Image

ക്യാപ്റ്റന്റെ നേര്‍പാതി

- മീട്ടു റഹ്മത്ത് കലാം Published on 15 March, 2018
ക്യാപ്റ്റന്റെ നേര്‍പാതി
മലയാളി പ്രേക്ഷകര്‍ ഒരു നായികയെ അത്രവേഗം മനസ്സില്‍ പ്രതിഷ്ഠിക്കുന്നവരല്ല. ഭാഗ്യത്തിന്റെ പേരില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ കിട്ടിയാലും ആ വേഷം അവരുടെ കയ്യില്‍ ഭദ്രമാണെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാത്തവര്‍ നിലനിന്ന ചരിത്രമില്ല. നൃത്തത്തിലൂടെ സിനിമയിലെത്തി വിസ്മയങ്ങള്‍ തീര്‍ത്ത നായികമാര്‍ക്കിടയില്‍ അരപ്പതിറ്റാണ്ടുകൊണ്ട് തന്റേതായ കയ്യൊപ്പ് കോറിയിട്ട അനു സിതാര ,'ക്യാപ്റ്റന്‍' ഉള്‍പ്പെടെയുള്ള തന്റെ പുത്തന്‍ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നു...

ക്യാപ്റ്റനിലൂടെ ഒരു ബയോപിക്കിന്റെ ഭാഗമായപ്പോള്‍?

എന്ന് നിന്റെ മൊയ്തീന്‍ കണ്ടപ്പോള്‍ വിചാരിച്ചിട്ടുണ്ട് കാഞ്ചനമാലയെപ്പോലെ ജീവിച്ചിരിക്കുന്ന ഒരാളായി അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. ആമിര്‍ ഖാന്റെ ദംഗല്‍ കണ്ട് , സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട സിനിമചെയ്യാനും കൊതിച്ചിരുന്നു. ക്യാപ്റ്റനിലൂടെ എന്റെ രണ്ട് ആഗ്രഹങ്ങളും 'ഒരു വെടിക്ക് രണ്ടുപക്ഷി' എന്നുപറയുംപോലെ സാധിച്ചു.

സംവിധായകന്‍ പ്രജേഷ് സെന്‍ വി.പി.സത്യനെക്കുറിച്ച് വര്‍ഷങ്ങളായി പഠനം നടത്തിയ ശേഷം പൂര്‍ത്തിയാക്കിയ തിരക്കഥയാണ് ക്യാപ്റ്റന്റേത്. ഏത് ഘട്ടത്തിലായിരുന്നു അനിതാ സത്യനായി അനു സിതാരയെ കാസ്റ്റ് ചെയ്യുന്നത്?

ഫുക്രിയില്‍ അഭിനയിക്കുമ്പോള്‍ സിദ്ദിഖ് സാറിന്റെ അസോസിയേറ്റ് ആയിരുന്നു പ്രജേഷേട്ടന്‍. ആ സെറ്റില്‍ വെച്ചാണ് ക്യാപ്റ്റനെക്കുറിച്ച് കേള്‍ക്കുന്നത്. ജയേട്ടനാണ് (ജയസൂര്യ) വി.പി.സത്യനായി അഭിനയിക്കുന്നതെന്നും നല്ല സ്‌ക്രിപ്റ്റ് ആണെന്നുമേ പറഞ്ഞിരുന്നുള്ളു. അനിത, ഭാഗ്യം പോലെ എന്നെ തേടിവന്നതാണ്.

അനിതയായി മാറാന്‍ നടത്തിയ മുന്നൊരുക്കങ്ങള്‍?

സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ഏകദേശ ധാരണകിട്ടി. വി.പി.സത്യനെക്കുറിച്ച് ഗൂഗിളില്‍ റെഫര്‍ ചെയ്തശേഷമാണ് അനിതേച്ചിയെ പോയി കണ്ടത്. കുറേ നേരം ചേച്ചിയെ നോക്കി ഇരുന്നിട്ടും എന്ത് മാറ്റമാണ് വേണ്ടതെന്ന് പൂര്‍ണരൂപം ഉണ്ടാകാതെ വന്നപ്പോള്‍ അനിതേച്ചിയോടു തന്നെ ചോദിച്ചു. അവരുടെ പഴയ ഫോട്ടോസൊക്കെ കാണിച്ചുതന്നു. അതില്‍ നോക്കി സാരി ഉടുത്തിരുന്ന രീതിയും മുടിപ്പിന്നുന്നതുമൊക്കെ മനസിലാക്കി. സിനിമയുടെ സെറ്റില്‍ എനിക്ക് നിര്‍ദ്ദേശങ്ങള്‍ തരാന്‍ ചേച്ചി വരുമായിരുന്നു. വരാത്തപ്പോള്‍ ഞാന്‍ വിളിച്ചുവരുത്തും. അതൊക്കെ കഥാപാത്രം ഉള്‍ക്കൊണ്ട് ചെയ്യാന്‍ ഒരുപാട് സഹായിച്ചു.

സിനിമ കണ്ട ശേഷം അനിതയെ വിളിച്ചിരുന്നോ?

ഞാന്‍ വിളിച്ചപ്പോള്‍ ചേച്ചി ഫോണ്‍ എടുത്തിരുന്നില്ല. പിറ്റേന്ന് എന്നെ ഇങ്ങോട്ടു വിളിച്ചു. ' സംസാരിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഇന്നലെ. അതാ ഫോണ്‍ എടുക്കാതിരുന്നത്. സിനിമ നന്നായിട്ടുണ്ട്.' എന്ന് പറഞ്ഞു. ഒരു ഭാര്യ എന്ന നിലയിലുള്ള അവരുടെ മാനസികാവസ്ഥ എനിക്ക് അറിയാം. ജീവിതത്തിലൂടെ കടന്നുപോയ സന്തോഷങ്ങളും സങ്കടങ്ങളും സ്‌ക്രീനില്‍ പുനഃസൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നത് തീര്‍ച്ചയായും പ്രയാസമുള്ള കാര്യമാണ്.

അവര്‍ക്ക് സിനിമ ഇഷ്ടമായി എന്നതിനപ്പുറം ഒരു അംഗീകാരവും ക്യാപ്റ്റനു കിട്ടാനില്ല. വി.പി.സത്യന്‍ എന്തായിരുന്നെന്ന് അത്രത്തോളം അടുത്തുകണ്ട മറ്റൊരാളില്ലല്ലോ?

ജയസൂര്യയുടെ കരിയര്‍ ബെസ്‌ററ് എന്ന് വിലയിരുത്തപ്പെടുന്ന കഥാപാത്രമാണല്ലോ ക്യാപ്റ്റനിലേത്. അദ്ദേഹത്തോടൊപ്പം പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയോ?

ഫുക്രിയില്‍ ഒരുമിച്ചഭിനയിച്ച് പരിചയമുള്ളതുകൊണ്ട് വലിയ പേടി ഉണ്ടായിരുന്നില്ല. വി.പി.സത്യന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരിക്കുന്നത് ആദിയാണ് (അഡൈ്വത് ജയസൂര്യ ). ജയേട്ടന്റെ ഫാമിലിയുമായും നല്ലൊരു ബന്ധം എനിക്കുണ്ട്.

ചില സീരിയസ് സീനില്‍ എനിക്ക് നാടകീയത കയറിവരുമ്പോള്‍ ജയേട്ടന്‍ കറക്ട് ചെയ്ത് തന്നിരുന്നു. സിനിമ എത്രത്തോളം നന്നാക്കാമെന്നാണ് അദ്ദേഹത്തിന്റെ ചിന്ത. അതിന് എല്ലാവരും നന്നാകണമല്ലോ.

ജയേട്ടന് അപാരമായ അര്‍പ്പണബോധമാണ്. കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ പിന്നൊരു രക്ഷയുമില്ല. റിഹേഴ്സലോ റീടേക്കോ ഇല്ലാതെ ചിത്രീകരിച്ച ഒരു സീനില്‍ ഭാര്യയോട് ദേഷ്യപ്പെടുകയും ടിവി എറിഞ്ഞുപൊട്ടിക്കുന്നതുമാണ് സ്‌ക്രിപ്റ്റില്‍ എഴുതിയിരുന്നത്. വി.പി.സത്യന്റെ ആത്മസംഘര്‍ഷങ്ങള്‍ ഉള്‍ക്കൊണ്ട് ജയേട്ടന്‍ എന്നെ പിടിച്ചു തള്ളി. സോറി പറഞ്ഞ നേരത്ത് ഞാനും കഥാപാത്രമായി നിന്നതുകൊണ്ട് വേദന അറിഞ്ഞില്ല. ടേക്ക് ഓക്കെ ആയിക്കഴിഞ്ഞു ചെറിയൊരു അസ്വസ്ഥത തോന്നി. സ്‌ക്രീനില്‍ അതൊക്കെ ഗംഭീരമായി വന്നു.

പ്രതികരണങ്ങള്‍?

എന്റെ മറ്റു സിനിമകള്‍ കണ്ടുകഴിഞ്ഞ് രണ്ടുതരം അഭിപ്രായങ്ങളും മെസ്സേജ് ആയി വന്നിട്ടുണ്ട്. ക്യാപ്റ്റന്‍ പക്ഷെ, എല്ലാവരും ഒരുപോലെ സ്വീകരിച്ചു . മുതിര്‍ന്ന സംവിധായകരടക്കം പലരും ഫോണില്‍ വിളിച്ചും ഫേസ്ബുക്കിലൂടെയും സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു.

അത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. വി.പി.സത്യന്‍ എന്ന കായികതാരത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.

പുതിയ പ്രോജക്ട്‌സ്?

ടോവിനോ നായകനാകുന്ന കുപ്രസിദ്ധ പയ്യന്റെ ഷൂട്ട് നടക്കുന്നു. മമ്മൂക്കയ്ക്കൊപ്പമുള്ള കുട്ടനാടന്‍ ബ്ലോഗും ലാലേട്ടന്റെ കൂടെ ബിലാത്തിക്കഥയുമാണ് അടുത്തതായി ചെയ്യുന്നത്. 
ക്യാപ്റ്റന്റെ നേര്‍പാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക