Image

നിഷയുടെ വെളിപ്പെടുത്തല്‍: ഷോണ്‍ ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കി

Published on 17 March, 2018
നിഷയുടെ വെളിപ്പെടുത്തല്‍: ഷോണ്‍ ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കി
ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ ഷോണ്‍ ജോര്‍ജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കി. സംഭവം ഇതോടെ, നിയമപരമായ രീതിയില്‍ മുന്നോട്ടു പോകുമെന്ന് ഉറപ്പായി. ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ പുസ്തകം ഇതോടെ പ്രസിദ്ധീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രണ്ടാം എഡിഷനിലേക്കു കടക്കും എന്നുറപ്പായി. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. മലയാളം പതിപ്പ് വൈകാതെ എത്തിയേക്കും. 

ആരോപണം ഉന്നയിച്ച വ്യക്തിയുടെ പേര് പരസ്യപ്പെടുത്തണമെന്ന് നേരത്തെ സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായപ്പെട്ടിരുന്നു. പുസ്തകത്തിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഷോണ്‍ ജോര്‍ജിന്റെ പരാതി.

നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചതെന്നായിരുന്നു പുസ്തകത്തിലെ പരാമര്‍ശം. അതേസമയം, നിഷക്കൊപ്പം ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ വെളിപ്പെടുത്തി. കോട്ടയത്തേക്ക് തീവണ്ടിയിലെ ഒരേ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. ചില സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് പ്രതികരിച്ചിരുന്നു. വിവാദത്തിനില്ല, പക്ഷെ ഇത്തരക്കാര്‍ സമൂഹത്തിലുണ്ടെന്ന് എല്ലാവരും അറിയണമെന്നും നിഷ വ്യക്തമാക്കിയിരുന്നു. കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് പരിചയപ്പെട്ടത്. രാത്രിയാണ് സംഭവം നടക്കുന്നത്. മെലിഞ്ഞ പ്രകൃതമുള്ള യുവാവ് അച്ഛന്റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സംസാരം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാ പിതാവിനെ കാണാന്‍ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാള്‍ അനാവശ്യമായ കാല്‍പാദത്തില്‍ സ്പര്‍ശിച്ചുവെന്നും നിഷ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ശല്യം സഹിക്കാനാവാതെ എഴുന്നേറ്റ് പോകാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. 

എന്നാല്‍ യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. 'നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴുമെന്ന് പറഞ്ഞ് ടിടിആര്‍ കൈമലര്‍ത്തിയെന്നും നിഷ പുസ്തകത്തില്‍ വിവരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക