവ് കമ്പിയും ഇണക്കി ഭംഗിയുള്ള ബൾബിൽ ഘടിപ്പിച്ചാൽ അത് പ്രകാശിക്കണം  എന്നില്ല . അതിലേക്ക് വൈദ്യുതി കടത്തി വിടണം പ്രകാശിക്കുവാൻ .  ശബ്ദവും അർത്ഥവും കവിതയുടെ ഉപകരണങ്ങൾ മാത്രമാണ്. സീന ശ്രീവത്സന്റെ കവിതയ്ക്ക് ജീവിത യാഥാർഥ്യങ്ങളുടെ ഭാവത്തെ ഒപ്പി എടുക്കാൻ കഴിയുന്നില്ല (ആധുനിക കവിതയുടെ ശാപം ) . എന്നാൽ 
"ചോരച്ചുവയ്ക്കും ഞങ്ങടെ നാട്ടിലെ
നീരാവിക്കും മണലിനും
കറുകക്കൂമ്പിൽ മഞ്ഞണിമുത്തിലും -
മൊരുതുള്ളിച്ചുടുനിണമില്ലേ
ഇവിടെകായിലിലൊഴുകി പോകും
കവിതയ്ക്കുണ്ടൊരു കഥ പറയാൻ
വെടിയേറ്റന്നു തുളഞ്ഞമരങ്ങൾ -
ക്കിടിവെട്ടുന്നൊരു കഴിവില്ലേ ? "    
 നീരാവിയായി, മഞ്ഞണി മുത്തിലും, കറുക കൂമ്പിലും തട്ടി മണലിലൂടെ ഒലിച്ചിറങ്ങി കായലിലൊഴികി പോകുന്ന  നിണത്തിൽ നിന്നാണ് കവി കവിതയ്ക്ക് ജീവൻ നൽകുന്നത് .  അത് വായിക്കുന്ന വായനക്കാർക്ക്  വയലാർ വിപ്ലവത്തിന്റെ ക്രൂരതയുടെ ചിത്രം ലഭിക്കുന്നു. തീവൃമായ വികാര വായ്പോടെ അതിനെ നെഞ്ചിലേറ്റുന്നു.  എന്നാൽ സീന ശ്രീവത്സന്റെ കവിതയ്ക്ക് നീരാവിയായി മാറാനോ ഘനീഭവിക്കാനോ കഴിയാതെ പോകുന്നു. ഇതിന് ഞാൻ അവരെ കുറ്റപ്പെടുത്തുകയല്ല  ഇവിടെ  'ഒരു വാനയക്കാരൻ 'പറഞ്ഞതുപോലെ കവിതക്ക് വന്നിരിക്കുന്ന ശാപമാണ്.  (ഓരോ അവന്മാര് പുതിയ ദിശ ഉണ്ടാക്കാൻ പോയപ്പോൾ മലയാള കവിതയ്ക്ക് സംഭവിച്ച വീഴ്ചയാണ് . ഇപ്പോൾ 'കാട്ടികൊട് കൂട്ടികൊട് മണ്ടികൊട്' എന്നു പറഞ്ഞതുപോലെയാണ് .  ഒരാൾക്ക് വല്ല സമ്മേളനത്തിന് വിളികിട്ടിയാൽ പോകും മറ്റെയാൾ സീരിയലിൽ അഭിനയിക്കുന്നു ).   കവിതയിൽ ആശയമുണ്ടെങ്കിലും  അതിന് അടിച്ചമർത്തപ്പെട്ടവരുടെ വികാരത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല . അതുപോലെ  വായനക്കാരനുമായി സംവദിക്കുന്നുമില്ല. 
"രണ്ടു സ്വരങ്ങൾ ചേർന്നാൽ മൂന്നാമതൊരു സ്വരമല്ല . ഒരു നക്ഷത്രമാണ് ഉദയം ചെയ്യുന്നതെന്ന് ബ്രൗണിങ്ങിന്റെ ഗായകൻ പറയുന്നു . എന്നാൽ മഹാ പണ്ഡിതന്മാർ ഇത് പലപ്പോഴും വിസ്മരിച്ചു കളയുന്നു  കവിതയിൽ വാഗർത്ഥങ്ങൾ സംയോജിക്കുമ്പോൾ വാക്കും അർത്ഥവും മാത്രമല്ല, അനിർവ്വാച്യമായ മൂന്നാമതൊന്ന് (രസം, ആനന്ദം, അലൗകികാനന്ദം , എന്നൊക്കെ വ്യവഹരിക്കപ്പെട്ടിട്ടുള്ള എന്തോ ഒന്ന്,) ഉളവാകുന്നുണ്ടെന്നും അതിന്റെ മാനദണ്ഡം സഹൃദയന്റെ അനുഭൂതിയാണെന്നും അതില്ലാത്ത കൃതി മറ്റെന്തൊക്കെ ഉണ്ടായിരുന്നാലും കവിതയാകുന്നില്ലെന്നും വിസ്മരിക്കാതിരുന്നാൽ, നിരൂപണലോകത്തിലുള്ള പല ദുർവാദങ്ങളും ആശയകുഴപ്പങ്ങളും നിവാരണം ചെയാം " (വാഗർത്ഥാവിവ സംപൃക്തൗ - സാഹിത്യ വിചാരം എം.പി. പോൾ )    
ഡോ.ശശിധരൻ 2018-03-15 23:53:16

സയൻസിന്റെ അടിസ്ഥാന തത്വം പോലും അറിയാത്ത ആളുകളോട്  എന്ത് സംവാദം . ഒരു നിലക്കും നിങ്ങളുടെ യഥാർത്ഥ പേര് ആരും അറിയാതിരിക്കട്ടെ !

(ഡോ.ശശിധരൻ )

വിദ്യാധരൻ 2018-03-16 09:17:11
പേരിലെന്തിരിക്കുന്നു. ഇവിടെ പേരല്ലല്ലോ വിഷയം? പേരുകളിൽകൂടി വസ്തുരൂപങ്ങൾ ഭാവനയിൽ പതിയുന്നു തുടർന്ന് ചില വസ്തുക്കളോട് രാഗദ്വേഷാഭാവങ്ങൾ പൊന്തുന്നു . രാഗദ്വേഷഫലമായി ഒന്നിനുപുറകെ ഒന്നായി ആയിരമായിരം സങ്കൽപ്പങ്ങൾ ആവിർഭവിക്കുന്നു നന്മതിന്മഭാവങ്ങളും ശത്രുമിത്രഭാവങ്ങളും ധർമാധർമഭാവങ്ങളും എല്ലാം ഇങ്ങനെയാണ് രൂപം കൊള്ളുന്നത് . ഇത്തരം സങ്കല്പങ്ങൾ കാമക്രോധഭയാദി നിരവധി വികാരങ്ങൾക്കും രൂപം കൊടുക്കുന്നു 

പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം;
ഓരായ്കിൽ നേരിതു കിനാവുണരും വരെയ്ക്കും
നേരാ, മുണർന്നളവുണർന്നവനാമശേഷം.       

നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കിൽ
വേറല്ല വിശ്വമറിവാം മരുവിൽ പ്രവാഹം;
കാര്യത്തിൽ നില്പതിഹ കാരണസത്തയെന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ. (അദ്വൈതദീപിക -ശ്രീനാരായണഗുരു )
ഡോ.ശശിധരൻ 2018-03-16 15:49:57

ശബ്ദവും അർത്ഥവും കവിതയുടെ ഉപകരണങ്ങളല്ല.

വിദ്യാധരൻ ആദ്യമായി  തന്നെ കരണവും ഉപകരണവും തമ്മിലുള്ള  വ്യത്യാസം നല്ലപോലെ മനസ്സിലാക്കേണ്ടതുണ്ട്എന്തുകൊണ്ടാണോ നമ്മൾ കർമ്മം ചെയ്യുന്നത് അതിനെയാണ് കരണം എന്ന്  വിളിക്കുന്നത് .ക്രിയതേ അനേന ഇതി കരണം എന്ന് സംകൃതത്തിൽ പറയും .കരണങ്ങളെ രണ്ടായി തരംതിരിക്കാം .അന്തഃകരണങ്ങൾ എന്നും ,ബാഹ്യ കരണങ്ങൾ എന്നും .മനുഷ്യന്റെ  ഏതു കർമ്മങ്ങളാണോ പുറമെ നിന്നും കാണാൻ കഴിയാത്തതു അതിന് അന്തഃകരണങ്ങൾ എന്ന് വിളിക്കുന്നു .മനസ്സ്, ബുദ്ധി ,ചിത്തം,അഹങ്കാരം( ഞാൻ ) ഇതാണ് അന്തഃകരണങ്ങൾ.ബാഹ്യകരണങ്ങൾ അഞ്ചു ജ്ഞാനേദ്രിയങ്ങളും( കണ്ണ് ,മൂക്ക് ,നാക്ക് ,ത്വക്ക് ചെവി )അഞ്ചു കർമ്മേന്ദ്രിയങ്ങളും (വാക്ക് ,പാണി,പാദം പായു  ഉപസ്ഥം).ഇതിൽ ശബ്ദവും (അർത്ഥവും),ബാഹ്യകരണങ്ങളിൽ ഉൾപ്പെടുന്നു .കരണങ്ങളെ സഹായിക്കുന്നതാണ് ഉപകരണം .കമ്പ്യൂട്ടർ ,പേന, ഫോൺ തുടങ്ങിയവ .കൂടുതൽ വിവരണം എല്ലാത്തിനും ആവശ്യമാണ്.ഭാവതലത്തിലും ,അർത്ഥതലത്തിലും ,ശബ്‌ദതലത്തിലും ,സാംസ്‌കാരിക തലത്തിലും ( സാഹിത്യ സിദ്ധാന്തം )ശ്രീമതി സീനയുടെ കവിത അങ്ങേയറ്റത്തെ  നിലവാരം പുലർത്തുന്നുണ്ട് .ഭാവതലം പരിശോധിക്കാം .നുകം കെട്ടുന്ന കാളകള്‍ക്ക് വലിപ്പച്ചെറുപ്പങ്ങളില്ല; അതിസുന്ദരമായ ഭാവങ്ങൾ വായനക്കാരന് പ്രധാനം ചെയ്യുന്നത് ശ്രദ്ധിക്കു .പ്രായം പ്രശനമല്ല ,കുട്ടികളെയും,രോഗിയെയും,അംഗ വൈകല്യമുള്ളവരെയും,വയസ്സന്മാരെയും ,ഗർഭിണികളെയും ,പണത്തിനുവേണ്ടി അധികാരിവർഗ്ഗം ചുഷണം ചെയ്യുന്നു.അപ്രകാരം തലച്ചോറിനുള്ളിൽ ന്യൂറോൺ എന്ന ബൾബിന്റെ പ്രകാശമനുസരിച്ചു ഭാവങ്ങൾ ചരിക്കുന്നതായി കാണാം.പിന്നെ സാഹിത്യമെന്നത് ഭാവാർത്തങ്ങൾ കൂടിച്ചേരുന്നതാണ് .ഭാവാർത്തങ്ങൾ എവിടെനിന്ന്‌ണ്ടാകുന്നു .ജീവിതത്തിൽ നിന്നും..അതുകൊണ്ടു ജീവിതമാണ് സാഹിത്യം .ബൾബിലെ പ്രകാശം ഇന്നല്ലെങ്കിൽ നാളെ കെടുകയോ,മിന്നുകയോ ചെയ്യാം .എന്നാൽ സാഹിത്യത്തിന്റെ പ്രകാശം ഒരിക്കലും മങ്ങാത്ത പ്രകാശമാണ് ,കെടാത്ത പ്രകാശമാണ് .

(ഡോ.ശശിധരൻ)

ഡോ.ശശിധരൻ 2018-03-16 17:10:05

ബഹുമാന്യനായ ഒരുവ്യക്തിക്ക് ഒരിക്കലും കള്ളനായി അഭിനയിക്കേണ്ട കാര്യമില്ല .എന്നാൽ കള്ളന്മാരാണ് ബഹുമാന്യന്മാരായ വ്യക്തികളെ അനുകരിക്കുന്നത് .നല്ല ഡോക്ടറുണ്ടെങ്കിൽ വ്യാജ ഡോക്ടറുണ്ട്.നല്ല നാണയമുള്ളതുകൊണ്ടാണ് കള്ളനാണയ മുണ്ടാകുന്നത് .ഒരു ശ്രീനാരായണ ഗുരുവിനെയും കൂട്ടുപിടിക്കേണ്ട.അധർമ്മത്തിന്‌ കൂട്ട് നിൽക്കാൻ ആരെയും ചൂണ്ടികാണിക്കരുത് .സ്വയം വിലയിരുത്തേണ്ടതാണ് ,താൻ ചെയ്യുന്നത് ശരിയാണോയെന്ന് .ഒളിഞ്ഞിരുന്നു സാമൂഹ്യ പ്രവർത്തനം ചെയ്യേണ്ടവരല്ല നമ്മൾ.അതുകൊണ്ടു വേദങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് ആരുടെ അഭിപ്രായത്തിനു വിലകല്പിക്കണമെന്നു .

മാത്രുമാൻ(അമ്മയുള്ളവൻ),

പിതൃമാൻ(അച്ഛനുള്ളവൻ)

ആചാര്യവാൻ(ഗുരു ഉള്ളവൻ ആചാര്യനുള്ളവൻ )

ബ്രൂയാത്‌ ( അഭിപ്രായം പറയെട്ടെ )

പേര് മുകളിൽ പറഞ്ഞവരുടെ ഏറ്റുവം അഴകാർന്ന ഗുണങ്ങളിൽ 

ഒന്നാണ് .ഒന്നിൽ നിന്നും മറ്റൊന്നിനു വേർതിരിക്കാനാണ് പേര് .പേരും വ്യക്തിയും തമ്മിൽ നല്ല ബന്ധമുണ്ട്.പേര് നമ്മുടെ മനസ്സിൽ നാം വിചാരിച്ച ആളിന്റെ രൂപം കൊണ്ടുവരുന്നു. റോസാ പുഷ്പം എന്ന് പറയുമ്പോൾ പുഷ്പത്തിന്റെ രൂപം മനസ്സിൽ തെളിയുന്നു .അത്  അഭിപ്രായം പറയുന്ന ആളിനോടെ കൂടുതൽ അടുപ്പിക്കുന്നു.

(ഡോ.ശശിധരൻ)

അയ്യപ്പ ബൈജു 2018-03-16 17:39:11
സോറി എഡിറ്റര്‍ സാര്‍ 
ഐ മീന്‍  കരണം = അടി മേടിക്കാന്‍ പറ്റിയ പരന്ന ഭാഗം 
അന്തി പുലരി അടിച്ചാല്‍ ഇങ്ങനെ ഒക്കെ പറ്റും.
please note the point and correct 
sorry.
അയ്യപ്പ ബൈജു 2018-03-16 17:20:37
കാരണം = അടി മേടിക്കാന്‍ പരുവത്തിന്  മുഗതിന്‍ രണ്ടു വശത്തും പരത്തി വച്ചിരിക്കുന്ന ഭാഗം  
ചന്ദ്രൻ അടിയോടി 2018-03-16 21:48:43
അയ്യപ്പ ബൈജു ഒത്തിരി അടികൊണ്ടിട്ടുള്ള ആളായതു കൊണ്ടൊരു ചോദ്യം .  കരണം മുഖത്തിന്റെ രണ്ടു ഭാഗത്തുമുള്ള പരന്ന ഭാഗമാണെങ്കിൽ, ഈ ഉപ-കരണം എന്നു പറയുന്നതാണോ കരണക്കുറ്റി, ചെവിക്കല്ല്, ചെവിക്കുറ്റി എന്നൊക്ക പറയുന്നത് ? അടിവരുമ്പോൾ വേദങ്ങൾ തുറന്നു നോക്കാൻ പറ്റില്ലല്ലോ? അതുകൊണ്ട് അങ്ങയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് പറഞ്ഞു തരണം 
വിദ്യാധരൻ 2018-03-17 00:21:32
കാണും കണ്ണിലടങ്ങി -
കാണുന്നില്ലി നിരന്തരം സകലം
ക്വാണം ചെവിയിലടങ്ങു -
ന്നോണം ത്വക്കിൽ തുലഞ്ഞുമറ്റതുപോം  (സ്വാനുഭവഗീതി)
രൂപം മാത്രം കാണാൻ കഴിവുള്ള കണ്ണിൽ സദാ എല്ലാം അനുഭവവിഷയമായിത്തീരുന്നില്ല. ചെവിയിൽ ശബ്ദം മാത്രമേ അനുഭവപ്പെടുന്നുള്ളു എന്നതുപോലെ തൊലിയിൽ സ്പർശം മാത്രം അനുഭവിച്ചുതീരും .
ഇന്ദ്രീയങ്ങൾ ബോധത്തിന്റെ ജഡോപകരണങ്ങൾ മാത്രമാണ്. ഒരു ഇന്ദ്രിയത്തിന് ഒരു വിഷയമല്ലാതെ ഗ്രഹിക്കാൻ പറ്റുന്നില്ല. ആ ഇന്ദ്രിയമില്ലെങ്കിൽ ആ വിഷയവും അതോടെ ഇല്ലാതാകും. കണ്ണിനു രൂപം മാത്രമേ ഗ്രഹിക്കാൻ പറ്റു അതുപോലെ ചെവിക്ക് ശബ്ദവും ത്വക്കിന് സ്പർശവും മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളു . ഉപകരണങ്ങൾ ഇല്ലാതായാൽ വിഷയങ്ങളും ഇല്ലാതാകുന്നതുകൊണ്ട് വിഷയങ്ങൾ ഏതോ ശുദ്ധവസ്തുവിൽ ഉപകരണളുണ്ടാക്കുന്ന കാഴ്ചകൾ മാത്തമാണെന്ന് തെളിയുന്നു. പച്ച നിറമുള്ള ഒരു കണ്ണാടിയിൽ കൂടി പുറത്തേക്കു നോക്കിയാൽ പ്രപഞ്ചമാകെ പച്ച നിറമുള്ളതായി കാണപ്പെടും . ആ പച്ച നിറം ഉപകരണം താൽക്കാലത്തേക്കുണ്ടാക്കുന്ന വെറും കാഴ്ച മാത്രമാണ് . ഇങ്ങനെ പരിശോധിച്ചാൽ
രൂപസ്പർശാദിവിഷയാനുഭവങ്ങൾ ഏതോ ശുദ്ധവസ്തുവിൽ കണ്ണ് തൊലി മുതലായ ഉപകരണങ്ങൾ ഉണ്ടാക്കി തീർക്കുന്ന താൽക്കാലിക അനുഭവങ്ങൾ മാത്തമാണെന്ന് കാണാൻ കഴിയും .  
 ഇന്ദ്രീയങ്ങൾ ബോധത്തിന്റെ ജഡോപകരണങ്ങൾ പോലെ, ശബ്ദവും അർത്ഥവും കവിതയുടെ ഉപകരണങ്ങൾ മാത്രമാണ്. അതിലേക്ക് ഭാവത്തെ സന്നിവേശിപ്പിക്കേണ്ടത് കവിയുടെ കടമയാണ് 
പരമകാരണത്തെ അറിയാതെ ഒരു വസ്തുവിന്റെ സത്യം വെളിപ്പെടുന്നതല്ല അപ്പോൾ ഇന്നത്തെ അറിവുകൾ മുഴുവൻ കാഴ്ചകൾക്ക് തൽക്കാലം നൽകിയിട്ടുള്ള പേരുകളെ മാത്രം ആശ്രയിച്ചുള്ളവയാണെന്ന് സിദ്ധം . പരമായ സാത്യം അറിയാത്ത ഒരാളെ കള്ളൻ ബഹുമാന്യൻ എന്നൊക്കെ വിളിക്കുന്നത് അറിവുകേടാണ്
അവസരരഹിതവാണി
ഗുണഗണസഹിതാ ന ശോഭതേ പുംസാം
(അവസരത്തിനു ചേരാത്ത വാക്ക് ഗുണഗണങ്ങൾ ചേർന്നതായാലും ശോഭിക്കുന്നില്ല

അയ്യപ്പ ബൈജു 2018-03-17 06:51:50
അടി ഓടിക്ക് മോനേ ചന്ദ്ര നീ ഒരു കൊച്ചു മിടുക്കന്‍ തന്നെ, കൊള്ളാം! നീ എന്‍റെ അടുത്ത് ഉണ്ടായിരുന്നു എങ്കില്‍ ഇതൊക്കെ കാണിച്ചു തരാന്‍ എളുപ്പം ആയിരുന്നു. രാവിലെ ഇറങ്ങി രണ്ടു എണ്ണം മേടിച്ചാല്‍ ചോദ്യങ്ങള്‍ ഒക്കെ മറുപടി പ്രാടിക്കല്‍ ആയി കിട്ടും, ഓടല്ലേ നിന്ന് കൊള്ളണം. ഉപകരണം = നല്ല അടി കിട്ടിയാല്‍ കരണതിന്‍ അടിയില്‍ തക്കാളി പോലെ മുഴച്ചു വരും അതാണ് ഉപ -കരണം നല്ല അടി കിട്ടിയാല്‍ പഴയ കതകു പോലെ വട്ടത്തില്‍ കറങ്ങും അതാണ് കരണ കുറ്റി അടി കിട്ടുമ്പോള്‍ ചെവിയില്‍ കല്ല്‌ അടിച്ചു കേറ്റിയത് പോലെയുള്ള തോന്നല്‍ = ചെവിക്കല്ല് അടി കിട്ടുമ്പോള്‍ മരച്ചു കുറ്റി പോലെ നില്കും അതാണ് ചെവികുറ്റി അടി വരുമ്പോള്‍ ഓടിയാല്‍ ഇതൊന്നും മനസില്‍ ആകില്ല. അതിനാല്‍ മോന്‍ ഓടാതെ നിന്ന് കൊള്ളണം, മോന്‍ ഇങ്ങു അടുത്ത് വാ, ഇ വിദ്യ ഒക്കെ കാണിച്ചു തറ.
വായനക്കാരൻ 2018-03-17 10:42:29
വാക്കുകൾക്കും ശബ്ദങ്ങൾക്കും വായനക്കാരിൽ വൈകാരിക ചലനങ്ങൾ സൃഷിടിക്കാൻ കഴിയുന്നില്ല എങ്കിൽ അത് വെറും ഉപകരണങ്ങളായി നിലകൊള്ളും .  ആശയങ്ങളുണ്ടെങ്കിലും ഈ കവിതയ്ക്ക് വായനക്കാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല . എന്നാൽ വയലാർ കവിതയ്ക്ക് അതു കഴിയുന്നു . വിദ്യാധരന്റെ വാദത്തോട് യോജിക്കുന്നു . ഡോക്ർ . ശശിധരൻ വീണടത്ത് കിടന്ന് ഉരുളുകയാണ് .  എല്ലാ അലവലാതി ആധുനിക കവിതകളിലും സൗന്ദര്യം കണ്ടെത്തലാണ് ഇദ്ദേഹത്തിന്റെ പണി .  മറ്റു വായനക്കാരൊക്കെ വെറും മണ്ടന്മാരും.

വിദ്യാധരൻ 2018-03-17 09:20:57
"പരമായ സാത്യം അറിയാത്ത ഒരാളെ കള്ളൻ ബഹുമാന്യൻ എന്നൊക്കെ വിളിക്കുന്നത് അറിവുകേടാണ്" എന്നത് 

"പരമായ സാത്യം അറിയാതെ  ഒരാളെ കള്ളൻ ബഹുമാന്യൻ എന്നൊക്കെ വിളിക്കുന്നത് അറിവുകേടാണ്"  എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു 
ഒരു കവയിത്രിയുടെ രോദനം 2018-03-17 11:06:21
എന്തിനെന്നെ ഇടിക്കുന്നിങ്ങനെ 
മണിയടിക്കും മുട്ടാടുകളെപ്പോലെ 
നിങ്ങൾ ഇരുവശത്തു നിന്നും നിപുണരേ 
കവിത എഴുതാനുള്ള മോഹം നിലച്ചു 
എഴുത്തിന്റെ കൂമ്പുവാടിപ്പോയി
പോവുകയാണുഞാൻ തീർത്ഥാടനത്തിന്
നിങ്ങളാരും വന്ന് ശല്യംചെയ്യാത്ത 
ഹിമാലയൂത്തുംഗശ്രംഗങ്ങളിൽ 

ഡോ.ശശിധരൻ 2018-03-17 11:25:36

പരമമായ സത്യം ജീവിതത്തിൽ എല്ലാവരും അറിയണമെന്നില്ല വിദ്യാധര .

മാത്രമല്ല സത്യം എപ്പോഴും പറയാനുള്ളതല്ല .അധർമ്മം ചെയ്യന്നുവരാണ്  അധമന്മാർ ,കള്ളന്മാർ .ധർമ്മം ചെയ്യന്നുവർ (ധർമ്മം ചര)ബഹുമാന്യന്മാർ .

സദാ സത്യം ബ്രൂയാത്‌ ( സത്യം എപ്പോഴും പറയുക  -സത്യം വദ)

നബ്രൂയാത്‌ സത്യമപ്രിയം.( ഒരിക്കലും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്ന അപ്രിയമായ സത്യം പറയരുതേ !)

ധര്മ്മാധർമ്മങ്ങൾ നിച്ഛയിക്കുക എളുപ്പമല്ല .പേര് വെച്ച് എഴുതാത്തത് ചിലർക്ക് ധർമ്മം ,എന്നാൽ ചിലർക്കത് അധർമ്മം .താങ്കൾ നല്ല അറിവുള്ള ആളാണെന്നു നല്ല ബോധ്യമുള്ളതു കൊണ്ടും ,നന്നായി താങ്കൾ ആരെന്നെന്നു അറിയുന്നതുകൊണ്ടും തത്കാലം സംവാദം ഇവിടെ വിരാമമിടുന്നു .നല്ല കവിത സമ്മാനിച്ച ശ്രീമതി സീനക്കും ,സംവാദത്തിൽ നല്ല അഭിപ്രായം രേഖപ്പെടുത്തിയ വിദ്യാധരനും കൃതജ്ഞത.

(ഡോ.ശശിധരൻ)

മുട്ടാടുകൾ 2018-03-17 12:01:47
ഇടിക്കട്ടങ്ങനെ ഇടിക്കട്ടേ
മണ്ടത്തരങ്ങൾ ചിന്നട്ടേ
പല പല കള്ളപ്പേരുകളിൽ
കള്ളവോട്ടുകൾ വീഴട്ടേ
ലക്ഷ്മൺ കോടിപൊയ്കയിൽ 2018-03-17 15:37:42
ഡോക്ടർ ശശിധരന് ഒരു പരിധിയിൽ കൂടുതൽ താഴാൻ പറ്റില്ല. കാരണം അദ്ദേഹം സ്വന്തം പേരിലാണ് പ്രതികരിക്കുന്നത്. 

കള്ള പേരിലാണെങ്കിൽ മാത്രമാണ് നിലവാരം വിട്ട് എന്തെങ്കിലുമൊക്കെ എഴുതിവിടാൻ പറ്റൂ.

പേരില്ലെങ്കിൽ ജഡമാണ്! മരിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാം 'ബോഡി അല്ലെങ്കിൽ ശരീരം' മാത്രം.
പ്രതികരണ കോളത്തിൽ പലരും പേരുവെച്ചെഴുതാൻ ഭയക്കുന്നത് കാണുമ്പോൾ, ശരിക്കും തോന്നും... 
ഇവരൊക്കെ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന അവസ്ഥയിലാണോ എന്ന്.... 
Simon 2018-03-17 15:46:03
ഒരു കവിയത്രി കവിതയെഴുതി. പെണ്ണെഴുത്തിനെ അധിക്ഷേപിപ്പിക്കുകയല്ല. ഈ കവിത ഇമലയാളിയിലെ മറ്റൊരു വിവാദ കവിയായ ഒരു പി.എച്ച്.ഡി കവിയുടെ കവിത പോലെയുണ്ട്.   പണ്ഡിറ്റ് ശശിധരൻ ഈ കവിയത്രിയുടെ കവിതയുടെ അർത്ഥം മനസിലാക്കി തരുമെന്ന് ഓർത്തു. അതുണ്ടായില്ല. അദ്ദേഹം കൈമലർത്തി രക്ഷപെട്ടു.

ഇത്രയും വായനക്കാർ പ്രതികരിച്ചിട്ടും മറുപടിയെഴുതുന്നില്ല. "നുകം വെച്ച കാളകൾക്ക് വലിപ്പവും ചെറുപ്പവുമില്ല." എന്താണ് അതിന്റെ അർത്ഥം. കാളകളിൽ ഒന്നിൽ മുടന്തുണ്ടായാലും കുഴപ്പമില്ലെന്നോ? ചാട്ട വീശുന്നവനിൽനിന്നും ഉഴുതവനെയും വിതച്ചവനെയും കൊയ്തവനെയും കുറ്റ വിമുക്തനാക്കിയെന്നു തോന്നുന്നു. ഇവരെയൊക്കെ തീറ്റിപോറ്റുന്ന മണിമന്ദിരത്തിലിരിക്കുന്ന വിതച്ചത് ഭക്ഷിക്കുന്ന മുതലാളിക്കാണ് കുറ്റം. ഇവിടെയെന്താണ് അതിൽ രാഷ്ട്ര തന്ത്രം. എന്താണ് രാഷ്ട്ര തന്ത്രത്തിന്റെ വിത്തുകൾ. 'വിതച്ചവൻ കൊയ്യുന്നില്ലാന്ന്' ബൈബിളിൽ പറഞ്ഞിട്ടുണ്ട്. 

പണ്ഡിറ്റ് ശശിധരനു മാത്രമേ ഈ കവിത മനസിലായി എന്നുള്ളതു വിചിത്രം തന്നെ.   
പ്രഭാകരൻ, ചെറായി 2018-03-17 19:41:00
ലക്ഷ്മൺ കോടിപൊയ്കയിൽ എഴുതിയിരിക്കുന്നതിൽ യാതൊരു ന്യായികരണവും ഇല്ല.  ഡോ. ശശിധരൻ വിദ്യാധരന് കൊടുത്തിരിക്കുന്ന മറുപടി ശ്രദ്ധിക്കുക .   "ഒരിക്കലും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്ന അപ്രിയമായ സത്യം പറയരുതേ!". പേരു വച്ചെഴുതുമ്പോൾ അദ്ദേഹം അനുഭവിക്കുന്ന അസ്വാതന്ത്ര്യം എത്രയുണ്ടെന്ന് ഇവിടെ വ്യക്തമാണ്. ഇത് അമേരിക്കയിലുള്ള പലരുടെയും ഗതികേടാണ്.  പലപ്പോഴും വിഡ്ഡിത്തരങ്ങളും വിവരക്കേടും എഴുതിവിടുന്ന സുഹൃത്തുക്കളോട് ' നിങ്ങൾ എഴുതുന്നതിൽ കഥയില്ല എന്നു പറഞ്ഞാൽ അതോടെ ആ ബന്ധം അവസാനിക്കുകയായി. ഇവിടെ എഴുതാൻ യോഗ്യത ഇല്ലാത്ത പലരും സാഹിത്യകാരന്മാർ കവികൾ എന്നൊക്കെ വിളിച്ചു പറഞ്ഞു നടക്കുന്നതിനു കാരണം ഈ  'അപ്രിയമായ സത്യം' പറയാതിരിക്കുന്നതാണ് . സ്വന്തം പെരുവച്ചെഴുതുമ്പോൾ അത് സാധ്യമല്ല . എന്നാൽ വിദ്യാധരൻ ആരും ആയിക്കൊള്ളട്ടെ അദ്ദേഹം അങ്ങനെ ഒരു അസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്ന് ഇത്രയും നാൾ വായിച്ച അഭിപ്രായങ്ങളും അഭിപ്രായ കവിതകളും വച്ച് നോക്കുമ്പോൾ എനിക്ക് തോന്നിയിട്ടില്ല .  ഇത്തരക്കാരെ ഒന്നു രണ്ടുപേരെ ഇ-മലയാളിയുടെ അഭിപ്രായ കോളത്തിൽ കാണാറുണ്ട് . അവർക്ക് അഭിനന്ദനങ്ങൾ. വിമര്ശിക്കപ്പെടുന്നവർ ഇവർ പറയുന്നതിൽ അൽപ്പമെങ്കിലും സത്യം ഉണ്ടോ എന്ന് കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് നോക്കുകയാണെങ്കിൽ പേരില്ലാതെ എഴുതുന്നവരെ   ക്കുറിച്ച് രോക്ഷം കൊള്ളുന്നതിനു പകരം സ്വയം നന്നാക്കാൻ ശ്രമിക്കാം കുറച്ചെങ്കിലും .   വിദ്യാധരന്റെ ഭാഷ ഒരു ഭീരുവിന്റെ ഭാഷയല്ല നേരെമറിച്ച് മലയാള ഭാഷയുടെ മാനം കാത്തു സൂക്ഷിക്കാൻ നടത്തുന്ന എളിയ ശ്രമം നടത്തുന്ന ഉറച്ച മനോഭാവമുള്ള ഒരാളുടെ ഭാഷയാണ്  

ദയവ് ചെയ്ത് നമ്മൾ അഭിപ്രായം പറയുന്നവർ അപ്രിയമായ സത്യത്തെ തുറന്നു പറയുക . നമ്മുളുടെ മാതൃ ഭാഷയാണ് മലയാളം . അതിനെ കുത്തിക്കീറി നാട്ടിലെ ട്രാൻസ്‌പോർട്ട് ബസിന് തീ വയ്ക്കുമ്പോൾ നോക്കിനില്കുന്നതുപോലെയോ പൊതു സ്വത്തു നശിപ്പിക്കുമ്പോൾ നോക്കി നിന്ന് ആസ്വദിക്കുകയോ ചെയ്യാതെ അതിനെ തടയുകയോ ചെയ്യുമ്പോൾ , വിദ്യാധരനെപ്പോലുള്ളവർ സ്വയം അപ്രത്യക്ഷമാകും.   
നാരദൻ 2018-03-18 09:05:46
പേരില്ലാതെഴുതുന്നവരെല്ലാം ചേർന്ന് ഒരു സംഘടന ഉണ്ടാക്കണം എന്നാണെന്റെ അഭിപ്രായം.
പേരില്ലാത്തോർ അസോസിയേഷൻ ഓഫ് ഇ-മലയാളീ

അഭിമാനം ഇല്ലാത്തവർക്ക് വേറൊരു സംഘടന
അന്തസില്ലാത്തവർക്കു വേറൊരു സംഘടന
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക