Image

തീയേറ്റര്‍ സമരത്തെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ സിനിമ സ്‌തംഭനം: ഷൂട്ടിംഗുകളും നിര്‍ത്തിവെച്ചു

Published on 17 March, 2018
തീയേറ്റര്‍ സമരത്തെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ സിനിമ സ്‌തംഭനം:  ഷൂട്ടിംഗുകളും നിര്‍ത്തിവെച്ചു
തീയേറ്റര്‍ സമരത്തെത്തുടര്‍ന്ന്‌ തമിഴ്‌ സിനിമരംഗം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്‌ റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച്‌ ഒന്നിനു തുടങ്ങിയ സമരം ഇതുവരെ അവസാനിക്കാത്തതിനാല്‍ പുതിയ ചിത്രങ്ങള്‍ റിലീസ്‌ കാത്തു കെട്ടിക്കിടക്കുകയാണ്‌. രജനിയുടെയുള്‍പ്പെടെ വന്‍ ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്‌. സമരത്തിനു മുമ്പ്‌ റിലീസ്‌ ചെയ്‌ത ചിത്രങ്ങളും ചില അന്യഭാഷ സിനിമകളുമാണ്‌ നിലവില്‍ തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്‌.

യു.എഫ്‌.ഒ, ക്യൂബ്‌ പോലുള്ള ഡിജിറ്റല്‍ സര്‍വീസ്‌ പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുന്നതിനെതിരെയായിരുന്നു സമരം. സൗത്ത്‌ ഇന്ത്യന്‍ ഫിലിം ചേംബറാണ്‌ മാര്‍ച്ച്‌ ഒന്നുമുതല്‍ സമരത്തിന്‌ ആഹ്വാനം ചെയ്‌തത്‌. ഓരോ സ്‌ക്രീനിനും ഡിജിറ്റല്‍ സര്‍വ്വീസ്‌ പ്രൊവൈഡര്‍മാര്‍ 22,500 രൂപയാണ്‌ ഈടാക്കുന്നത്‌.

 വിര്‍ച്വല്‍ പ്രിന്റ്‌ ഫീ എന്നറിയപ്പെടുന്ന ഇതില്‍ നിന്ന്‌ ഇളവു നല്‍കുക എന്നതാണ്‌ ഫിലിം ചേംബറിന്റെ പ്രധാന ആവശ്യം. പരസ്യത്തിനും ട്രെയിലറിനും നിശ്ചിത തുക ഈടാക്കുന്നതിനാല്‍ സിനിമ പ്രദര്‍ശന വേളയിലെ പരസ്യ സമയം കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളും നിര്‍മാതാക്കളും വിതരണക്കാരും ഉന്നയിക്കുന്നുണ്ട്‌.

ഇതിന്‍ പ്രകാരം ദക്ഷിണേന്ത്യയിലെ 5000 ത്തോളം തീയേറ്ററുകളിലാണ്‌ സിനിമാറിലീസ്‌ നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ കന്നഡ , മലയാളം സിനിമ ഇന്‍ഡസ്‌ട്രികളില്‍ സൂചനാപണിമുടക്ക്‌ മാത്രമാണ്‌ നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക