Image

ഒറ്റപ്പന്തില്‍ കാര്‍ത്തിക്ക് ഹീറോ, അവസാന പന്തില്‍ സിക്‌സര്‍ പറത്തി ഡികെ ഇന്ത്യക്ക് ത്രിരാഷ്ട്ര കിരീടം സമ്മാനിച്ചു

Published on 18 March, 2018
ഒറ്റപ്പന്തില്‍ കാര്‍ത്തിക്ക് ഹീറോ, അവസാന പന്തില്‍ സിക്‌സര്‍ പറത്തി ഡികെ ഇന്ത്യക്ക് ത്രിരാഷ്ട്ര കിരീടം സമ്മാനിച്ചു
മാജിക്ക് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഡികെ എന്ന ദിനേഷ് കാര്‍ത്തിക് അവസാന പന്തില്‍ സിക്‌സര്‍ നേടി ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് ട്വന്റി 20 കിരീടം സമ്മാനിച്ചു. ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു പന്തില്‍ അഞ്ചു റണ്‍സ്. കിടിലന്‍ സിക്‌സറിലൂടെ ലക്ഷ്യം മറികടന്ന കാര്‍ത്തിക് ഇന്ത്യക്ക് ആവേശജയവും കിരീടവും സമ്മാനിച്ചു. ബംഗ്ലാദേശ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. എട്ടു പന്തില്‍ പുറത്താകാതെ 29 റണ്‍സെടുത്ത കാര്‍ത്തിക്കാണ് ഇന്ത്യയുടെ കൈയില്‍നിന്നും വഴുക്കിയ വിജയം തിരിച്ചുപിടിച്ചത്. മൂന്നു സിക്‌സും രണ്ട് ഫോറും കാര്‍ത്തിക്കിന്റെ ബാറ്റില്‍നിന്നും പറന്നു. 

അരങ്ങേറ്റക്കാരന്‍ വിജയ് ശങ്കറുടെ തുഴച്ചില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ട നേരത്താണ് കാര്‍ത്തിക് അവതരിച്ചത്. കാര്‍ത്തിക് ക്രീസിലെത്തുമ്പോള്‍ രണ്ടോവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 34 റണ്‍സാണ് വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ കാര്‍ത്തിക് വേലിക്കെട്ടിനു മുകളിലൂടെ പറത്തി. റൂബല്‍ ഹുസൈന്റെ രണ്ടാം പന്ത് ഫോര്‍. മൂന്നാം പന്തില്‍ വീണ്ടും സിക്‌സ്. നാലാം പന്തില്‍ റൂബല്‍ ഹുസൈന്റെ സ്ലോ ബോള്‍ കാര്‍ത്തിക്കിനെ കബിളിപ്പിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ രണ്ടു റണ്‍സും റൂബലിന്റെ അവസാന പന്തില്‍ വീണ്ടുമൊരു കിടിലന്‍ സിക്‌സറും കൂടി കാര്‍ത്തിക് പറത്തി. ആകെ ആ ഓവറില്‍ റൂബല്‍ ഹുസൈന്‍ വഴങ്ങിയത് 22 റണ്‍സ്.

ഇതോടെ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. സൗമ്യ സര്‍ക്കാരിന്റെ ആദ്യ പന്ത് വൈഡ്. അടുത്ത പന്ത് വിജയ് ശങ്കര്‍ പതിവുപോലെ ബാറ്റ് വീശിയെങ്കിലും ബോള്‍ മറ്റൊരുവഴിക്കുപോയി. രണ്ടാം പന്തില്‍ വിജയ് സിംഗിള്‍ എടുത്തു. മൂന്നാം പന്തില്‍ വീണ്ടും ഒരു റണ്‍. നാലാം പന്തില്‍ വിജയ് പരിഹാരം ചെയ്തു. ഓഫ് സൈഡില്‍ ഫോര്‍. അഞ്ചാം പന്തില്‍ ഉയര്‍ത്തി അടിച്ച് വിജയ് പുറത്തായതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. എന്നാല്‍ കാര്‍ത്തിക് തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു. അവസാന പന്തില്‍ സിക്‌സര്‍ പറത്തി ഇന്ത്യക്ക് നാടകീയ ജയം സമ്മാനിച്ചു. 

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (56)യുടെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നെടുംതൂണായത്. 42 പന്തില്‍ മൂന്നു സിക്‌സും നാല് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. കെ.എല്‍ രാഹുലും (24) മനീഷ് പാണ്ഡയും (28) ക്യാപ്റ്റനു പിന്തുണ നല്‍കി. വിജയത്തിലേക്ക് അനായാസം നീങ്ങിയ ഇന്ത്യയെ തോല്‍വിയുടെ വക്കിലേക്ക് തള്ളിവിട്ടത് വിജയ് ശങ്കറിന്റെ പരിചയക്കുറവായിരുന്നു. വിജയ് ശങ്കര്‍ 19 പന്തില്‍ 17 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക