Image

ആരുഷി കൊലക്കേസ്‌: തല്‍വാര്‍ ദമ്പതിമാരെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി സ്വീകരിച്ചു

Published on 19 March, 2018
ആരുഷി കൊലക്കേസ്‌: തല്‍വാര്‍ ദമ്പതിമാരെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി സ്വീകരിച്ചു
ന്യൂദല്‍ഹി: നോയിഡയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആരുഷി തല്‍വാറിനെയും വീട്ടു വേലക്കാരന്‍ ഹേമരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ വെറുതെവിട്ട അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. കൊല്ലപ്പെട്ട വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ ഭാര്യയാണ്‌ ഹര്‍ജി നല്‍കിയത്‌. ഹര്‍ജി പിന്നീട്‌ പരിഗണിക്കും.

ആരുഷിയുടെ മാതാപിതാക്കള്‍ ഡോ. രാജേഷ്‌ തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവരെ അലഹബാദ്‌ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം 12നാണ്‌ കുറ്റവിമുക്തരാക്കിയത്‌. ഇവര്‍ക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സി.ബി.ഐക്ക്‌ സാധിച്ചിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി.

2008 മേയ്‌ 16 നു രാവിലെയാണ്‌ നോയിഡയിലെ വീടിന്റെ കിടപ്പു മുറിയില്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തിയത്‌. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തിയതോടെ ആരുഷി കൊലക്കേസ്‌ രാജ്യ ശദ്ധയകര്‍ഷിച്ച സംഭവമായി മാറിയത്‌. ആരുഷിയെയും ഹേംരാജിനെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന്‌ രാജേഷ്‌ കൊലപ്പെടുത്തിയെന്നും ഇതിന്‌ നൂപുര്‍ കൂട്ടു നിന്നെന്നുമാണു കേസ്‌.

നോയിഡ പൊലീസാണ്‌ ആദ്യം കേസന്വേഷിച്ചത്‌. പിന്നീട്‌ യുപി സര്‍ക്കാര്‍ അന്വേഷണം സിബിഐയ്‌ക്കു കൈമാറുകയായിരുന്നു. നിരവധി വഴിത്തിരിവുകള്‍ കേസില്‍ ഉണ്ടായി. പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ്‌ രക്ഷപ്പെട്ടുവെന്നായിരുന്നു ഉത്തര്‍പ്രദേശ്‌ പോലീന്റെ നിഗമനം. എന്നാല്‍ അടുത്ത ദിവസം ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവാണ്‌ പ്രതിയെന്ന നിലയിലായി പിന്നീട്‌ അന്വേഷണം. ഇതിനിടെ കേസ്‌ സിബിഐയ്‌ക്ക്‌ കൈമാറി. തല്‍വാര്‍ ദമ്പതിമാരുടെ സഹായികളാണ്‌ കൊലപാതകം നടത്തിയതെന്നാണ്‌ ആദ്യ സിബിഐ സംഘം കണ്ടെത്തിയത്‌. പിന്നീട്‌ ദമ്പതിമാര്‍ തന്നെയാണ്‌ കൊലപാതകം നടത്തിയതെന്ന കണ്ടെത്തലില്‍ സിബിഐ എത്തുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക