Image

മാതാ പിതാ ഗുരു ദൈവം!(കവിത : സദന്‍ തോപ്പില്‍)

സദന്‍ തോപ്പില്‍ Published on 20 March, 2018
മാതാ പിതാ   ഗുരു ദൈവം!(കവിത : സദന്‍ തോപ്പില്‍)
കൈവിട്ട ചിത്തത്തില്‍ നിന്ന്,
സ്വാതന്ത്ര്യത്തിന്റെ ചിതവഴിയിലേക്ക്
കാമവെറിയുടെ തൊടല് പൊട്ടിച്ചിട്ടിറങ്ങിയവനേ...
വിടച്ചിരിയിലൂടൊഴുകുന്ന പേപിടിച്ച
കൊഴുത്ത സ്രവങ്ങളാല്‍
അലഞ്ഞുമദിക്കുമ്പോഴൊരുവേള നീയൊന്നതോര്‍ക്കണം.

അടിവസ്ത്രമുരിഞ്ഞ ഒരമ്മയ്ക്ക്
ഉണ്ണിയായ് പുളഞ്ഞിറങ്ങിയവനെന്ന്!

പല ഞൊറികള്‍ മാറുമ്പോഴും
നിന്റെ ചുഴിഞ്ഞ നോട്ടങ്ങളില്‍
പൊക്കിള്‍ക്കുഴി തുരന്ന ചിന്തകള്‍
പഴയ ഗര്‍ഭാശയമുഖങ്ങളില്‍,
ഉണങ്ങിയടങ്ങിയ മുറിപ്പാടുകളെ
മാന്തിയടര്‍ത്തുന്നുണ്ടെന്ന്!

മാംസം തേടി നീ മാറിടത്തിനിടച്ചാലിലൂടെ
ഊര്‍ന്നിറങ്ങുമ്പോഴും
അമ്മമനസ്സോടെ
ശുഷ്‌ക്കിച്ച രണ്ട് മുലക്കണ്ണുകള്‍
മാറിമാറി നിന്റെ ചുണ്ടിട തിരയുന്നുണ്ടെന്ന്!

കങ്കണമുടച്ച് പൊട്ടിച്ചിതറുന്ന നിന്റെ 
കൊലച്ചിരിക്കു മുന്‍പിലും
മുട്ടുമടക്കുന്നതോരോ നികൃഷ്ടപിതൃജന്മങ്ങളെന്ന്!

സ്ഖലിച്ചടങ്ങുന്ന നിന്റെ ആവേശം
നിരാശയുടെ പടുകുഴിയിലേക്ക് തള്ളിമറിച്ചിട്ട...
കര്‍മ്മബന്ധങ്ങളില്‍ നിന്ന്,
ഇന്ന് പേരുവെട്ടപ്പെടേണ്ടതേതു നാമം?

മാതാ പിതാ  ഗുരു ദൈവം!

എത്ര നീചം!

മാതാ പിതാ   ഗുരു ദൈവം!(കവിത : സദന്‍ തോപ്പില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക