Image

കര്‍ഷക മുന്നേറ്റങ്ങള്‍ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കം: എ.എന്‍. ഷംസീര്‍ എംഎല്‍എ

Published on 18 March, 2018
കര്‍ഷക മുന്നേറ്റങ്ങള്‍ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കം: എ.എന്‍. ഷംസീര്‍ എംഎല്‍എ

കുവൈത്ത് സിറ്റി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ നടക്കുന്ന കര്‍ഷക മുന്നേറ്റങ്ങള്‍ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍. ഷംസീര്‍ എംഎല്‍എ. നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ്, കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ഇഎംഎസ്, എകെജി, ബിഷപ് പൗലോസ് മാര്‍ പൗലോസ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2019 ല്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മത നിരപേക്ഷ കക്ഷികള്‍ രാജ്യത്ത് അധികാരത്തില്‍ വരികയും കോണ്‍ഗ്രസിനു അവരെ പിന്തുണയ്‌ക്കേണ്ടതായും വരും. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ കെട്ടിവച്ച കാശുപോലും കോണ്‍ഗ്രസിനു കിട്ടാതിരുന്നത് അവരെ ജനം കൈയൊഴിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി. രണ്ടു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരിന്റെ തെറ്റായ സാന്പത്തിക നയങ്ങള്‍ കാരണം, ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടായി. 

അതേ സമയം കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനോപകാരപ്രദമായ പദ്ധതികളുമായ് മുന്നോട്ട് പോവുകയാണ്. നവകേരള മിഷന്റെ ഭാഗമായ് നടപ്പാക്കുന്ന പദ്ധതികള്‍ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നൂറു കണക്കിനു പേരാണു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ചു. ഇഎംഎസ്, എകെജി, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവരെ കേന്ദ്രകമ്മിറ്റി അംഗം രജീഷ് സി.നായര്‍ അനുസ്മരിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍ സംസാരിച്ചു. നാട്ടില്‍ വച്ച് മരണപ്പെട്ട ജലീബ് യൂണിറ്റംഗം ബിജുവിന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക അദ്ദേഹത്തിന്റെ മകന്‍ ജീവക്ക് ചടങ്ങില്‍ കൈമാറി. കല കുവൈറ്റ് 40ാം വാര്‍ഷികത്തിന്റെ ലോഗൊ രൂപകല്‍പന ചെയ്ത മനോജ് മൈത്രിക്കുള്ള ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു. 

കല കുവൈറ്റ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിപ്ലവ ഗാനമേളയോട് കൂടിയാണു പരിപാടി ആരംഭിച്ചത്. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി എം.പി.മുസ്ഫര്‍, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരന്‍, അബാസിയ മേഖല സെക്രട്ടറി പ്രിന്‍സ്റ്റണ്‍ ഡിക്രൂസ്, വനിതാവേദി പ്രസിഡന്റ് രമ അജിത്, കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കല കുവൈറ്റ് ട്രഷറര്‍ രമേശ് കണ്ണപുരം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക