Image

ബീഹാറില്‍ നിതീഷും എന്‍ഡിഎ വിടാന്‍ കാത്തിരിക്കുന്നു

Published on 16 March, 2018
ബീഹാറില്‍ നിതീഷും എന്‍ഡിഎ വിടാന്‍ കാത്തിരിക്കുന്നു
ന്യൂഡല്‍ഹി: ആന്ധ്രാ വിഷയം ഉയര്‍ത്തി ടിഡിപി പിരിഞ്ഞതിന്‌ പിന്നാലെ അവിശ്വാസ നീക്കവും അഭിമുഖീകരിക്കുന്ന ബിജെപിയ്‌ക്ക്‌ അടുത്തതായി നേരിടേണ്ടി വരിക ബീഹാറിലെ നിതീഷില്‍ നിന്നുള്ള ഭീഷണി.

ഉപതെരഞ്ഞെടുപ്പില്‍ ലാലുവിന്റെ ആര്‍ജെഡി വന്‍ വിജയം നേടിയതോടെ നിതീഷിന്റെ മനസിളക്കിയിട്ടുണ്ടെന്നും കര്‍ണാടകാ തെരഞ്ഞെടുപ്പിന്റെ ഫലം കൂടി കാത്തിരിക്കുകയാണ്‌ അദ്ദേഹമെന്നുമാണ്‌ വിവരം.

നിതീഷിന്റെ കൂറുമാറ്റത്തോടെ മന്ദഗതിയിലായിപ്പോയ പ്രതിപക്ഷ ഐക്യനീക്കത്തിന്‌ ടിഡിപി യുടെ എന്‍ഡിഎയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കോടെ കരുത്താര്‍ജ്ജിച്ചേക്കും എന്നാണ്‌ വിലയിരുത്തല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ കനത്തപോരാട്ടമാകും നടക്കുക.

ബിജെപിയുടെ അപ്രതീക്ഷിത പടയോട്ടത്തില്‍ പകച്ചു പോയെങ്കിലും വൈരം മറന്ന കൂട്ടുകെട്ടിലൂടെ എസ്‌പിയും ബിഎസ്‌പിയും നേടിയ വിജയം വലിയ പ്രചോദനമായിരിക്കുകയാണ്‌. ആദ്യ നീക്കത്തില്‍ ഫലപ്രദമാകാതെ പോയ ഇത്തരം ചെറുതും വലുതുമായ കൂട്ടുകെട്ടുകള്‍ക്ക്‌ രൂപം നല്‍കാനും ഒരുമിച്ച്‌ നീങ്ങാനും ഒട്ടേറെ ചെറു പാര്‍ട്ടികളാണ്‌ അണിയറയില്‍ ചര്‍ച്ച നടത്തുന്നത്‌. ബി.എസ്‌.പിയുമായുള്ള സഖ്യം പൊതുതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന്‌ വ്യക്തമാക്കി എസ്‌.പി. നേതാവ്‌ അഖിലേഷ്‌ യാദവാണ്‌ പുതിയതായി ഇത്തരമൊരു നീക്കത്തിന്‌ തുടക്കമിട്ടിരിക്കുന്നത്‌.

ബിഹാറില്‍ ജെ.ഡി.യു. നേതാവ്‌ നിതീഷ്‌ കുമാര്‍ ബി.ജെ.പിയുമായി അപ്രതീക്ഷിത കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ബന്ധം പൂര്‍ണതയിലെത്തിയിട്ടില്ല. ഉപതെരഞ്ഞെടുപ്പിലെ ആര്‍.ജെ.ഡിയുടെ വിജയം നിതീഷിന്റെ മനസിളക്കിയിട്ടുണ്ട്‌. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലത്തെ ആശ്രയിച്ചാകും നിതീഷിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക