Image

അതിരൂപതാ ഭൂമി ഇടപാട്: ആലഞ്ചേരിയെ ചോദ്യം ചെയ്യാന്‍ പോലീസിനും പേടി

Published on 15 March, 2018
അതിരൂപതാ ഭൂമി ഇടപാട്: ആലഞ്ചേരിയെ ചോദ്യം ചെയ്യാന്‍ പോലീസിനും പേടി
സീറോ മലബാര്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ചോദ്യം ചെയ്യാന്‍ പോലീസിനു പേടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ചോദ്യം ചെയ്യാന്‍ ഇതു വരെ പോലീസ് തയ്യാറായിട്ടില്ല. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നു കേസെടുത്ത് മൂന്നുദിവസമായിട്ടും ഒന്നാംപ്രതിയായ കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യാനുള്ള ഒരു നീക്കവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 

കര്‍ദ്ദിനാളിനെതിരേയുള്ള നടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പോലീസിനു ഉന്നതതല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നു നിര്‍ദ്ദേശമെന്നു സൂചനകളുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പിന്തുണയും കര്‍ദ്ദിനാളിനുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍. 

കര്‍ദ്ദിനാളിനെതിരെ കേസെടുക്കാതിരിക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയ ഇടത് സര്‍ക്കാര്‍ തന്നെയാണ് ചോദ്യം ചെയ്യലില്‍ നിന്നും പോലീസിനെ പിന്തിരിപ്പിക്കുന്നതെന്നാണ് ആരോപണം.  കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും സര്‍ക്കാരിനെയും പോലീസിനെയും കോടതി പരിഹസിച്ചത് മന്ത്രിസഭയ്ക്ക് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. 

അതു കൊണ്ട്, കൂടുതല്‍ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാക്കാത്ത വിധം കേസ് കൈകാര്യം ചെയ്യാനാണ് പോലീസിന് നിര്‍ദ്ദേശം കിട്ടിയിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ മിതമായ ഇടപെടല്‍ മതിയെന്നും പരസ്യമായ നിലയില്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ഉണ്ടാവരുതെന്നും നിര്‍ദ്ദേശമുണ്ടത്രേ.

ഹൈക്കോടതി ഉത്തരവിട്ടിട്ടും കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയശേഷമാണ് കേസെടുത്തത്. കേസെടുക്കുന്നത് വൈകിപ്പിച്ച പോലീസ് നടപടിയില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. കോടതി അതൃപ്തി നിലനില്‍ക്കവേയാണ് കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യാന്‍ പോലീസ് നടപടി എടുക്കാത്തത്. 

ഇക്കാര്യത്തില്‍ തലസ്ഥാനം കേന്ദ്രീകരിച്ച് നിരവധി പേര്‍ ശുപാര്‍ശകളും ഉപദേശങ്ങളുമായി കറങ്ങുന്നുണ്ടെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നു. അതേസമയം, കര്‍ദ്ദിനാളിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ചേര്‍ത്തല സ്വദേശിയും സഭാംഗവുമായ ഷൈന്‍ വര്‍ഗ്ഗീസില്‍ നിന്നും നേരത്തെ പോലീസ് മൊഴിയെടുത്തിരുന്നു.

കേസെടുത്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട് കൂടി അറിഞ്ഞശേഷമേ പോലീസ് നടപടി എടുത്താല്‍ മതിയെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇക്കാര്യം കേസെടുത്ത സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സിഐ അനന്തലാലും സമ്മതിക്കുന്നുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് പോലീസ് പറയുന്നത്. 

മാര്‍ച്ച് ആറിനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍, നിയമോപദേശം ലഭിച്ചതിനുശേഷം മാര്‍ച്ച് 12നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്താല്‍ ഉടന്‍ ചോദ്യം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍, കര്‍ദ്ദിനാളിന്റെ കാര്യത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ഈ വ്യവസ്ഥ കാറ്റില്‍ പറത്തുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക