Image

കരാര്‍ ജീവനക്കാരികള്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നു ഹൈക്കോടതി

Published on 19 March, 2018
കരാര്‍ ജീവനക്കാരികള്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നു ഹൈക്കോടതി

കൊച്ചി: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും പദ്ധതികളിലും ജോലി നോക്കുന്ന കരാര്‍ ജീവനക്കാരികള്‍ക്കു സ്ഥിര നിയമനം ലഭിച്ച ജീവനക്കാരികള്‍ക്കൊപ്പം നിയമാനുസൃതമായ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നു ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലെ (അസാപ്) കരാര്‍ ജീവനക്കാരി രശ്മി തോമസ്, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനിലെ പി.വി. രാഖി എന്നിവരടക്കം നല്‍കിയ ഹര്‍ജികളിലാണു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 

ജോലിയുടെ സ്വഭാവമെന്തായാലും നിയമപ്രകാരമുള്ള അവധിക്കു ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. ഈ സാഹചര്യത്തില്‍ കരാര്‍ ജീവനക്കാരികളുടെ പ്രസവാവധി വെട്ടിക്കുറച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കുകയാണെന്നും വിധിയില്‍ പറയുന്നു. കേരള സര്‍വീസ് ചട്ടപ്രകാരം 180 ദിവസവും പ്രസവാവധി ആനുകൂല്യ നിയമപ്രകാരം 26 ആഴ്ചയും അവധി ലഭിക്കാന്‍ ഇവര്‍ അര്‍ഹരാണ്. ഇതിനു പകരം കരാര്‍ ജീവനക്കാരികള്‍ക്ക് 90 മുതല്‍ 135 ദിവസം വരെ മാത്രം പ്രസവാവധി നല്‍കുന്നത് വിവേചനമാണെന്നു സിംഗിള്‍ ബെഞ്ച് പറഞ്ഞു. 

കേരള സര്‍വീസ് ചട്ട പ്രകാരവും പ്രസവാവധി ആനുകൂല്യ നിയമപ്രകാരവമുള്ള പ്രസവാവധിക്കു കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരികള്‍ക്കാണ് അര്‍ഹതയെന്നു സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കരാര്‍ ജോലിയാണെന്നതിന്റെ പേരില്‍ ജീവനക്കാരികള്‍ക്കിടയില്‍ വിവേചനമുണ്ടാക്കുന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക