Image

അവിശ്വാസം പരിഗണിച്ചില്ല: ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു

Published on 19 March, 2018
 അവിശ്വാസം പരിഗണിച്ചില്ല: ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു

ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാതെ ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു. 

ഇന്ന് രാവിലെ ലോക്‌സഭ ചേര്‍ന്നപ്പോള്‍ അവിശ്വാസപ്രമേയം പരിഗണിക്കണമെന്ന് ടിഡിപി എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യോത്തരവേളയ്ക്കു ശേഷം പ്രമേയം പരിഗണിക്കാമെന്ന് സ്പീക്കര്‍ നിലപാട് സ്വീകരിച്ചു. ഇതേതുടര്‍ന്നു ടിഡിപി അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതോടെ സ്പീക്കര്‍ സഭ 12 മണിവരെ നിര്‍ത്തിവച്ചിരുന്നു. പിന്നീട് സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെയാണ് സഭ ഇന്നത്തേക്കു പിരിഞ്ഞത്.

ലോക്‌സഭയില്‍ ശാന്തമായ അന്തരീക്ഷമുണ്ടെങ്കിലേ നോട്ടീസ് പരിഗണിക്കാനാവുവെന്നു സ്പീക്കര്‍ നിലപാട് സ്വീകരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്.

പ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക