Image

മെര്‍ക്കലിന്റെ പാരീസ് സന്ദര്‍ശനം തുടങ്ങി

Published on 18 March, 2018
മെര്‍ക്കലിന്റെ പാരീസ് സന്ദര്‍ശനം തുടങ്ങി

പാരീസ്: ജര്‍മനിയുടെ ചാന്‍സലറായി നാലാംതവണയും അധികാരമേറ്റ ആംഗല മെര്‍ക്കലിന്റെ ആദ്യത്തെ വിദേശയാത്ര പാരീസിലേയ്ക്ക്. വെള്ളിയാഴ്ച വെകുന്നേരം പാരീസിലെത്തിയ മെര്‍ക്കല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടക്കാഴ്ച നടത്തി. പ്രസിഡന്റിന്റെ കൊട്ടാരമായ എലിസി പാലസിലാണ് ഇരുവരും കൂടിക്കണ്ടത്. ചാന്‍സലറായി അധികാരമേറ്റ മെര്‍ക്കലിനെ മാക്രോണ്‍ മുക്തകണ്ഠം പുകഴ്ത്തി. യൂറോപ്പിന്റെ ഉരുക്കുവനിതയായി വീണ്ടും അധികാരത്തിലെത്തിയതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര വിഷയങ്ങള്‍, പ്രത്യേകിച്ച് യൂറോപ്പ് യുഎസ് കച്ചവടകരാര്‍, പുടിന്‍ ട്രംപ് അസ്വാരസ്യങ്ങള്‍, യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് എതിരായ അമേരിക്കന്‍ വ്യാപാര ഉപരോധങ്ങള്‍, റഷ്യന്‍ ഇരട്ട ഏജന്റുമായ സെര്‍ജി സ്‌ക്രിപാലിന്റെ മരണം അടങ്ങിയ റഷ്യന്‍ ബ്രിട്ടന്‍ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

നിലവിലെ റഷ്യയുടെ നടപടികള്‍ ഒരു “ഭീകരാന്തരീക്ഷം സൃഷ്ടിക്കുക വഴി യൂറോപ്പിന് ഉറക്കമില്ലാത്ത നാളുകള്‍ ഉണ്ടാക്കുകയാണെന്ന് മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. റഷ്യ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അവര്‍ പ്രത്യാശിക്കുന്നതായി അറിയിച്ചു. ശരിയായ പ്രതികരണങ്ങള്‍ എന്തെല്ലാം ആണെന്ന് ജര്‍മനിയും ഫ്രാന്‍സും ഈ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചചെയ്യും. മെര്‍ക്കലും മാക്രോണും ബ്രിട്ടനൊപ്പം അവരുടെ ഐക്യദാര്‍ഢ്യത്തെ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു.

യൂറോപ്യന്‍ മൗലികസമ്മര്‍ദ്ദം നിലനില്‍ക്കുന്ന ഒരു ജിയോപോളിസി സാഹചര്യത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുവാനും യൂറോയുടെ ശാശ്വത സ്ഥിരതയ്ക്കും ഉത്തേജനം മെച്ചപ്പെടുത്തുന്നതിനും അവര്‍ ലക്ഷ്യമിടുന്നതായും വെളിപ്പെടുത്തി. 

യൂറോപ്പിന്റെ അഭയാര്‍ഥി നയം ഏകോപിപ്പിക്കേണ്ടതുണ്ട്. മെര്‍ക്കല്‍ പ്രഖ്യാപിച്ചതുപോലെ, യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ അഭയാര്‍ഥി നയത്തിലും മറ്റു വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങള്‍ തയാറാക്കാന്‍ പ്രത്യേക ഫ്രഞ്ച് ജര്‍മന്‍ ഉച്ചകോടി അധികം വൈകാതെ നടത്തുവാനും ഇരു നേതാക്കളും ധാരണയിലെത്തി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക